ലാവ്‌ലിൻ പോലെ വല്ലതും കണ്ടിട്ടുണ്ടോ ? പിണറായിക്കെതിരെ വി.മുരളീധരൻ !

V Muraleedharan against Pinarayi Vijayan

0

സിൽവർ ലൈൻ അതിവേഗ  പദ്ധതിക്ക് പിന്നിൽ കേരളാ സർക്കാരിനുള്ളത് ദുരുദ്ദേശം ആണെന്ന് കേന്ദ്ര മന്ത്രി വി. മുരളീധരൻ.
കേരളത്തെ രണ്ടായി കീറി മുറിക്കുന്ന കെ റെയിൽ അതിവേഗ റെയിൽപാത  പദ്ധതിയിൽ സംസ്ഥാന സർക്കാരിനെതിരെ കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി. മുരളീധരൻ രംഗത്ത് വന്നു.കെ റെയിൽ നടപ്പാക്കാൻ എന്തിനാണ് സംസ്ഥാന സർക്കാർ വാശി പിടിക്കുന്നതെന്ന് മന്ത്രി ചോദിച്ചു.ദില്ലിയിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മന്ത്രി. അധിക സാമ്പത്തിക ബാധ്യത ഉള്ള പദ്ധതി ഏറ്റെടുക്കാൻ കഴിയില്ലെന്ന് കേന്ദ്രം അറിയിച്ചതോടെയാണ് കേന്ദ്ര സർക്കാരും ബിജെപിയും മുഖ്യമന്ത്രി പിണറായി വിജയന് വികസന വിരോധികൾ ആയത്. സംസ്ഥാനത്തിന് മോദി സർക്കാരിനോട് പൂർണ്ണ സഹകരണമാണ് എന്നായിരുന്നു മുഖ്യമന്ത്രി നേരത്തെ പറഞ്ഞിരുന്നത്. മുഖ്യമന്ത്രിയുടെയും സിപിഎമ്മിന്‍റെയും ചില സ്ഥാപിത താത്പര്യങ്ങൾക്ക് കൂട്ടു നിൽക്കാത്തത് ആണ് വികസന വിരോധികളാണ് കേന്ദ്രമെന്ന പ്രസ്താവന മുഖ്യമന്ത്രി നടത്താൻ കാരണം.  സംസ്ഥാനത്തിന്‍റെ വികസനത്തിന്  കേന്ദ്ര സർക്കാർ  സഹകരിക്കുന്നില്ല എന്നത് വാസ്തവിരുദ്ധമായ പ്രചാരണമാണ്. കെ റെയിൽ പദ്ധതിക്കെതിരായ ജന രോക്ഷമാണ് പിണറായി വിജയനെ പ്രകോപിപ്പിക്കുന്നത്. 75000 കോടി ചിലവ് വരുന്ന പദ്ധതി പൂർത്തീകരിക്കുമ്പോൾ ഒരു ലക്ഷം കോടിയെങ്കിലും ആകുമെന്നാണ് കരുതുന്നത്. ഇത്തരം വൻ  പദ്ധതി കേരളത്തിൽ നടപ്പാക്കാൻ പ്രായോഗിക  ബുദ്ധിമുട്ടുണ്ട്. 180 കിലോമീറ്റർ വരെ വേഗതയുള്ള  ട്രെയിനുകൾ നിലവിൽ രാജ്യത്തുണ്ട്. ഇത്തരം ട്രെയിനുകളെ 200 കിലോമീറ്റർ  വേഗത്തിൽ ആക്കാൻ സാങ്കേതിക വിദ്യയുടെ സഹായത്തോടെ കഴിയുമെന്നിരിക്കെ അതിന് ശ്രമിക്കാതെയാണ്  കെ റെയിൽ പദ്ധതിയുമായി മുന്നോട്ട് പോകുന്നത് ശരിയല്ലെന്നും മന്ത്രി പറഞ്ഞു.

നിലവിലെ  റോഡുകൾ  വികസിപ്പിക്കുകയും ,സംസ്ഥാനത്തെ വിമാനതാവളങ്ങളിലെ സൗകര്യങ്ങൾ വർധിപ്പിക്കുകയുമാണ് ചെയ്യേണ്ടത്.  റോഡുകൾ നന്നാക്കാൻ  വീട്ടിൽ തന്നെയുള്ള മന്ത്രിയോട് മുഖ്യമന്ത്രി പറയണമെന്ന് മന്ത്രി പറഞ്ഞു. സർക്കാർ ഭൂമി കൈവശക്കാരന് കൊടുക്കാനാണ്  ശബരിമല വിമാനതാവളം കൊണ്ട് ഉദ്ദേശിക്കുന്നത്.  കർഷകർക്ക് വേണ്ടിയാണ് എളമരം കരീം, ബിനോയ് വിശ്വം എന്നിവരുടെ പോരാട്ടം എങ്കിൽ കെ.റെയിൽ പദ്ധതിക്ക് എതിരായി നിലപാട് സ്വീകരിക്കാൻ ഇവർ തയ്യാറാകണമെന്നും മന്ത്രി ആവശ്യപ്പെട്ടു. പിണറായി സർക്കാരിന്‍റെ കാലത്ത് സിൽവർ ലൈൻ പദ്ധതി നടപ്പാകില്ലെന്നും  പദ്ധതിയിൽ ലാവ്ലിൻ പോലെ   പിണറായി വല്ലതും കണ്ടിട്ടുണ്ടോ എന്നതും ചോദ്യമാണെന്ന് മന്ത്രി കൂട്ടിചേർത്തു.