ബക്രീദിന് സംസ്ഥാനത്ത് കൂടുതല്‍ ഇളവുകള്‍; സര്‍ക്കാരിനോട് വിശദീകരണം തേടി സുപ്രീം കോടതി,ഇന്ന് തന്നെ മറുപടി സത്യാവാങ്മൂലം നല്‍കണമെന്ന് കോടതി ഉത്തരവിട്ടു!

Supreme Court Seeks Kerala's Reply Over Easing Of Covid Norms For Bakrid

0

ന്യൂദല്‍ഹി: സംസ്ഥാനത്ത് ബക്രീദിനോട് അനുബന്ധിച്ച് കൂടുതല്‍ ഇളവു നല്‍കിയതില്‍ സര്‍ക്കാരിനോട് വിശദീകരണം തേടി സുപ്രീം കോടതി. ലോക്‌ഡൗൺ  ഇളവുകള്‍ നല്‍കിയതിനെതിരെ സമര്‍പ്പിച്ച ഹര്‍ജിയിലാണ് നടപടി. ഇന്ന് തന്നെ മറുപടി സത്യാവാങ്മൂലം നല്‍കണമെന്ന് കോടതി ഉത്തരവിട്ടു. ലോക്ഡൗണ്‍ ഇളവുകള്‍ നല്‍കിയതിനെതിരെ ഡല്‍ഹി മലയാളി പികെഡി നമ്പ്യാരാണ് ഹര്‍ജി നല്‍കിയത്.

അഭിഭാഷകന്‍ വികാസ് സിംഗ് മുഖേനയായിരുന്നു ഹര്‍ജി സമര്‍പ്പിച്ചത്. കേരളത്തില്‍ ടിപിആര്‍ 10 ശതമാനത്തിന് മുകളിലാണ്. ടിപിആര്‍ രണ്ട് ശതമാനമുള്ള ഉത്തര്‍പ്രദേശില്‍ കന്‍വാര്‍ യാത്രയ്ക്ക് കോടതി അനുമതി നിഷേധിച്ചിരുന്നു. ടിപിആര്‍ നിരക്ക് കൂടുതലുള്ള കേരളത്തില്‍ കൂടുതല്‍ ഇളവുകള്‍ നല്‍കുന്നത് ആളുകളെ ജീവന്‍ അപകടത്തിലാക്കുമെന്ന് ഹര്‍ജിയില്‍ വ്യക്തമാക്കിയിരുന്നു.

എന്നാല്‍, ബക്രീദിന് അധിക ഇളവുകള്‍ നല്‍കിയിട്ടില്ലെന്നാണ് സര്‍ക്കാരിനു വേണ്ടി ഹാജരായ സ്റ്റാന്‍ഡിംഗ് കൗണ്‍സില്‍ ജി പ്രകാശ് വാദിച്ചത്. ചില പ്രദേശങ്ങളില്‍ കടകള്‍ തുറക്കുന്നതിന് സൗകര്യം ഒരുക്കുകയും സമയം പുന:ക്രമീകരിക്കുകയും മാത്രമാണ് ചെയ്തത്. അതുകൊണ്ട് തന്നെ മറുപടി സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ സര്‍ക്കാരിനെ അനുവദിക്കണമെന്നും സര്‍ക്കാര്‍ അഭിഭാഷകന്‍ ആവശ്യപ്പെട്ടു.

ഇതേ തുടര്‍ന്നാണ്  സത്യാവാങ്മൂലം നല്‍കാന്‍ കോടതി ആവശ്യപ്പെട്ടത്. ജസ്റ്റിസ് രോഹിംഗ്ടണ്‍ നരിമാന്‍ അദ്ധ്യക്ഷനായ ബെഞ്ചാണ് ഹര്‍ജി പരിഗണിച്ചത്. നാളെ രാവിലെ ആദ്യത്തെ കേസായി ഹര്‍ജി പരിഗണിക്കുമെന്ന് കോടതി അറിയിച്ചു.

 

 

Supreme Court Seeks Kerala’s Reply Over Easing Of Covid Norms For Bakrid