വടകര പൊലീസ് കസ്റ്റഡിയിൽ യുവാവ് കുഴഞ്ഞു വീണ് മരിച്ച സംഭവത്തിൽ രണ്ടു പൊലീസ് ഉദ്യോഗസ്ഥർ അറസ്റ്റിൽ

0

കോഴിക്കോട് : വടകര പൊലീസ് കസ്റ്റഡിയിൽ യുവാവ് കുഴഞ്ഞു വീണ് മരിച്ച സംഭവത്തിൽ രണ്ടു പൊലീസ് ഉദ്യോഗസ്ഥർ അറസ്റ്റിൽ. എസ്‌ഐ നിജീഷ്‌, സിവിൽ പൊലീസ് ഓഫിസർ പ്രജീഷ് എന്നിവരാണ് അറസ്റ്റിലായത്. മുൻകൂർ ജാമ്യം നേടിയിരുന്നതിനാൽ ഇരുവരെയും സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചു. ഹൃദയാഘാതം മൂലമാണ് കല്ലേരി സ്വദേശി സജീവൻ മരിച്ചതെന്നും കസ്റ്റഡിയിൽ മർദിച്ചിട്ടില്ലെന്നുമാണ് പൊലീസുകാരുടെ വാദം. എന്നാൽ ഇതിൽ സ്ഥിരീകരണം ലഭിക്കണമെങ്കിൽ സിസിടിവി പരിശോധിക്കേണ്ടതുണ്ട്. ഈ സാഹചര്യത്തിൽ കേസിൽ നിർണായകമായ, പരിശോധനക്ക് അയച്ച ഡിജിറ്റൽ തെളിവുകളുടെ ഫലം വേഗത്തിൽ വേണമെന്നാവശ്യപ്പെട്ട് ക്രൈം ബ്രാഞ്ച് റീജിയണൽ ഫോറെൻസിക് ലബോറട്ടറിക്ക് കത്തയച്ചു. സിസിടിവി ദൃശ്യങ്ങൾ, വടകര പോലീസ് സ്റ്റേഷനിലെ ഹാർഡ് ഡിസ്ക് ഉൾപ്പടെയുള്ള ഡിജിറ്റൽ തെളിവുകളുടെ പരിശോധന ഫലമാണ് ആവശ്യപ്പെട്ടത്. അന്വേഷണനടപടികൾ പൂർത്തിയാകണമെങ്കിൽ പരിശോധന ഫലം വേഗത്തിൽ ലഭിക്കണമെന്നാണ് ആവശ്യം.

മരണകാരണം ഹൃദയാഘാതമെന്നാണ് സജീവന്റെ പോസ്റ്റ്മോർട്ടം റിപ്പോർട്ടിലുള്ളത്. എന്നാൽ ഹൃദയാഘാതത്തിലേക്ക് നയിച്ച കാരണങ്ങളാണ് കേസ് അന്വേഷിക്കുന്ന ക്രൈംബ്രാഞ്ച് അന്വേഷണ സംഘം തേടുന്നത്. സജീവന്‍റെ രണ്ട് കൈമുട്ടുകളിലെയും തോൽ ഉരഞ്ഞ് പോറലുണ്ടെന്നും മുതുകിൽ ചുവന്ന പാടുണ്ടെന്നും ഇൻക്വസ്റ്റ് റിപ്പോർട്ടിലുണ്ട്. ഇത് കസ്റ്റഡിയിൽ സംഭവിച്ചതാണോയെന്നാണ് അന്വേഷണ സംഘം പരിശോധിക്കുന്നത്.