ഉണ്ണി മുകുന്ദനും സാമന്തയും ഒന്നിക്കുന്നു;റിലീസിനൊരുങ്ങി മേപ്പടിയാനും

Unni Mukundan and Samantha

0

ഉണ്ണി മുകുന്ദനെ നായകനാക്കി ആദ്യത്തെ തെലുങ്ക് ചിത്രം ഒരുങ്ങുന്നു. യശോദ എന്നാണ് ചിത്രത്തിന്റെ പേര്. ഹരിയും ഹരീഷ് ശങ്കറും ചേര്‍ന്ന് തിരക്കഥയെഴുതി സംവിധാനം ചെയ്യുന്നു. സാമന്തയാണ് നായിക. വരലക്ഷ്മി ശരത്കുമാറും ചിത്രത്തില്‍ ഒരു പ്രധാന വേഷം ചെയ്യുന്നു.

തെലുങ്കിലും തമിഴിലുമായിട്ടാണ് ചിത്രം നിര്‍മ്മിക്കുന്നത്. യശോദയുടെ ഷൂട്ടിംഗ് ഡിസംബര്‍ ആദ്യം ഹൈദരാബാദില്‍ തുടങ്ങും.തെലുങ്ക് ഇന്‍ഡസ്ട്രിക്ക് ഉണ്ണി മുകുന്ദന്‍ ചിരപരിചിതനാണ്. ജനതാഗ്യാരേജിലൂടെയായിരുന്നു തുടക്കം. കൊറത്താല ശിവ സംവിധാനം ചെയ്ത ജനതാഗ്യാരേജില്‍ മോഹന്‍ലാലിന്റെ മകന്റെ വേഷമായിരുന്നു.

നെഗറ്റീവ് ടച്ചുള്ള കഥാപാത്രം. രണ്ട് വര്‍ഷങ്ങള്‍ക്കിപ്പുറം അശോക് സംവിധാനം ചെയ്ത ഭാഗമതി എന്ന ബിഗ് ബജറ്റ് ചിത്രത്തിലൂടെ അനുഷ്‌കഷെട്ടിയുടെ ജോഡിയായും ഉണ്ണി എത്തി. ഇത്തവണ ലൗവര്‍ ബോയ് ഇമേജുള്ള കഥാപാത്രമായിരുന്നു. ചിത്രീകരണം പൂര്‍ത്തിയായി പ്രദര്‍ശനത്തിന് തയ്യാറെടുക്കുന്ന കില്ലാഡിയില്‍ രവിതേജയ്‌ക്കൊപ്പമാണ് ഉണ്ണി സ്‌ക്രീന്‍ സ്‌പെയ്‌സ് പങ്കിടുന്നത്.

ഇതില്‍ ഒരു നിഷ്‌കളങ്കനായ ഒരു യുവാവിന്റെ വേഷമാണ് ഉണ്ണിക്ക്. അതിന് പിന്നാലെയാണ് ഉണ്ണിയെ നായകനാക്കി തെലുങ്കില്‍ പുതിയ ചിത്രം ഒരുങ്ങുന്നതും. തെലുങ്ക് പ്രേക്ഷകര്‍ക്കിടയില്‍ ഉണ്ണിക്ക് ലഭിച്ചുകൊണ്ടിരിക്കുന്ന സര്‍വ്വ സ്വീകാര്യതയാണ് അദ്ദേഹത്തെവച്ച് സിനിമ ചെയ്യാന്‍ അവിടുത്തെ നിര്‍മ്മാതാക്കള്‍ മുന്നോട്ട് വരുന്നതും.

ശ്രീദേവി മൂവീസാണ് ഈ ബിഗ് ബജറ്റ് ചിത്രത്തിന്റെ നിര്‍മ്മാതാക്കള്‍.റിലീസിന് ഒരുങ്ങുന്ന ഉണ്ണി മുകുന്ദന്റെ ഏറ്റവും പുതിയ മലയാള ചിത്രമാണ് മേപ്പടിയാന്‍.നവാഗതനായ വിഷ്ണു മോഹനന് ചിത്രത്തിന്റെ സംവിധാനവും തിരക്കഥയും.

താരത്തിന്റെ പിറന്നാള്‍ ദിനത്തിനത്തിൽ ചിത്രത്തിന്റെ സ്പെഷ്യല്‍ പോസ്റ്റര്‍ പുറത്തിറക്കി കൊണ്ടാണ് ഹീറോയും നിര്‍മ്മാതാവുമായ ഉണ്ണിക്ക് അണിയറപ്രവര്‍ത്തകര്‍ പിറന്നാള്‍ ആശംസകള്‍ നേര്‍ന്നത്.പോലീസ് ജീപ്പിന്റെ ഡ്രൈവിംഗ് സീറ്റില്‍ നിന്നും താരം ഇറങ്ങി വരുന്ന ചിത്രമാണ് പങ്കുവെച്ചിരിക്കുന്നത്.

ഞങ്ങളുടെ നായകനും നിര്‍മ്മാതാവിനും ജന്മദിനാശംസകള്‍ നേരുന്നു’ എന്നാണ് അണിയറ പ്രവര്‍ത്തകര്‍ പോസ്റ്റര്‍ പങ്കുവെച്ച് കുറിച്ചത്.വൈകാതെ തന്നെ പ്രേക്ഷകരിലേക്ക് എത്താനിരിക്കുന്ന സിനിമയുടെ ഗാനങ്ങള്‍ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.

വിഷ്ണു മോഹന്‍ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രം ഉണ്ണി മുകുന്ദന്‍ തന്നെയാണ് നിര്‍മ്മിച്ചിരിക്കുന്നത്.അടുത്തിടെ നടന്ന സെന്‍സറിങ്ങില്‍ ചിത്രം ക്ലീന്‍ യു സര്‍ട്ടിഫിക്കറ്റാണ് നേടിയത്.മെക്കാനിക്കും ഗാരേജ് ഉടമയുമായ ജയകൃഷ്ണന്‍ എന്ന കേന്ദ്ര കഥാപാത്രത്തെയാണ് ഉണ്ണി ചിത്രത്തിൽ അവതരിപ്പിക്കുന്നത്. അവതരിപ്പിക്കുന്നത്.

Unni Mukundan and Samantha