വില്ലേജ് ഓഫീസർ പ്രതികളുടെ താളത്തിന് തുള്ളി ; മരംമുറിയിൽ സർക്കാർ ഉത്തരവ് നിലവിലെ നിയമങ്ങളെ മറികടക്കുന്നതെന്ന് ഹൈക്കോടതി

0

 

മരംമുറി വിഷയത്തിൽ സർക്കാർ ഉത്തരവ് നിലവിലെ നിയമങ്ങളെ മറികടക്കുന്നതെന്ന് ഹൈക്കോടതി. മരം മുറിക്കാൻ പ്രതികൾ ഉദ്യോഗസ്ഥരെ സ്വാധീനിച്ചു. രേഖകളിൽ കൃത്രിമം കാണിച്ചു. വില്ലേജ് ഓഫീസർ പ്രതികളുടെ താളത്തിന് തുള്ളിയെന്നും കോടതി വിമർശിച്ചു.

മുട്ടിൽ മരംമുറി കേസിൽ പ്രതികളുടെ മുൻകൂർ ജാമ്യാപേക്ഷ തള്ളിക്കൊണ്ടാണ് സർക്കാർ ഉത്തരവിനെ കോടതി നിശിതമായി വിമർശിച്ചത്. പ്രതികൾക്ക് പൂർണമായും കീഴടങ്ങിക്കൊണ്ട്, അവർക്ക് ആവശ്യമായ രേഖകൾ വില്ലേജ് ഓഫീസർ നൽകിയെന്ന് കോടതി പറഞ്ഞു.

ഒരു വില്ലേജ് ഓഫീസർ എങ്ങനെയാണ് ഇത്തരത്തിൽ പ്രവർത്തിക്കുകയെന്ന് കോടതി ചോദിച്ചു. മാത്രമല്ല, പ്രതികൾ വിവിധ രേഖകളിൽ കൃത്രിമം കാട്ടിയാണ് മരംമുറിച്ചുകൊണ്ടു പോകാൻ അനുമതി നേടിയത്. ഇതിനും വില്ലേജ് ഓഫീസർ പ്രതികളെ സഹായിച്ചു എന്നും കോടതി ചൂണ്ടിക്കാട്ടി.

നിയമപരമായ നിയന്ത്രണങ്ങളെ ഇത്തരത്തിലുള്ള എക്‌സിക്യൂട്ടീവ് ഉത്തരവുകൾ വഴി മറികടക്കുന്നത് അസ്വസ്ഥജനകമെന്നും ഹൈക്കോടതി ഉത്തരവിൽ അഭിപ്രായപ്പെട്ടു.