യോഗി അയോദ്ധ്യയിൽ മത്സരിക്കും? സർവ്വേകളിൽ യോഗി മുന്നിൽ; ചലനമുണ്ടാക്കാതെ പ്രിയങ്ക!

0

 

 

 

 

അടുത്ത വർഷം നടക്കുന്ന ഉത്തർപ്രദേശ് നിയമസഭ തെരഞ്ഞെടുപ്പിൽ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് അയോധ്യയിൽ നിന്ന് ജനവിധി തേടാൻ സാധ്യതയെന്ന് അഭ്യൂഹം. അയോധ്യ സിറ്റിങ് എംഎൽഎ വേദ് പ്രകാശ് ഗുപ്തയുടെ പ്രസ്താവനയാണ് അഭ്യൂഹങ്ങൾക്ക് കാരണം. മുഖ്യമന്ത്രിക്ക് വേണ്ടി സീറ്റ് വിട്ടുകൊടുക്കാൻ തയ്യാറാണെന്ന് അദ്ദേഹം മാധ്യമപ്രവർത്തകരോട് പറഞ്ഞു.

”ഇത് അഭിമാനത്തിന്റെ കാര്യമാണ്. മുഖ്യമന്ത്രി അയോധ്യയിൽ നിന്ന് ജനവിധി തേടിയാൽ അത് ഞങ്ങളുടെയെല്ലാം ഭാഗ്യമാകും. ആരാണ് മത്സരിക്കുന്നതെന്ന് പാർട്ടിയാണ് തീരുമാനിക്കുക. അയോധ്യ മുഖ്യമന്ത്രിയുടെ പരിഗണനയിലുണ്ട്”-അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രി മത്സരിക്കുകയാണെങ്കിൽ അദ്ദേഹത്തിന് വേണ്ടി പ്രചാരണത്തിന് മുന്നിലുണ്ടാകുമെന്നും യുപിയിൽ ബിജെപി ഭരണം നിലനിർത്തുമെന്നും അദ്ദേഹം പറഞ്ഞു.

അയോധ്യയിലെ ജനങ്ങൾക്കായി എംഎൽഎ എന്താണ് ചെയ്തതെന്ന് കോൺഗ്രസ് ചോദിച്ചു. സംസ്ഥാനത്തെ ക്രമസമാധാന നിലയുൾപ്പെടെ തകർന്നിരിക്കാമെന്നും ആര് എവിടെ മത്സരിക്കുന്നു എന്നതല്ല പ്രശ്‌നമെന്നും സംസ്ഥാനം നേരിടുന്ന പ്രശ്‌നങ്ങൾക്ക് ഉത്തരം വേണമെന്നും സമാജ് വാദി പാർട്ടി പ്രതികരിച്ചു. അയോധ്യയിൽ രാമക്ഷേത്ര നിർമാണം പുരോഗമിക്കുകയാണ്. രാമക്ഷേത്രവുമായി ബന്ധപ്പെട്ട് നിരവധി വികസന പദ്ധതികളാണ് സംസ്ഥാന സർക്കാറും കേന്ദ്ര സർക്കാറും നടപ്പാക്കുന്നത്.

2022-ലെ ഉത്തര്‍പ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പിന് രാഷ്ട്രീയപാര്‍ട്ടികള്‍ ഒരുങ്ങുന്നതിനിടെ മികച്ച മുഖ്യമന്ത്രി സ്ഥാനാര്‍ഥിയായി ഏറ്റവുമധികം പേര്‍ പിന്തുണയ്ക്കുന്നത് നിലവിലെ മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ. ഉത്തര്‍പ്രദേശിന്റെ ചുമതലയുള്ള ഐഐസിസി ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി ഏറെ പിന്നിലായി. ‘മാട്രിസ് ന്യൂസ് കമ്മ്യൂണിക്കേഷന്‍’ എന്ന സ്വകാര്യ സ്ഥാപനം നടത്തിയ സര്‍വേയിലാണ് പുതിയ വിവരങ്ങള്‍.

മുഖ്യമന്ത്രി സ്ഥാനാര്‍ഥിയായി കൂടുതല്‍ പേര്‍ സര്‍വേയില്‍ പിന്തുണച്ചത് യോഗി ആദിത്യനാഥിനെയാണ്. 43 ശതമാനം ആളുകള്‍ അദ്ദേഹത്തിന് പിന്നിലുണ്ട്. 14 ശതമാനത്തിന്റെ പിന്തുണ മാത്രമേ പ്രിയങ്ക ഗാന്ധിക്ക് നേടാനായുള്ളൂ. ബഹുജന്‍ സമാജ് പാര്‍ട്ടി(ബിഎസ്പി) അധ്യക്ഷ മായാവതിക്ക് 21%, സമാജ്‌വാദി പാര്‍ട്ടി(എസ്പി) അധ്യക്ഷന്‍ അഖിലേഷ് യാദവിന് 20% എന്നിങ്ങനെയാണ് പിന്തുണ. മികച്ച പ്രവര്‍ത്തനം നടത്തിയ മുഖ്യമന്ത്രിമാരിലും യോഗി ആദിത്യനാഥ് സര്‍വേയില്‍ മുന്‍പിലുണ്ട്.

46 ശതമാനം വോട്ടുകള്‍ കിട്ടി. മുന്‍ മുഖ്യമന്ത്രിമാരായ മായാവതിക്കും അഖിലേഷ് യാദവിനും യഥാക്രമം 28%, 22% ആളുകള്‍ ഒപ്പം നിന്നു. കോവിഡ് രണ്ടാംതരംഗം യോഗി ആദിത്യനാഥ് കൈകാര്യം ചെയ്ത രീതിയില്‍ 45 ശതമാനം പേര്‍ അങ്ങേയറ്റം സംതൃപ്തരാണ്. 28 ശതമാനത്തിന് തൃപ്തിയുണ്ട്. ഈ രണ്ടു കണക്കുകളും ചേര്‍ത്തുവച്ചാല്‍ രണ്ടാം തരംഗത്തെ നേരിടുന്നതില്‍ യോഗിസര്‍ക്കാര്‍ വിജയമായിരുന്നുവെന്ന് 73 ശതമാനം ചിന്തിക്കുന്നുവെന്ന് വിലയിരുത്താം.

 

0