നന്മയുടെ സമൃധിയുടെ ഓണം ;മഹാമാരിയില്ലാക്കാലത്തെ സ്വപ്നം കണ്ട് ഇക്കുറിയും മലയാളിയുടെ ഓണം

Thiruvonam 2021

0

മലയാളികള്‍ക്ക് ഇന്ന്, മഹാമാരിക്കു നടുവിലെ രണ്ടാമത്തെ തിരുവോണം. പൊതുസ്ഥലങ്ങളിലെ ആഘോഷങ്ങളിലാത്ത ഓണമാണ് ഇത്തവണയുമെങ്കിലും വീട്ടകങ്ങളില്‍ ആഘോഷത്തിനു കുറവില്ല. കോവിഡ് സൃഷ്ടിച്ച തൊഴിലില്ലായ്മയും വരുമാന നഷ്ടവും അതിരൂക്ഷമാണെങ്കിലും ‘കാണം വിറ്റും ഓണമുണ്ണണമെന്ന’ പഴമൊഴിയുടെ നേര്‍ചിത്രമാണ് ഇന്നലെ സംസ്ഥാനത്തുടനീളം കണ്ടത്.

കടുത്ത കോവിഡ് നിയന്ത്രണങ്ങള്‍ നിലനില്‍ക്കുമ്പോഴും സംസ്ഥാനത്തുടനീളം ഉത്രാടപ്പാച്ചിലില്‍ വന്‍ തിരക്കാണ് അനുഭവപ്പെട്ടത്. തിരുവനന്തപുരവും കൊച്ചിയും കോഴിക്കോടും ഉള്‍പ്പെടെയുള്ള പ്രധാന നഗരങ്ങളിലെ വസ്ത്രവ്യാപാരക്കടകളിലും പച്ചക്കറി ചന്തകളിലും പൂവില്‍പ്പന കേന്ദ്രങ്ങളിലും വന്‍ തിരക്ക് അനുഭവപ്പെട്ടു. മേയ് എട്ടു മുതല്‍ സംസ്ഥാനത്ത് ആരംഭിച്ച ലോക്ക്ഡൗണ്‍ ഇനിയും പിന്‍വലിച്ചിട്ടില്ല. ഇത്തേത്തുടര്‍ന്ന് ഭീമമായ വ്യാപാരനഷ്ടം നേരിട്ട കച്ചവടക്കാര്‍ ആശ്വാസം പകരുന്നതാണ് ഓണക്കാലത്തെ തിരക്ക്.

സാധാരണഗതിയില്‍ ഓണക്കാലത്ത് ഏറ്റവും വില കൂടുന്നത് പച്ചക്കറികള്‍ക്കാണ്. എന്നാല്‍ ഇത്തവണ പച്ചക്കറി വില കാര്യമായി വര്‍ധിച്ചില്ല. നേന്ത്രപ്പഴത്തിനും വിലവര്‍ധനയുണ്ടായിരുന്നില്ല. സംസ്ഥാനത്ത് പൂവിപണി കഴിഞ്ഞ ദിവസങ്ങളിലൊന്നും കാര്യമായി സജീവമായിരുന്നില്ല. എന്നാല്‍ ഇന്ന് പൂക്കള്‍ക്ക് ആവശ്യക്കാര്‍ ഏറെ എത്തി. ഇത്തവണ വളരെ കുറഞ്ഞ അളവിലാണ് സംസ്ഥാനത്ത് പൂക്കളെത്തിയത്. കുറഞ്ഞ വിലയ്ക്ക് സാധനങ്ങള്‍ ലഭ്യമാക്കാന്‍ സര്‍ക്കാര്‍ സംസ്ഥാനത്തുടനീളം ആരംഭിച്ച ഓണച്ചന്തകളില്‍ വന്‍ തിരക്കാണ് അനുഭവപ്പെട്ടത്.

മഹാമാരിക്കാലത്ത് പ്രതിസന്ധി അതിജീവിക്കാനായി 90 ലക്ഷത്തോളം ഗുണഭോക്താക്കള്‍ക്കാണ് സംസ്ഥാന സര്‍ക്കാര്‍ ഓണം സ്‌പെഷല്‍ ഭക്ഷ്യക്കിറ്റ് വിതരണം ചെയ്യുന്നത്. എന്നാല്‍ കിറ്റ് വിതരണം പൂര്‍ണമാക്കാന്‍ സര്‍ക്കാരിനു കഴിഞ്ഞിട്ടില്ല. ഓണം കഴിഞ്ഞും കിറ്റ് വാങ്ങാവുന്നതാണെന്നു സര്‍ക്കാര്‍ അറിയിച്ചിട്ടുണ്ട്. 25 ലക്ഷത്തിലധികം സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്കുള്ള ഭക്ഷ്യകിറ്റ് വിതരണവും നടന്നു. ഇതോടൊപ്പം ഓഗസ്റ്റ്, സെപ്റ്റംബര്‍ മാസങ്ങളിലെ ക്ഷേമ പെന്‍ഷനുകള്‍ ഒരുമിച്ച് നല്‍കുകയും ചെയ്തു.

അത്തം പത്തിനു പൊന്നോണം എന്നാണു പഴമൊഴിയെങ്കിലും ഇത്തവണ അത്തം ഒന്‍പതിനാണു തിരുവോണം. അത്തത്തിനു ശേഷമുള്ള ചിത്തിര, ചോതി എന്നീ നാളുകള്‍ ഒരു ദിവസം വരുന്നതുകൊണ്ടാണ് ഇത്തവണ അത്തം ഒന്‍പതിന് തിരുവോണം വരുന്നത്.

 

Thiruvonam 2021