സ്വർണ്ണക്കടത്തു – വിമാനത്താവളത്തിലെ കാർഗോ കോംപ്ലക്സ് പരിസരത്തു സി സി ടി വി കാമറ ഇല്ല ?

0

സ്വര്‍ണക്കടത്ത് വിവാദത്തില്‍ വീണ്ടും അട്ടിമറി ? കസ്റ്റംസ് ആവശ്യപ്പെട്ട വിമാനത്താവളത്തിലെ സി സി ടി വി ദൃശ്യങ്ങൾ കിട്ടുവാൻ സാധ്യതയില്ലെന്ന് അറിയുന്നു. ഇത് വിമാനത്താവളത്തിലെ സി.സി.ടി.വി ദൃശ്യങ്ങള്‍ നോക്കി ഉന്നതരെ കണ്ടെത്താനുള്ള കസ്റ്റംസ് നീക്കത്തിന് തിരിച്ചടിയാകുമെന്നു കരുതുന്നു. കസ്റ്റംസ് ദൃശ്യങ്ങള്‍ ആവശ്യപ്പെട്ട വിമാനത്താവള പരിസരത്ത് പൊലീസിന് ക്യാമറയില്ല. ആവശ്യമുള്ള സ്ഥലത്ത് നിന്ന് അര കിലോമീറ്റര്‍ അകലെ മുതലാണ് ക്യാമറയുള്ളത്. മൂന്ന് മാസത്തിനിടയിലെ ആറ് പ്രത്യേക ദിവസത്തെ ദൃശ്യങ്ങളാണ് കസ്റ്റംസ് ആവശ്യപ്പെട്ടിരുന്നത്. കൈവശമുള്ള ദൃശ്യങ്ങള്‍ നല്‍കാമെന്ന് പൊലീസ് കസ്റ്റംസിനെ അറിയിച്ചു. ഇത്രയും തന്ത്ര പ്രധാന മേഖലയിൽ സി സി ടി വി കാമറ ഇല്ലന്നുള്ളത് അത്ഭുതപ്പെടുത്തുന്ന സംഗതി തന്നെയാണ്.

നയതന്ത്ര പാഴ്സല്‍ വഴിയുള്ള സ്വര്‍ണക്കടത്ത് കേസിലെ മുഖ്യകണ്ണി സന്ദീപ് നായരാണെന്നാണ് കസ്റ്റംസ് വിലയിരുത്തല്‍. ആറുമാസത്തിനിടെ ഏഴുതവണ സ്വര്‍ണം കടത്തി. സരിത് മൂന്നാംകണ്ണി മാത്രമെന്നും കസ്റ്റംസ് വിലയിരുത്തുന്നു. കസ്റ്റംസ് പരിശോധിക്കാന്‍ സാദ്ധ്യതയില്ലാത്ത തരത്തില്‍ സ്വര്‍ണം കടത്താനുള്ള പദ്ധതിയും സന്ദീപിന്‍റേതായിരുന്നുവെന്നാണ് കണ്ടെത്തല്‍.

അതേസമയം സ്വര്‍ണ്ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് എയര്‍ കാര്‍ഗോ അസോസിയേഷന്‍ ഇന്ത്യ നേതാവ് ഹരിരാജിനെ കസ്റ്റംസ് ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചു. കൊച്ചിയിലെ കസ്റ്റംസ് ഓഫീസിലെത്താനാണ് നിര്‍ദ്ദേശം. സ്വര്‍ണ്ണം അടങ്ങിയ ഡിപ്ലോമാറ്റിക് ബാഗേജ് വിട്ടുകിട്ടാനായി കസ്റ്റംസില്‍ ഇയാള്‍ സമ്മര്‍ദ്ദം ചെലുത്തിയിരുന്നു.