ഇന്ന് ശ്രീകൃഷ്ണ ജയന്തി: വീഥിയെങ്ങും പീലി ചൂടി ഉണ്ണിക്കണ്ണൻമാർ നിറയും

0

തിരുവനന്തപുരം : ഇന്ന് അമ്പാടിക്കണ്ണന്റെ പൊന്‍പിറന്നാള്‍‌. അവതാര കഥകളിലെ കുസൃതികളുമായി, കൊടിതോരണങ്ങളാൽ അലങ്കരിച്ച വീഥികളിൽ, പീലി ചൂടി ഉണ്ണിക്കണ്ണൻമാർ നിറയും. ഒപ്പം നടന ചാരുതയുമായി ഗോപികമാരും. കംസ നിഗ്രഹവും വിശ്വരൂപ ദർശനവും സ്വർഗാരോഹണവും കൃഷ്ണ ലീലകളായി മാറുമ്പോൾ നാട് മഥുരാപുരിയുടെ ഓർമകളിൽ ലയിക്കും. നിറപറ വച്ചും നിലവിളക്കും തെളിച്ചും ശോഭായാത്രയെ ഭക്തർ വരവേൽക്കും.

ബാലഗോകുലത്തിന്‍റെ നേതൃത്വത്തിൽ സംസ്ഥാനത്ത് പതിനായിരത്തിലേറെ കേന്ദ്രങ്ങളിൽ ശ്രീകൃഷ്ണ ജയന്തി ശോഭാ യാത്രകൾ സംഘടിപ്പിച്ചിട്ടുണ്ട്. ഗുരുവായൂർ അടക്കമുള്ള പ്രധാന ശ്രീ കൃഷ്ണ ക്ഷേത്രങ്ങളിൽ എല്ലാം പ്രത്യേക ചടങ്ങുകൾ ഉണ്ട്. കുട്ടികൾക്കായി വിവിധ സംഘടനകൾ മത്സരങ്ങളും കലാപരിപാടികളും സംഘടിപ്പിച്ചിട്ടുണ്ട്. കൊവിഡ് നിയന്ത്രണങ്ങൾ പിൻവലിച്ചശേഷം ഉള്ള ആദ്യ ശ്രീ കൃഷ്ണ ജയന്തി ആയതിനാൽ ആഘോഷങ്ങൾ വിപുലമാക്കിയിട്ടുണ്ട്.

അഷ്ടമിരോഹിണി ദിനമായ ഇന്ന് ഗുരുവായൂരിൽ പ്രത്യേക പൂജയും വഴിപാടുകളും ഉണ്ടായിരിക്കും. തിരക്ക് കുറയ്ക്കുന്നതിന് ദർശന ക്രമീകരണം ഒരുക്കിയിട്ടുണ്ട്. സീനിയർ സിറ്റിസൺ, തദ്ദേശീയർ എന്നിവർക്കുള്ള ദർശനം രാവിലെ നാലു മുതൽ 5 മണിവരെയുള്ള സമയത്തേക്ക് മാത്രമായി ക്രമീകരിക്കും. രാവിലെ 6 മുതൽ ഉച്ചതിരിഞ്ഞ് 2 മണി വരെ ശയനപ്രദക്ഷിണം ഉൾപ്പെടെ ഒരു പ്രദക്ഷിണവും ക്ഷേത്രത്തിൽ അനുവദിക്കില്ല.

കുഞ്ഞുങ്ങൾക്ക് ചോറൂണ് വഴിപാട് നടത്താം. എന്നാൽ ചോറൂണ് വഴിപാട് കഴിഞ്ഞ കുട്ടികൾക്ക് ദർശന സൗകര്യം ഉണ്ടാകില്ല. മുപ്പതിനായിരം പേർക്ക് ക്ഷേത്രത്തിൽ പിറന്നാൾ സദ്യയും നൽകും. അതേസമയം ചരിത്രത്തിൽ ആദ്യമായി ഗുരുവായൂരപ്പന്റെ സ്വർണ്ണക്കോലം ബാലകൃഷ്ണൻ എന്ന ആന ഇന്ന് ശിരസിലേറ്റും. ആറന്മുള അഷ്ടമിരോഹിണി വള്ളസദ്യയും ഇന്നാണ്.