ഇന്ന് അത്തം, പത്താം നാൾ തിരുവോണം ;വീണ്ടും ഒരു കോവിഡ് ഓണക്കാലം കൂടെ

Today is ‘Atham’; time for another ‘Onam’ season amid pandemic situation 

0

വീണ്ടും പൊന്നോണത്തിന് ഒരുങ്ങി മലയാളക്കര. ഓണത്തിന് തുടക്കമിട്ട് ഇന്ന് അത്തം. ഇന്ന് മുതല്‍ പൂക്കളമിടലിനും തുടക്കമാകും. ഇന്ന് സൂര്യോദയം കഴിഞ്ഞുള്ള അല്‍പ്പനേരം ഉത്രം നക്ഷത്രമാണെങ്കിലും രാവിലെ 8.54 മുതല്‍ അത്തം തുടങ്ങി. അത് നാളെ രാവിലെ എട്ടു മണി വരെ നീളും എന്നതിനാല്‍ നാളേയും അത്തമാണെന്ന് പറയാം.

കര്‍ക്കിടകത്തിലാണ് അത്തം എന്ന പ്രത്യേകത കൂടി ഇത്തവണയുണ്ട്. അഞ്ചുനാള്‍ക്ക് ശേഷമാണ് അത്തം.  കോവിഡ് വ്യാപന ഭീതി നിലനില്‍ക്കുന്നതിനാല്‍ സംസ്ഥാനത്ത് നിയന്ത്രണങ്ങളോടെയാണ് ഓണാഘോഷം. ഓണത്തോടനുബന്ധിച്ച് സംസ്ഥാന സര്‍ക്കാര്‍ നിയന്ത്രണങ്ങള്‍ക്ക് അല്‍പം ഇളവ് പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും ഇത്തവണയും മലയാളികളുടെ ഓണാഘോഷം വീട്ടിനുള്ളില്‍ ഒതുങ്ങും.

അതിനാല്‍ ഇത്തവണത്തെ അത്തച്ചമയത്തിനും വലിയ ആഘോഷങ്ങള്‍ ഇല്ലാതെ ചടങ്ങുകളില്‍ മാത്രമായി ഒതുക്കി. ഇന്ന് രാവിലെ പത്തിന് തൃപ്പൂണിത്തുറ ബോയ്‌സ് ഹൈസ്‌കൂള്‍ ഗ്രൗണ്ടില്‍ മന്ത്രി പി രാജീവ് പതാക ഉയര്‍ത്തി. അത്തം നഗറില്‍ ഉയര്‍ത്താനുളള പതാക രാജകുടുംബത്തിന്റെ പ്രതിനിധിയായ നിര്‍മല തമ്പുരാനില്‍ നിന്ന് തൃപ്പൂണിത്തുറ നഗരസഭാധ്യക്ഷ ഏറ്റുവാങ്ങി. രാജ കുടുംബത്തിന്റെ പ്രതിനിധിയായി ഒരു സ്ത്രീ അത്തം പതാക കൈമാറുന്നത് ഇതാദ്യമായിട്ടാണെന്ന പ്രത്യേകത ഇത്തവണയുണ്ട്.

അത്തച്ചമയത്തോട് അനുബന്ധിച്ചുള്ള കഥംകളി, ഓട്ടം തുളളല്‍ അടക്കമുളള കലാമത്സരങ്ങള്‍ ഓണ്‍ലൈനായി നടത്തും. പരമ്പരാഗത കലാരൂപങ്ങളെ പ്രോത്സാഹിപ്പിക്കാനും യുവാക്കളെ പ്രോത്സാഹിപ്പിക്കാനും ഓണ്‍ലൈന്‍ മത്സരങ്ങളുമായി സാംസ്‌ക്കാരിക സമിതികളും ക്ലബ്ബുകളും ഇത്തവണയും പരിപാടികള്‍ സംഘടിപ്പിച്ചിട്ടുണ്ട്.

 

Today is ‘Atham’; time for another ‘Onam’ season amid pandemic situation