രാജ്യം കാത്തിരുന്ന വാക്‌സിനേഷന് നാളെ തുടക്കം

World's largest vaccination starts tomorrow 

0

ലോകത്തിലെ ഏറ്റവും വലിയ വാക്സിനേഷൻ പദ്ധതിക്ക് രാജ്യത്ത് നാളെ തുടക്കമാകും. ആരോഗ്യ പ്രവർത്തകരും കോവിഡ് മുന്നണി പ്രവർത്തകരുമായി മൂന്ന് കോടി പേർക്കാണ് രാജ്യത്ത് ആദ്യം വാക്സിൻ വിതരണം ചെയ്യുന്നത്. കോവിഷീൽഡ്, കോവാക്സിൻ എന്നീ രണ്ട് വാക്സിനുകളാണ് കോവിഡിനെ പ്രതിരോധിക്കുന്നതിനായി ഇന്ത്യയിൽ വിതരണാംഗീകാരം നൽകിയിട്ടുള്ളത്.

ശനിയാഴ്ച രാവിലെ 10.30ന് പ്രധാനമന്ത്രി നരേന്ദ്ര മോദി കോവിഡ് വാക്സിൻ വിതരണത്തിന്റെ ഉദ്ഘാടനം നിർവഹിക്കും. വീഡിയോ കോൺഫറൻസ് വഴി രാജ്യത്തൊട്ടാകെയുള്ള 3,006 വാക്സിനേഷൻ കേന്ദ്രങ്ങളെ പ്രധാനമന്ത്രി അഭിസംബോധന ചെയ്യും.

ആദ്യ ദിനം ഓരോ കേന്ദ്രങ്ങളിലും 100 പേർക്ക് വീതം ആദ്യ ഡോസ് വാക്സിൻ നൽകുമെന്നാണ് സർക്കാർ അറിയിച്ചിട്ടുള്ളത്. സംസ്ഥാനത്ത് 133 കേന്ദ്രങ്ങളിലാണ് വാക്സിനേഷൻ നടക്കുന്നത്. എറണാകുളം ജില്ലയിൽ 12 കേന്ദ്രങ്ങളും തിരുവനന്തപുരം, കോഴിക്കോട് ജില്ലകളിൽ 11 കേന്ദ്രങ്ങൾ വീതവും ഉണ്ടാകും. ബാക്കി ജില്ലകളിൽ ഒമ്പത് കേന്ദ്രങ്ങൾ വീതമാണ് ഉണ്ടാകുക.

സംസ്ഥാനത്തെ കോവിഡ്-19 വാക്സിൻ കുത്തിവയ്പ്പിനുള്ള തയ്യാറെടുപ്പുകൾ പൂർത്തിയായി വരുന്നുവെന്നും സംസ്ഥാനതലത്തിലും ജില്ലാതലത്തിലും ബ്ലോക്ക് തലത്തിലും എല്ലാ ഒരുക്കങ്ങളും നടത്തിയിട്ടുണ്ടെന്നും ആരോഗ്യ മന്ത്രി കെ.കെ.ശൈലജ അറിയിച്ചു. എല്ലാ കേന്ദ്രങ്ങളിലും കോവിഡ് വാക്സിനേഷനായി വിപുലമായ സംവിധാനങ്ങളാണ് സജ്ജമാക്കിയത്.

ഓരോ ആൾക്കും 0.5 എം.എൽ. കോവീഷീൽഡ് വാക്സിനാണ് കുത്തിവയ്പ്പിലൂടെ നൽകുന്നത്. ആദ്യ ഡോസ് എടുത്തു കഴിഞ്ഞാൽ 28 ദിവസം കഴിഞ്ഞാണ് അടുത്ത ഡോസ് നൽകുക. രണ്ടു ഡോസും എടുത്താലേ ഉദ്ദേശിച്ച ഫലം ലഭിക്കൂ. വാക്സിൻ എടുത്തു കഴിഞ്ഞാൽ 30 മിനിറ്റ് നിർബന്ധമായും ഒബ്സർവേഷനിലിരിക്കണം.

World’s largest vaccination starts tomorrow