സമസ്തയുടെ പ്രെസിഡന്റിനു ഭീഷണി;പിറകോട്ടില്ലെന്ന്‌ ജിഫ്രി മുത്തു കോയ തങ്ങള്‍

Threat for Samastha President

0

ദുരൂഹ സാഹചര്യത്തില്‍ മരണപ്പെട്ട കാസര്‍കോട് ചെമ്പരിക്ക ഖാസി സി.എം.അബ്ദുല്ല മുസ് ലിയാരുടെ അനുഭവം ഉണ്ടാകുമെന്ന് ഭീഷണിപ്പെടുത്തുന്നതായി സമസ്ത പ്രസിഡന്റ് ജിഫ്രി മുത്തു കോയ തങ്ങള്‍. ഭീഷണിപ്പെടുത്തലില്‍ തളരില്ല. അതില്‍ തളര്‍ന്ന് പിറകോട്ട് പോകില്ലെന്നും ജിഫ്രി തങ്ങള്‍ പറഞ്ഞു.

മലപ്പുറത്ത് പരിപാടിയില്‍ പങ്കെടുത്ത് സംസാരിക്കേവേയാണ് തങ്ങള്‍ ഇക്കാര്യം വെളിപ്പെടുത്തിയത്. സമസ്ത വൈസ് പ്രസിഡന്റായിരുന്ന സി.എം. അബ്ദുള്ള മൗലവി 2010ലാണ് മരിക്കുന്നത്. ചെമ്പരിക്ക ഖാസിയുടെ അനുഭവം തനിക്കുണ്ടായാല്‍ തനിക്കെതിരെ എഴുതുന്നവരെ ആദ്യം പിടിച്ചാല്‍ മതി.

ഭീഷണികളില്‍ ഭയന്ന് നിലപാടുകളില്‍ നിന്ന് പിറകോട്ട് പോകാന്‍ താന്‍ ഒരുക്കമല്ല. ഒരു പ്രസ്ഥാനവുമായിട്ട് മുന്നോട്ടു പോവുന്നത് വലിയ പ്രയാസമുള്ള കാര്യമാണ്. പല ഓഫറുകളും ഇപ്പോള്‍ ഉണ്ട്, സി. എമ്മിന്റെ അനുഭവം ഉണ്ടാവും എന്നൊക്കെ പല വിവരമില്ലാത്തവരും വിളിച്ച് പറഞ്ഞിട്ടുണ്ട്.

അങ്ങനെ ആണ് മരണമെങ്കില്‍ ചിലപ്പോള്‍ അങ്ങനെ ആവും. വഖഫ് വിഷയത്തില്‍ മുസ്ലിംലീഗ് തീരുമാനങ്ങള്‍ക്ക് വിരുദ്ധമായി നിലപാട് എടുത്തതിന് പിന്നാലെ ജിഫ്രി തങ്ങള്‍ക്കെതിരെ സോഷ്യല്‍ മീഡിയയിലൂടെ ആക്രമണമുണ്ടായിരുന്നു. അതിനു പിന്നാലെയാണ് വധഭീഷണിയുള്ളതായി അദ്ദേഹം വെളിപ്പെടുത്തിയിരിക്കുന്നത്.

വഖഫ് വിഷയത്തില്‍ പള്ളികളില്‍ പ്രതിഷേധം നടത്തുന്നതിനെതിരെ ജിഫ്രി തങ്ങള്‍ നിലപാട് എടുത്തതിന് പിന്നാലെയായിരുന്നു ഇത്. സമസ്ത നിലപാടിനെ തുടര്‍ന്ന് പള്ളികളിലെ പ്രതിഷേധത്തില്‍ നിന്ന് ലീഗിന് പിന്‍വാങ്ങേണ്ടി വന്നിരുന്നു. മുഖ്യമന്ത്രി പിണറായി വിജയന്‍ തന്നെ വിളിച്ച് ചര്‍ച്ചയ്ക്ക് സന്നദ്ധത അറിയിച്ചിട്ടുണ്ടെന്നും സര്‍ക്കാരില്‍ വിശ്വാസമുണ്ടെന്ന് ജിഫ്രി തങ്ങള്‍ അറിയിക്കുയും ചെയ്തിരുന്നു.

സി.എം. അബദുള്ള മുസ്ലിയാരെ 2010 ഫെബ്രുവരി 15ന് പുലര്‍ച്ചെ കടലില്‍ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. ദുരൂഹ സാഹചര്യത്തിലുള്ള ഖാസിയുടെ മരണം കൊലപാതകമാണെന്നും അന്വേഷണം വേണമെന്നും കുടുംബവും സമസ്തയും നേരത്തെ തന്നെ ആവശ്യപ്പെട്ടിരുന്നു.

Threat for Samastha President