രഞ്ജിത് വധം;SDPI കൗൺസിലറും;പത്ത് പേര്‍ കസ്റ്റഡിയില്‍

Ten people are in custody in the case

0

ആലപ്പുഴ; ബിജെപി നേതാവ് രഞ്ജിത് ശ്രീനിവാസന്‍ കൊല്ലപ്പെട്ട കേസില്‍ പത്ത് പേര്‍ കസ്റ്റഡിയില്‍. ഇവരെല്ലാവരും എസ്ഡിപിഐ പ്രവര്‍ത്തകരാണ്. മൂന്നുപേര്‍ കൊലയാളി സംഘങ്ങളുമായി ബന്ധമുള്ളവരാണെന്നാണ് പ്രാഥമികമായി ലഭിക്കുന്ന റിപ്പോര്‍ട്ടുകള്‍.ഇവരെ പോലീസ് ചോദ്യം ചെയ്ത് വരികയാണ്.

അക്രമികള്‍ ഉപയോഗിച്ചിരുന്ന ബൈക്കും പോലീസ് കണ്ടെടുത്തിട്ടുണ്ട്. ഈ ബൈക്കില്‍ ചോരക്കറ കണ്ടെത്തിയതായിട്ടാണ് പുറത്തു വരുന്ന വിവരം.രഞ്ജിത്തിനെ കൊലപ്പെടുത്തിയ സംഭവത്തില്‍ ആലപ്പുഴ നഗരസഭാ കൗണ്‍സിലറെ പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു.എസ്ഡിപിഐ നേതാവ് കൂടിയായ സലിം മുല്ലാത്തിനെയാണ് ആലപ്പുഴ സൗത്ത് പോലീസ് കസ്റ്റഡിയിലെടുത്തത്. ഇയാളെ പോലീസ് ചോദ്യം ചെയ്ത് വരികയാണെന്നാണ് വിവരം.

കേസുമായി ബന്ധപ്പെട്ട വിശദ വിവരങ്ങള്‍ പോലീസ് പുറത്തുവിട്ടിട്ടില്ല.ഇതുവരെ അറുപതോളം പേരെ പോലീസ് ചോദ്യം ചെയ്തിട്ടുണ്ട്. സംഭവത്തില്‍ കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്ന് ആവിശ്യപ്പെട്ട് കേരള ബാര്‍ കൗണ്‍സില്‍ പ്രമേയം പാസാക്കി. കേസില്‍ പോലീസിനോട് നടപടി ആവശ്യപ്പെട്ടാണ് പ്രമേയം പാസാക്കിയിരിക്കുന്നത്.വീട്ടില്‍ കയറി ഭാര്യയ്ക്കു മക്കള്‍ക്കും മുന്നില്‍ വെച്ച് കൊലപ്പെടുത്തിയിട്ടും പോലീസിന് യഥാര്‍ത്ഥ പ്രതികളെ കണ്ടെത്താന്‍ സാധിക്കാത്തതിനെതിരെ വ്യാപക വിമര്‍ശനങ്ങളാണ് ഉയരുന്നത്.

കേസില്‍ 12 ഓളം പേര്‍ക്ക് പങ്കുണ്ടെന്നാണ് പോലീസ് പറയുന്നത്.ഞാറാഴ്ച രാവിലെയാണ് രഞ്ജിത്തിനെ വെട്ടി കൊലപ്പെടുത്തിയത്. മുപ്പതോളം മുറിവുകള്‍ രഞ്ജിത്തിന്റെ ശരീരത്തിലുണ്ടായിരുന്നു.ആഴത്തിലുള്ള ഇരുപതിലധികം മുറിവുകളാണ് മരണത്തിന് കാരണമായത്.

തലയിലും കഴുത്തിലുമേറ്റ ഗുരുതരമായ മുറിവാണ് മരണത്തിന് കാരണമായതെന്ന് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നു.അതേസമയം ആലപ്പുഴയില്‍ പ്രഖ്യാപിച്ചിരുന്ന നിരോധനാജ്ഞ നീട്ടി.ജില്ലയില്‍ സംഘര്‍ഷ സാധ്യത നിലനില്‍ക്കുന്നുവെന്നാണ് ജില്ലാപോലീസ് മേധാവിയുടെ റിപ്പോര്‍ട്ട്. ബുധനാഴ്ച രാവിലെ ആറ് മണി വരെ നിരോധനാജ്ഞ തുടരും.സംസ്ഥാനത്ത് മൂന്ന് ദിവസം കര്‍ശന പരിശോധന നടത്തണമെന്നാണ് ഡിജിപിയുടെ നിര്‍ദേശം. ്

സംസ്ഥാനത്ത് ജാഥ നടത്തുന്നതിനും ഉച്ചഭാഷിണി ഉപയോഗിക്കുന്നതിനും നിയന്ത്രണം ഏര്‍പ്പെടുത്താനാണ് തീരുമാനം.മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ 24 മണിക്കൂറും അവരവരുടെ ആസ്ഥാനത്ത് ഉണ്ടായിരിക്കണമെന്നും സംസ്ഥാന പോലീസ് മേധാവി നിര്‍ദ്ദേശിച്ചിട്ടുണ്ട്.ജില്ലാ കളക്ടറുടെ നേതൃത്വത്തില്‍ സര്‍വകക്ഷി യോഗം വൈകീട്ട് നാലിന് കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടക്കും.

തിങ്കളാഴ്ചയായിരുന്നു ആദ്യം സര്‍വ്വ കക്ഷിയോഗം വിളിച്ചിരുന്നത്. എന്നാല്‍ ബിജെപിക്കാര്‍ക്ക് പങ്കെടുക്കാന്‍ സാധിക്കാത്തതിനാല്‍ ചൊവ്വാഴ്ച്ചത്തേയ്ക്ക് മാറ്റിയതായിരുന്നു.മന്ത്രിമാരായ സജി ചെറിയാന്‍, പി പ്രസാദ് എന്നിവരുടെ നേതൃത്വത്തില്‍ ചേരുന്ന യോഗത്തില്‍ എംപിമാര്‍, എംഎല്‍എമാര്‍ ജനപ്രതിനിധികള്‍ ഉള്‍പ്പെടെയുള്ളവരും യോഗത്തില്‍ പങ്കെടുക്കും. സര്‍വ്വകക്ഷി യോഗത്തിനുശേഷം ഉന്നത പോലീസ് ഉദ്യോഗസ്ഥരുടെ യോഗവും ചേരും.

Ten people are in custody in the case