മോഷ്ടിക്കാൻ കേറിയപ്പോൾ കടയിൽ പണമില്ല; ബേക്കറി സാധനങ്ങൾ ആറ് ചാക്കുകളിലാക്കി കടത്തി; യുവാവ് അറസ്റ്റിൽ

0

താനൂർ: മോഷ്ടിക്കാൻ കയറിയ ബേക്കറിയിൽ പണം ഇല്ലാത്തതിന്റെ പേരിൽ മധുരപലഹാരങ്ങൾ മോഷ്ടിച്ച യുവാവിനെ പോലീസ് പിടികൂടി. താനൂർ ജ്യോതി കോളനിയിലെ കുറ്റിക്കാട്ടിൽ മുഹമ്മദ് അസ്ലമിനെയാണ് (24) താനൂർ എസ്.ഐ ആർ.ബി.കൃഷ്ണലാലും സംഘവും അറസ്റ്റ് ചെയ്തത്.

ബുധനാഴ്ച പുലർച്ചെ 12നും ഒന്നേകാലിനും ഇടയിലാണ് സംഭവം. താനാളൂർ പകരയിലെ അധികാരത്ത് അഹമ്മദിന്റെ ഉടമസ്ഥതയിലുള്ള അസ്ലം സ്റ്റോറിലാണ് മോഷണം നടന്നത്. ഓട്ടോയിലെത്തിയ പ്രതി കടയുടെ ഗ്രിൽ തകർത്താണ് ഉള്ളിൽ കയറിയത്. 35,000 രൂപ വിലവരുന്ന മധുരപലഹാരങ്ങളും മിഠായികളുമാണ് ഇയാൾ മോഷ്ടിച്ചത്. ആറ് ചാക്കുകൾ നിറയെ സാധനങ്ങൾ ഇയാൾ കടത്തിയെന്നാണ് പോലീസ് പറയുന്നത്. സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചതിൽ നിന്നാണ് പോലീസിന് പ്രതിയെ കുറിച്ചുള്ള വിവരങ്ങൾ ലഭിച്ചത്. ഓട്ടോ നമ്പർ വ്യക്തമായിരുന്നില്ലെങ്കിലും, 200ലധികം ഓട്ടോകൾ പരിശോധിച്ച് പ്രതിയെ കണ്ടെത്തുകയായിരുന്നു. ഇയാളെ ഇന്ന് കോടതിയിൽ ഹാജരാക്കും.