സച്ചിൻ പൈലറ്റിനെ അനുനയിപ്പിക്കാൻ രാഹുലും പ്രിയങ്കയും !

Trouble in Rajasthan Congress

0

പഞ്ചാബിൽ ക്യാപ്റ്റൻ അമരീന്ദർ സിംഗിനെ മുഖ്യമന്ത്രി സ്ഥാനത്ത് നിന്നും മാറ്റിയ കോൺഗ്രസ് ഹൈക്കമാൻഡ് രാജസ്ഥാനിൽ സച്ചിൻ പൈലറ്റ് ഉയർത്തുന്ന ചോദ്യങ്ങൾക്കു മുന്നിൽ പ്രതിരോധത്തിലാണ്. രാജസ്ഥാനിൽ മുഖ്യമന്ത്രി സ്ഥാനത്ത് നിന്നും അശോക് ഗെഹ്‌ലോട്ടിനെ മാറ്റണം എന്ന ആവശ്യവുമായി സച്ചിൻ പൈലറ്റ് രംഗത്ത് വന്നിരുന്നു.

എന്നാൽ ഈ ആവശ്യം ഇതുവരെ നടന്നിട്ടില്ല.അതുകൊണ്ട് തന്നെയാണ് ഇപ്പോൾ സച്ചിൻ പൈലറ്റ് തന്റെ ആവശ്യം വീണ്ടും സജീവമാക്കുന്നത്.സച്ചിൻ പൈലറ്റിന്റെ ആവശ്യം അംഗീകരിച്ചുകൊണ്ട് പ്രശ്ന പരിഹാരത്തിനുള്ള നീക്കം കോൺഗ്രസ് ഹൈക്കമാൻഡ് ആരംഭിച്ചതായാണ് വിവരം.

സച്ചിൻ പൈലറ്റ് അനുകൂലികളെ ഉൾപ്പെടുത്തി രാജസ്ഥാൻ മന്ത്രിസഭാ പുനഃസംഘടന ഉടനെന്ന് സൂചന. രാജസ്ഥാനിൽ അശോക് ഗഹലോട്ടുമായി ഇടഞ്ഞുനിൽക്കുന്ന സച്ചിൻ പൈലറ്റുമായി രാഹുൽ ഗാന്ധിയും പ്രിയങ്കാ ഗാന്ധിയും കൂടിക്കാഴ്ച നടത്തി. വെള്ളിയാഴ്ച വൈകുന്നേരം നടന്ന കൂടിക്കാഴ്ച നാൽപ്പതു മിനിട്ടോളം നീണ്ടുനിന്നു.

ഒരാഴ്ചയ്ക്കിടെ ഇത് രണ്ടാംവട്ടമാണ് സച്ചിൻ പൈലറ്റ് രാഹുലും പ്രിയങ്കയുമായി കൂടിക്കാഴ്ച നടത്തുന്നത്. അടുത്തകൊല്ലം നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന ഗുജറാത്തിന്റെ ചുമതല സച്ചിനെ ഏൽപിക്കാൻ നേതൃത്വം താൽപര്യപ്പെടുന്നുണ്ടെന്നാണ് വിവരം.

സച്ചിനെ പിന്തുണയ്ക്കുന്നവരെ ഉൾപ്പെടുത്തി രാജസ്ഥാൻ കാബിനറ്റ് പുനഃസംഘടിപ്പിക്കുമെന്ന് നേതാക്കളുടെ കൂടിക്കാഴ്ചയ്ക്കു പിന്നാലെ ഉന്നതവൃത്തങ്ങളെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.അതേസമയം രാജസ്ഥാനിൽ തുടരാനും മുഖ്യമന്ത്രിപദം ഉറപ്പാക്കാനുമുള്ള നീക്കത്തിലാണ് സച്ചിനെന്നാണ് സൂചനകൾ.

അയൽസംസ്ഥാനമായ പഞ്ചാബിൽ നേതൃമാറ്റം നടപ്പാക്കിയതിന് ദിവസങ്ങൾക്കു ശേഷമാണ് സച്ചിൻ-രാഹുൽ-പ്രിയങ്ക കൂടിക്കാഴ്ച എന്നതും ശ്രദ്ധേയമാണ്. നാലുമാസത്തിനപ്പുറം നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുന്ന പഞ്ചാബിൽ, അമരീന്ദർ സിങ്ങിനെ മാറ്റി പുതിയ മുഖ്യമന്ത്രിയെ നിയമിച്ചതിനു സമാനമായ നീക്കം ഛത്തീസ്ഗഢിലും രാജസ്ഥാനിലും നടപ്പാക്കാൻ കോൺഗ്രസ് ഉദ്ദേശിക്കുന്നാതായി റിപ്പോർട്ടുകൾ ഉണ്ടായിരുന്നു.

ഗുജറാത്തിൽ കോൺഗ്രസിന്റെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് സച്ചിൻ നേതൃത്വം നൽകുമോ ഇല്ലയോ എന്ന കാര്യം വ്യക്തമല്ലെങ്കിലും രാജസ്ഥാൻ മുഖ്യമന്ത്രിസ്ഥാന മോഹം കൈവിടാൻ അദ്ദേഹം തയ്യാറല്ലെന്നാണ് വിവരം. സംസ്ഥാനത്ത് കൂടുതൽ മികച്ച അവസരം നൽകണമെന്ന് ആവശ്യപ്പെട്ട് സച്ചിൻ കഴിഞ്ഞകൊല്ലം പാർട്ടിയിൽ കലാപം സൃഷ്ടിച്ചിരുന്നു.

തുടർന്ന് വിമത എം.എൽ.എമാരുമായി സച്ചിൻ ഡൽഹിയിൽ എത്തുകയും ചെയ്തിരുന്നു. സച്ചിൻ അനുകൂല എം.എൽ.എമാർക്ക് പുനഃസംഘടനയിൽ മന്ത്രിസ്ഥാനം ലഭിക്കുന്നപക്ഷം അദ്ദേഹത്തിന്റെ ആവശ്യങ്ങളിൽ പാതി നിറവേറ്റപ്പെടും.

സച്ചിൻ അനുകൂലികളെ കാബിനറ്റിൽ ഉൾപ്പെടുത്താൻ മുഖ്യമന്ത്രി അശോക് ഗെഹലോട്ടിനു മേൽ കുറച്ചുകാലമായി സമ്മർദം തുടരുകയാണ്. മാറ്റങ്ങൾ കൊണ്ടുവരാമെന്ന് സച്ചിൻ പൈലറ്റിന് നേതൃത്വം ഉറപ്പുനൽകിയിരുന്നെങ്കിലും ഇതുവരെ ഈ നീക്കത്തെ ഗെഹലോത്ത് പ്രതിരോധിച്ചുവരികയായിരുന്നു.

അതേസമയം രാജസ്ഥാൻ കോൺഗ്രസിലെ പ്രശ്നങ്ങൾ ബിജെപി നേതൃത്വവും ഗൗരവമായി എടുത്തിട്ടുണ്ട്.രാജസ്ഥാനിൽ വീണ്ടും കോൺഗ്രസിൽ വിമത പ്രശ്‌നം ഉണ്ടായാൽ രാഷ്ട്രീയമായി മുതലെടുക്കണം എന്ന നിലപാടിലാണ് ബിജെപി നേതാക്കൾ.

സച്ചിൻ പൈലറ്റ് വീണ്ടും അവഗണിക്കപെട്ടാൽ കടുത്ത നിലപാട് സ്വീകരിക്കുന്നതിനും സാധ്യതയുണ്ട്.അശോക് ഗെഹ്‌ലോട്ടും കോൺഗ്രസ് ഹൈക്കമാണ്ടും തമ്മിൽ ഏറ്റുമുട്ടലുണ്ടായാലും അതും തങ്ങൾക്കു ഗുണം ചെയ്യുമെന്ന വിലയിരുത്തലിലാണ് ബിജെപി.എന്തായാലും പ്രശ്ന പരിഹാരത്തിനായി കോൺഗ്രസ് ഹൈക്കമാൻഡ് നടത്തുന്ന ശ്രമം വിജയിക്കുമോ ഇല്ലയോ എന്നതൊക്കെ കാത്തിരുന്നു കാണേണ്ട കാര്യമാണ്.

കോൺഗ്രസ് ഹൈക്കമാൻഡ് സച്ചിൻ പൈലറ്റിന് വേണ്ടി നിലപാട് സ്വീകരിച്ചാൽ അശോക് ഗെഹ്‌ലോട്ട് ശത്രുപക്ഷത്താകും.മുതിർന്ന നേതാവായ അശോക് ഗെഹ്‌ലോട്ട് ശത്രു പക്ഷത്താകുന്നത് ദോഷം ചെയ്യുമെന്ന ഭീതിയും കോൺഗ്രസ് നേതാക്കൾക്കുണ്ട്.

സച്ചിൻ പൈലറ്റ് തന്റെ സുഹൃത്ത് ജ്യോതിരാദിത്യ സിന്ധ്യയുടെ വഴി സ്വീകരിച്ചു ബിജെപിയിൽ എത്തുമോ എന്ന ആശങ്കയും കോൺഗ്രെസ്സിനുണ്ട്.എന്തായാലും രാജസ്ഥാനിലെ തർക്കം പരിഹരിക്കുന്നതിന് തന്നെയാണ് കോൺഗ്രസ് ഹൈക്കമാൻഡ് ശ്രമിക്കുന്നത്.

Trouble in Rajasthan Congress