ഇന്ത്യയില്‍ ലഭ്യമായിരുന്ന നിയമപരിരക്ഷ ട്വിറ്ററിന് നഷ്ടമായി

0

 

 

ഇന്ത്യയില്‍ ലഭ്യമായിരുന്ന നിയമപരിരക്ഷ ട്വിറ്ററിന് നഷ്ടമായി. പുതിയ വിവരസാങ്കേതിക വിദ്യ(ഐടി) നിയമം പാലിക്കാത്തത്തിനെ തുടര്‍ന്നാണിത്. നിയമങ്ങള്‍ അനുസരിക്കാത്ത ഒരേയൊരു മുഖ്യധാരാ സമൂഹമാധ്യമം ട്വിറ്റര്‍ മാത്രമെന്ന് സര്‍ക്കാര്‍ വൃത്തങ്ങളെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്യുന്നു. ഇന്റര്‍ മീഡിയറി പദവി നീക്കിയെങ്കില്‍ ട്വിറ്ററിനെ പ്രസാധകനായി പരിഗണിക്കും. നിയമവിരുദ്ധമായ ഉള്ളടക്കത്തിന് കേസ് എടുത്താല്‍ ഏത് നിയമപ്രകാരവുമുള്ള ശിക്ഷ സ്വീകരിക്കാന്‍ ട്വിറ്ററിന് ബാധ്യതയുണ്ടായിരിക്കും.

ഇതോടെ മാനേജിംഗ് ഡയറക്ടര്‍ ഉള്‍പ്പെടെയുള്ള മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ പൊലീസ് ചോദ്യം ചെയ്യലിനും ഇന്ത്യന്‍ ശിക്ഷാനിയമം അനുസരിച്ചുള്ള നടപടിയും നേരിടണം. ട്വിറ്റര്‍ ഇന്ത്യ ഉള്‍പ്പെടെ ഒന്‍പത് പേര്‍ക്കെതിരെ ഗാസിയാബാദ് പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തതിന് പിന്നാലെയാണ് പുതിയ സംഭവ വികാസങ്ങള്‍. ലോണിയില്‍ ഒരാളെ മര്‍ദിച്ച് താടിമീശ മുറിച്ചതുമായി ബന്ധപ്പെട്ടാണ് കേസ് രജിസ്റ്റര്‍ ചെയ്തത്.

വസ്തുതകള്‍ പരിശോധിക്കാതെ സംഭവത്തിന് സാമുദായിക നിറം നല്‍കുകയായിരുന്നുവെന്നും വീഡിയോ വൈറലാകുന്നത് തടയാന്‍ ട്വിറ്റര്‍ ഒന്നും ചെയ്തില്ലെന്നും പൊലീസ് ചൂണ്ടിക്കാട്ടി. അതിനിടെ ഇടക്കാല ചീഫ് കംപ്ലയന്‍സ് ഓഫിസറെ നിയമിച്ചുവെന്ന അവകാശവാദവുമായി ട്വിറ്റര്‍ രംഗത്തെത്തി. ഉടന്‍തന്നെ ഇതിന്റെ വിശദാംശങ്ങള്‍ ഐടി മന്ത്രാലയത്തിന് നല്‍കുമെന്നും ട്വിറ്റര്‍ പറയുന്നു.

പുതിയ ഐടി നിയമങ്ങള്‍ പാലിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ട്വിറ്ററിന് അന്ത്യശാസനം നല്‍കിയതിന് പിന്നാലെയാണ് പുതിയ അറിയിപ്പ്. ഉടനടി പ്രധാനപ്പെട്ട നിയമനങ്ങള്‍ നടത്താന്‍ ട്വിറ്റര്‍ വിസമ്മതിച്ചതോടെയായിരുന്നു അവസാന അവസരമായി പരിഗണിക്കണമെന്ന് മുന്നറിയിപ്പ് നല്‍കി ഐടി മന്ത്രാലയം ട്വിറ്ററിന് നോട്ടിസ് നല്‍കിയത്.

പുതിയ ഐടി ചട്ടം പാലിക്കുന്നതിൽ വീഴ്ച വരുത്തിയതിനെ തുടർന്ന് ട്വിറ്ററിന് ഇന്ത്യയിൽ ഉണ്ടായിരുന്ന നിയമപരിരക്ഷ നഷ്ടപ്പെട്ടതായി കേന്ദ്ര സർക്കാരുമായി ബന്ധപ്പെട്ട വൃത്തങ്ങൾ അറിയിച്ചു. പുതിയ ഐടി ചട്ടത്തിന്റെ അടിസ്ഥാനത്തിൽ സ്റ്റാറ്റിയൂട്ടറി ഓഫീസർമാരെ നിയമിക്കാത്തതിനെ തുടർന്നാണിത്.

ട്വിറ്ററിനെതിരേ ഉത്തർപ്രദേശിൽ ഫയൽ ചെയ്ത കേസിന്റെ പശ്ചാത്തലത്തിലാണ് ഇലക്ട്രോണിക്സ്- ഐടി മന്ത്രാലയം ഇക്കാര്യത്തിൽ വ്യക്തത വരുത്തിയത്. ജൂൺ അഞ്ചിന് ഗാസിയാബാദിൽ പ്രായമായ മുസ്ലീം വൃദ്ധന് നേരെ ആറുപേർ അതിക്രമം നടത്തിയിരുന്നു. ബലംപ്രയോഗിച്ച് തന്റെ താടി മുറിച്ചുവെന്നും വന്ദേമാതരം, ജയ്ശ്രീറാം എന്ന് മുദ്രാവാക്യം വിളിക്കാൻ തന്നെ നിർബന്ധിച്ചുവെന്നുമാണ് വൃദ്ധൻ ആരോപിച്ചത്. ഈ സംഭവുമായി ബന്ധപ്പെട്ട് തെറ്റിദ്ധരിപ്പിക്കുന്ന ഉളളടക്കം ട്വിറ്ററിൽ പ്രചരിച്ചുവെന്നും ഇത് നീക്കം ചെയ്യാൻ ട്വിറ്റർ തയ്യാറായില്ലെന്നും ചൂണ്ടിക്കാട്ടിയാണ് ട്വിറ്ററിനെതിരേ യുപിയിൽ കേസ് ഫയൽ ചെയ്തിരിക്കുന്നത്. എന്നാൽ വൃദ്ധന് നേരെ ഉണ്ടായത് സാമുദായിക ആക്രമണമല്ലെന്നും ഇയാൾ വിറ്റ മന്ത്രത്തകിടുകളിൽ അസംതൃപ്തരായ ഹിന്ദുക്കളും മുസ്ലീങ്ങളുമടങ്ങുന്ന ആറുപേർ ചേർന്നാണ് ഇയാൾക്കെതിരേ അതിക്രമം നടത്തിയതെന്നും യുപി പോലീസ് പറയുന്നു.

ഗാസിയാബാദ് സംഭവത്തിന് സാമുദായിക പരിവേഷം ചാർത്തി സാമുദായിക വികാരത്തെ വ്രണപ്പെടുത്തിയതിന് നിരവധി മാധ്യമപ്രവർത്തകർക്കും ട്വിറ്ററിനുമെതിരേ പോലീസ് കുറ്റം ചുമത്തിയിരുന്നു. ജൂൺ 14-ന് തങ്ങളുടെ ട്വിറ്റർ ഹാൻഡിലിൽ ഇതുസംബന്ധിച്ച് പത്രക്കുറിപ്പ് പങ്കുവെച്ചിരുന്നുവെന്നും ഇക്കാര്യത്തിൽ വ്യക്തത വരുത്തിയിട്ടും സംഭവുമായി ബന്ധപ്പെട്ടുളള തെറ്റിദ്ധാരണജനകമായ പോസ്റ്റുകൾ പിൻവലിക്കുന്നതിനുളള നടപടികൾ ട്വിറ്റർ സ്വീകരിച്ചില്ലെന്നും പോലീസ് പറഞ്ഞു. ഇതിന്റെ പശ്ചാത്തലത്തിലാണ് ട്വിറ്ററിനെതിരേ കേസെടുത്തിരിക്കുന്നത്. ‘ട്വിറ്ററിന് ഇന്ത്യയിൽ ഒരു നിയമപരിരക്ഷയും ഇല്ലാത്തതിനാൽ പ്രചരിപ്പിക്കപ്പെട്ട വീഡിയോ കൃത്രിമ വീഡിയോ എന്ന് ഫ്ളാഗ് ചെയ്യാത്തതിനെതിരേ ശിക്ഷാനടപടികൾ സ്വീകരിക്കാൻ ട്വിറ്റർ ബാധ്യസ്ഥരാണ്.’ സർക്കാർ വൃത്തങ്ങൾ അറിയിച്ചു.