വൈറസ് വ്യാപനം കുറഞ്ഞതോടെ കുടുതൽ ഇളവുകൾ പ്രഖ്യാപിച്ച് കർണ്ണാടക സർക്കാർ

0

 

 

കൂടുതൽ ഇളവുകൾ പ്രഖ്യാപിച്ച് കർണാടക സർക്കാർ. ഹോട്ടലുകളിൽ 50 ശതമാനം സീറ്റുകളിൽ ആളുകൾക്ക് ഇരുന്ന് ഭക്ഷണം കഴിക്കാനും അനുമതി നൽകി. പൊതുഗതാഗതവും ഭാഗീകമായി അനുവദിച്ചിട്ടുണ്ട്. കൂടാതെ ജിമ്മുകൾക്കും തുറക്കാൻ അനുമതി നൽകി. കൊവിഡ് വൈറസ് വ്യാപനം കുറഞ്ഞതോടെയാണ് ഇളവുകൾ പ്രഖ്യാപിച്ചത്.

സംസ്ഥാനത്തെ എല്ലാ കടകളും രാവിലെ ആറ് മുതൽ വൈകീട്ട് അഞ്ചു മണി വരെ തുറന്നുപ്രവർത്തിക്കാം. ബെംഗളൂരു ഉൾപ്പടെ 16 ജില്ലകളിലാണ് കൂടുതൽ ഇളവുകൾ പ്രഖ്യാപിച്ചത്. അതേസമയം ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് ഉയർന്ന 13 ജില്ലകളിൽ ലോക്ഡൗൺ നിയന്ത്രണങ്ങൾ തുടരും. വൈകീട്ട് ഏഴ് മുതൽ രാവിലെ അഞ്ചു വരെ ഏർപ്പെടുത്തിയ രാത്രികാല കർഫ്യൂ സംസ്ഥാനത്തുടനീളം തുടരും.

അതിനിടെ തെലുങ്കാനയിൽ ലോക്ക്ഡൗൺ പൂർണമായും പിൻവലിച്ചു. ടെസ്റ്റ് പൊസിറ്റിവിറ്റി നിരക്ക് ഒരു ശതമാനമായതിന് പിന്നാലെയാണ് തീരുമാനം. അടുത്തദിവസം മുതൽ സ്കൂളുകൾ തുറക്കാനും തീരുമാനമായിട്ടുണ്ട്. തമിഴ്നാട്ടിൽ ഇന്നലെ 8,183 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. മഹാരാഷ്ട്രയിൽ 8,912 പേർക്കും കർണാടകയിൽ 5,815 പേർക്കും ആന്ധ്രപ്രദേശിൽ 5,674 പേർക്കും പശ്ചിമബംഗാളിൽ 2,486 പേർക്കും ഒഡീഷയിൽ 3,427 പേർക്കും ആസാമിൽ 3,571 പേർക്കും തെലുങ്കാനയിൽ 1,362 പേർക്കും ഇന്നലെ രോഗം സ്ഥിരീകരിച്ചു.