നടന്‍ ആര്യയുടെ മാനേജര്‍ മുഹമ്മദ് അര്‍മാന്റെ ജാമ്യാപേക്ഷ ചെന്നൈ സെഷന്‍സ് കോടതി തള്ളി

0

 

 

വിവാഹ വാഗ്ദാനം നല്‍കി ജര്‍മ്മന്‍ സ്വദേശിയായ യുവതിയില്‍ നിന്നും 70.5 ലക്ഷം രൂപ വഞ്ചിച്ച കേസില്‍ നടന്‍ ആര്യയുടെ മാനേജര്‍ മുഹമ്മദ് അര്‍മാന്റെ ജാമ്യാപേക്ഷ ചെന്നൈ സെഷന്‍സ് കോടതി തള്ളി. ജര്‍മ്മന്‍ പൗരയായ വിഡ്ജ ഫെബ്രുവരി 13 ന് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ഇ-മെയില്‍ വഴി പരാതി അയച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ കേസില്‍ ആവശ്യമായ നടപടിയെടുക്കാന്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയം തമിഴ്‌നാട് ആഭ്യന്തര സെക്രട്ടറിക്ക് നിര്‍ദേശം നല്‍കി.

വിവാഹ വാഗ്ദാനം നല്‍കി നടന്‍ ആര്യ എന്ന ജംഷാദ് 70 ലക്ഷം രൂപ വഞ്ചിച്ചതായി പരാതിയില്‍ പറയുന്നു. ആര്യ തന്നെ സ്നേഹിക്കുന്നുവെന്നും തന്നെ വിവാഹം കഴിക്കാന്‍ ആഗ്രഹിക്കുന്നുവെന്നും താരം ഉറപ്പ്നല്‍കിയിരുന്നതായി അവര്‍ പരാതിയില്‍ പറയുന്നു.

ഇതിനെയെല്ലാം തെളിയിക്കുന്ന വാട്ട്സാപ്പ് സന്ദേശങ്ങളും , ഫോണ്‍ സംഭാഷണങ്ങളും അവര്‍ പരാതിയോടൊപ്പം സമര്‍പ്പിച്ചു.

തനിക്ക് ചില സാമ്ബത്തിക പ്രശ്‌നങ്ങളുണ്ടെന്നും സഹായം ചെയ്യണമെന്നും ആര്യ അവരോട് പറഞ്ഞു. ആ വാക്കുകള്‍ വിശ്വസിച്ച്‌ അവര്‍ ആര്യയുടെ മാനേജര്‍മാര്‍ക്ക് ( അര്‍മാന്‍ & ഹുസ്സയിനി ) പണം അയച്ചു – വെസ്റ്റേണ്‍ യൂണിയന്‍ , മണി ഗ്രാം, റിയ മണി ട്രാന്‍സ്ഫര്‍ എന്നിവ വഴി കൃത്യമായ ഇടവേളകളില്‍ പണം അയച്ചു . 3 വര്‍ഷത്തിനുള്ളില്‍ ആകെ 70 ലക്ഷം രൂപ അവര്‍ക്ക് അയച്ചതായി പരാതിയില്‍ പറയുന്നു.

“കുടുംബത്തിലെ സാമ്ബത്തിക പ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടി ആര്യയും അമ്മ ജമീലയും എന്നോട് സാമ്ബത്തിക സഹായം ചോദിച്ചു. അവരുടെ കുടുംബത്തില്‍ ഒരാളാകാനും ഭാവി മരുമകളാകാനും അവര്‍ എന്നെ ആഗ്രഹിക്കുന്നതായി അറിയിച്ചു . ഇത് വിശ്വസിച്ചു ഞാന്‍ ആര്യയെ 80 ആയിരം യൂറോ (ഇന്ത്യന്‍ രൂപയില്‍ 70.5 ലക്ഷം രൂപ) അയച്ചു. അവരുടെ തെറ്റായ വാഗ്ദാനത്തില്‍ ഞാന്‍ വിശ്വസിക്കുകയും അവരുടെ വഞ്ചനയ്ക്ക് ഇരയാകുകയും ചെയ്തു. ”

എന്നാല്‍ നടന്‍ ആര്യ സയേഷ എന്ന മറ്റൊരു സ്ത്രീയെ വിവാഹം കഴിച്ചു. ഇത് കേട്ടപ്പോഴാണ് ഞാന്‍ വഞ്ചിക്കപ്പെട്ടുവെന്ന് മനസ്സിലായത്. എന്റെ പണം തിരികെ നല്‍കാന്‍ ഞാന്‍ ആവശ്യപ്പെട്ടപ്പോള്‍, ആര്യ എന്നെയും എന്റെ കുടുംബത്തെയും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി , ആര്യയും , അമ്മ ജമീലയും എന്നെ പലതവണ അധിക്ഷേപിച്ചു. യുദ്ധം കാരണം രാജ്യത്ത് നിന്ന് രാജ്യത്തേക്ക് കുടിയേറുന്ന “ശ്രീലങ്കന്‍ നായ” എന്നാണ് എന്റെ പിതാവിനെ അവര്‍ വിളിച്ചത്.”

“എന്തിനേറെ പറയുന്നു “എങ്ക വീട്ട് മാപ്പിളൈ” ഇല്‍ ആര്യ പങ്കെടുത്തത് നല്ല പ്രതിഫലം ലഭിച്ചതുകൊണ്ട് മാത്രമാണെന്ന് എന്നോട് പറഞ്ഞിരുന്നു. ”
“നടന്‍ ആര്യ, എന്നെ ചതിക്കുകയും പണം തട്ടിയെടുക്കുകയും ചെയ്തു, അദ്ദേഹം മറ്റ് നിരവധി പെണ്‍കുട്ടികളെ വഞ്ചിക്കുകയും അവരെ ചൂഷണം ചെയ്തുവെന്നും എനിക്കറിയാം. ആര്യയുടെ അമ്മ ജമീല ഉള്‍പ്പെടെ ഈ നാലുപേര്‍ക്കെതിരെ കോടതി നിയമനടപടി സ്വീകരിക്കണം. എനിക്ക് നീതി വേണം ” വിദ്ജ പറഞ്ഞു.

പരാതിയുമായി ബന്ധപ്പെട്ട് ആര്യയുടെ മാനേജര്‍ മുഹമ്മദ് അര്‍മാന്‍ ചെന്നൈ സെഷന്‍സ് കോടതിയില്‍ മുന്‍‌കൂര്‍ ജാമ്യാപേക്ഷ നല്‍കിയിരുന്നു. കഴിഞ്ഞ തവണ കേസ് പരിഗണിക്കാന്‍ വന്നപ്പോള്‍ നടന്‍ ആര്യയ്‌ക്കെതിരായ പരാതി ചെന്നൈ സൈബര്‍ ക്രൈം വിഭാഗത്തില്‍ നിന്നും സിബി-സിഐഡിയിലേക്ക് മാറ്റിയതായി പോലീസ് അറിയിച്ചു .

ഫസ്റ്റ് സെഷന്‍സ് കോടതി ജഡ്ജി സെല്‍വകുമാറിന്റെ മുമ്ബാകെ വീണ്ടും വിചാരണയ്ക്കായി ഹര്‍ജി വന്നപ്പോള്‍, അര്‍മാന് ജാമ്യം അനുവദിക്കുന്നതിനെതിരെ വിദ്ജയുടെ അഭിഭാഷകന്‍ പി. ആനന്ദന്‍ എതിര്‍ത്തു . എന്നാല്‍ അര്‍മാന് വേണ്ടി ഒരു വക്കീലും ഹാജരായില്ല. ഇതേത്തുടര്‍ന്ന് ആര്യയുടെ മാനേജര്‍ അര്‍മാന്റെ ജാമ്യാപേക്ഷ ജഡ്ജി സെല്‍വകുമാര്‍ തള്ളുകയായിരുന്നു.