ഗവർണർ പ്രാദേശിക സംഘപരിവാർ നേതാവിനേക്കാൾ തരംതാണുപോയി; അദ്ദേഹത്തിന്‍റേത് രാഷ്ട്രീയ തറവേലയെന്നും എം വി ജയരാജന്‍

0

കണ്ണൂര്‍: കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാന്‍ പ്രാദേശിക സംഘപരിവാർ നേതാവിനേക്കാൾ തരം താണുപോയി എന്ന് സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി എം വി ജയരാജന്‍. ഗവര്‍ണര്‍ ഇത്ര അധപതിക്കാൻ പാടില്ല. രാഷ്ട്രീയ തറ വേലയാണ് ഗവർണറിൽ നിന്ന് ഉണ്ടാകുന്നത് എന്നും എം വി ജയരാജന്‍ പറഞ്ഞു.

ചാൻസിലറും പ്രോ, വൈസ് ചാൻസിലര്‍മാരും തമ്മിൽ സൗഹൃദാന്തരീക്ഷമാണ് ഉണ്ടാകേണ്ടത്. എന്നാൽ ഗവർണർ മുൻ ഗവർണർമാരുടേതിൽ നിന്ന് വ്യത്യസ്തമായ സമീപനമെടുക്കുന്നു. അത് തെറ്റായ നടപടിയാണ്. ചാൻസിലർ എന്ന അധികാര ഗർവ്വിൽ, നിയമാനുസൃതം നിയമിക്കപ്പെട്ട വിസിയെ അധിക്ഷേപിക്കുന്നത് ശരിയല്ല.

മുൻ ഗവർണർ മെറിറ്റും നിയമവും നോക്കിയാണ് ഇപ്പോഴത്തെ വിസിയെ നിയമിച്ചത്. സുപ്രീം കോടതി മുൻ ന്യായാധിപനായിരുന്ന ആൾ നിയമിച്ചതാണ് ഇപ്പോഴത്തെ വിസിയെ. പുനർ നിയമനത്തിന് അനുമതി കൊടുത്തപ്പോൾ വിസിയുടെ യോഗ്യതകൾ ഇപ്പോഴത്തെ ഗവർണർ പരിശോധിച്ചിരിക്കുമല്ലോ. അന്ന് പറയാതെ ഇപ്പോൾ കൊള്ളരുതാത്തവൻ എന്ന് പറയുന്നത് ആശ്ചര്യജനകമായ കാര്യമാണ്.

എല്ലാ നിയമനങ്ങളും പരിശോധിക്കട്ടെ. തെറ്റായ കാര്യം നടന്നിട്ടുണ്ടെങ്കിൽ ഗവർണർ കൂടി ഉത്തരവാദിയാണ്.
ഗവർണർ മറ്റാരോ പറയുന്നതിനനുസരിച്ച് കാര്യങ്ങൾ ചെയ്യുകയാണ്. രാവിലെ ബിജെപി നേതാവ് പ്രതികരിക്കും. ഉച്ചക്ക് പ്രതിപക്ഷ നേതാവ് സംസാരിക്കും എന്ന സ്ഥിതിയായി. ഗവർണർ പദവിയിലിരുന്ന് രാഷ്ട്രീയം കളിക്കാൻ തുടങ്ങിയാൽ അത് ഭരണ ഘടനക്ക് എതിരാണ്. കോൺഗ്രസിൻ്റെയും ബിജെപിയുടെയും പണി ഗവർണർ അവർക്ക് വിട്ടു കൊടുക്കണം

ഓർഡിനൻസ് ബില്ലായാൽ ഒപ്പിടില്ലെന്നാണ് ഗവർണർ പറയുന്നത്. രാജ്ഭവനിലെ 200 ഓളം ജീവനക്കാർ പി എസ് സി വഴി വന്നവരാണോ? മറ്റുള്ളവരെ കുറ്റം പറയുമ്പോൾ അതു കുടി നോക്കണം. മുഴുവൻ നിയമങ്ങളും പി എസ് സിക്ക് വിടാൻ ഗവർണർ തയ്യാറുണ്ടോ?ഏക പക്ഷീയമായ വെട്ടലാണ് ഗവർണർ നടത്തുന്നത്. ഗവർണർ പദവിയിലിരുന്ന് രാഷ്ട്രീയം കളിക്കാൻ തുടങ്ങിയാൽ അത് ഭരണഘടനക്ക് എതിരാണ്. കോൺഗ്രസിന്‍റെയും ബിജെപിയുടെയും പണി ഗവർണർ അവർക്ക് വിട്ടു കൊടുക്കണമെന്നും ജയരാജന്‍ പറ‌ഞ്ഞു.