‘സ്റ്റാന്‍ലി’ ഇതാ എത്തി; റോഷന്‍ ആന്‍ഡ്രൂസിന്‍റെ ‘സാറ്റര്‍ഡേ നൈറ്റ്സി’ല്‍ നിവിന്‍ പോളി

0

സ്റ്റാന്‍ലി ആരാണ് എന്ന ചര്‍ച്ചയിലായിരുന്നു കഴിഞ്ഞ ഏതാനും ദിവസങ്ങളായി സോഷ്യല്‍ മീഡിയയിലെ സിനിമാപ്രേമികള്‍. വരാനിരിക്കുന്ന ഒരു പ്രഖ്യാപനത്തിന്‍റെ സൂചന എന്ന തരത്തില്‍ പ്രത്യക്ഷപ്പെട്ട പോസ്റ്ററുകളിലെ പേര് ആയിരുന്നു സ്റ്റാന്‍ലി. ഒരു സിനിമാ പ്രഖ്യാപനം ആയിരിക്കും ഇതെന്ന് മനസിലാക്കിയതോടെ ആരാവും ആ കഥാപാത്രത്തെ അവതരിപ്പിക്കുക എന്ന ചര്‍ച്ചകളും ആരംഭിച്ചിരുന്നു. മോഹന്‍ലാലും മമ്മൂട്ടിയും പൃഥ്വിരാജും മുതല്‍ മലയാള സിനിമയിലെ പ്രമുഖ താരങ്ങളുടെ പേരുകളൊക്കെ ആ ചര്‍ച്ചയില്‍ ഇടംപിടിക്കുകയും ചെയ്‍തിരുന്നു. ഇപ്പോഴിതാ സ്റ്റാന്‍ലി ആരെന്ന് വെളിപ്പെടുത്തി പുതിയ പ്രോജക്റ്റിന്‍റെ പ്രഖ്യാപനം എത്തിയിരിക്കുകയാണ്. സ്റ്റാന്‍ലിയായി നിവിന്‍ പോളി എത്തുന്ന ചിത്രത്തിന്‍റെ സംവിധാനം റോഷന്‍ ആന്‍ഡ്രൂസ് ആണ്. സാറ്റര്‍ഡേ നൈറ്റ്സ് എന്നാണ് ചിത്രത്തിന് പേരിട്ടിരിക്കുന്നത്.

കായംകുളം കൊച്ചുണ്ണി എന്ന വിജയ ചിത്രത്തിനു ശേഷം റോഷന്‍ ആൻഡ്രൂസും നിവിൻ പോളിയും ഒന്നിക്കുന്ന ചിത്രമാണ് ഇത്. ചിത്രത്തിന്‍റെ ഫസ്റ്റ് ലുക്ക് അടക്കമാണ് ചിങ്ങം ഒന്നിന് പ്രഖ്യാപനം എത്തിയിരിക്കുന്നത്. നവീന്‍ ഭാസ്കറിന്‍റേതാണ് രചന. ദുബൈ, ബംഗളൂരു, മൈസൂരു എന്നിവിടങ്ങളിലായി ചിത്രീകരിക്കുന്ന സിനിമയുടെ നിര്‍മ്മാണം അജിത്ത് വിനായക ഫിലിംസിന്റെ ബാനറിൽ വിനായക അജിത്ത് ആണ്. നിവിൻ പോളിക്കൊപ്പം സിജു വിൽസൻ, സൈജു കുറുപ്പ്, അജു വർഗീസ്, ഗ്രേസ് ആന്റണി, സാനിയ ഇയ്യപ്പൻ, മാളവിക, പ്രതാപ് പോത്തൻ, ശാരി, വിജയ് മേനോൻ, അശ്വിൻ മാത്യു എന്നിവർ ഒന്നിക്കുന്നു.

അസ്‌ലം കെ പുരയിൽ ഛായാഗ്രഹണം നിർവഹിക്കുന്ന ചിത്രത്തിനായി ജേക്സ് ബിജോയ് സംഗീതം പകരുന്നു. പ്രൊഡക്ഷൻ ഡിസൈന്‍ അനീസ് നാടോടി, വസ്ത്രാലങ്കാരം സുജിത്ത് സുധാകരൻ, മേക്കപ്പ് സജി കൊരട്ടി, കലാസംവിധാനം ആൽവിൻ അഗസ്റ്റിൻ, പ്രൊഡക്ഷൻ കൺട്രോളർ നോബിൾ ജേക്കബ്, കളറിസ്റ്റ് ആശിർവാദ് ഹദ്‌കർ, ഡി ഐ പ്രൈം ഫോക്കസ് മുംബൈ, സൗണ്ട് ഡിസൈൻ രംഗനാഥ് രവി, ഓഡിയോഗ്രാഫി രാജകൃഷ്ണൻ എം ആർ, ആക്ഷൻ അലൻ അമിൻ, മാഫിയ ശശി, കൊറിയോഗ്രഫി വിഷ്ണു ദേവ, സ്റ്റിൽസ് സലീഷ് പെരിങ്ങോട്ടുക്കര, ഡിസൈൻ ആനന്ദ് ഡിസൈൻസ്, ചീഫ് അസ്സോസിയേറ്റ് ഡയറക്ടർ കെ സി രവി, അസോസിയേറ്റ് ഡയറക്ടർ ദിനേഷ് മേനോൻ.