അര മന്ത്രിയെ കിട്ടിയപ്പോൾ ഗതിയിതാണ്! INL ന്റെ കാര്യം !

0

 

 

 

ഇടതുമുന്നണിയിലെ ഘടകകക്ഷിയായ ഐഎൻഎൽ പിളർന്നു. സംസ്ഥാന പ്രസിഡന്റ് അബ്ദുൽ വഹാബ്, ജനറൽ സെക്രട്ടറി കാസിം ഇരിക്കൂറിനെ ജനറൽ സെക്രട്ടറി സ്ഥാനത്തുനിന്ന് നീക്കി. അബ്ദുൽ വഹാബും കാസിം ഇരിക്കൂറും സമാന്തര സെക്രട്ടേറിയറ്റ് യോഗം ചേർന്നു.

സംസ്ഥാന സെക്രട്ടറി കാസിം ഇരിക്കൂറിന്റെ നേതൃത്വത്തിൽ ആലുവയിലായിരുന്നു യോഗം. തോപ്പുംപടിയിൽ സംസ്ഥാന പ്രസിഡന്റ് എ പി അബ്ദുൾ വഹാബിന്റെ നേതൃത്വത്തിലും യോഗം ചേർന്നു. ബി ഹംസ ഹാജിക്കാണ് വർക്കിംഗ് പ്രസിഡന്റിന്റെ ചുമതല. എന്നാൽ ഐഎൻഎൽ പിളർന്നതായി അറിയില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എ വജയരാഘവൻ പറഞ്ഞു

എന്നാൽ തന്നെ മാറ്റിയെന്ന തീരുമാനം അവജ്ഞയോടെ തള്ളുന്നതായി അബ്ദുൾ വഹാബ് പറഞ്ഞു. പാർട്ടിയിൽ ഭൂരിഭാഗവും തങ്ങൾക്കൊപ്പമാണ്. അടുത്തമാസം മൂന്നിന് സംസ്ഥാന കമ്മറ്റിയോഗം ചേരുമെന്നും അദ്ദേഹം പറഞ്ഞു.

കൊച്ചിയിൽ ചേർന്ന ഐഎൻഎൽ സംസ്ഥാന നേതൃയോഗത്തിൽ രണ്ടു വിഭാഗം പ്രവർത്തകർ തമ്മിൽ ഏറ്റുമുട്ടിയിരുന്നു.മന്ത്രി അഹമ്മദ് ദേവർകോവിൽ ഉൾപ്പെടെ പങ്കെടുത്ത യോഗത്തിലായിരുന്നു സംഭവം. മന്ത്രിയുടെ പഴ്‌സനൽ സ്റ്റാഫിന്റെ നിയമനം, പാർട്ടിയുടെ അംഗത്വ വിതരണം തുടങ്ങിയവ സംബന്ധിച്ച് തീരുമാനം എടുക്കാനായിരുന്നു യോഗം ചേർന്നത്.

പിഎസ്‌സി സീറ്റ് വിൽപന മന്ത്രിയുടെ പേഴ്സണൽ സ്റ്റാഫിലെ അനധികൃത നിയമനം തുടങ്ങിയ വിവാദങ്ങൾ മൂലമുള്ള അഭിപ്രായഭിന്നതകൾ ഞായറാഴ്ച ഇടതു സർക്കാരിലെ ഘടകക്ഷിയായ ഐഎൻഎല്ലിൻറെ പിളർപ്പിൽ കലാശിച്ചു. സെക്രട്ടറി കാസിം ഇരിക്കൂറും മന്ത്രി അഹമ്മദ് ദേവർകോവിലും തന്നിഷ്ടപ്രകാരമാണ് കാര്യങ്ങൾ നടത്തുന്നതെന്ന് ആരോപിച്ചാണ് ഐഎൻഎൽ സംസ്ഥാന പ്രസിഡൻറ് എ.പി. അബ്ദുൾ വഹാബിൻറെ നേതൃത്വത്തിലുള്ള ഗ്രൂപ്പ് കാസിം ഇരിക്കുറിനെ ജനറൽ സെക്രട്ടറി സ്ഥാനത്ത് നിന്നും നീക്കിയതായി പ്രഖ്യാപിച്ചത്.

അതേ സമയം സെക്രട്ടറി കാസിം ഇരിക്കൂറിനും മന്ത്രി അഹമ്മദ് ദേവർകോവിലിനും സ്വാധീനമുള്ള ദേശീയ നേതൃത്വം പ്രസിഡൻറ് സ്ഥാനത്ത് നിന്ന് എ പി അബ്ദുൾ വഹാബിനെ നീക്കിയതായും പ്രഖ്യാപിച്ചു. ഇതോടെ ഐഎൻഎൽ രണ്ട് ഗ്രൂപ്പായി മാറി. ഇവർ ബി ഹംസ ഹാജിക്ക് വർക്കിംഗ് പ്രസിഡൻറിൻറെ ചുമതല നൽകിയിട്ടുണ്ട്. ഐഎൻഎല്ലിലെ പിളർപ്പ് പിണറായിക്ക് തിരിച്ചടിയാകും. ഇതിൽ മന്ത്രി അഹമ്മദ് ദേവർകോവിലും കാസിം ഇരിക്കൂരും ഉൾപ്പെടെയുള്ള ഔദ്യോഗിക പക്ഷം കൂടെ നിൽക്കുമ്പോഴും മറുപക്ഷത്തിൻറെ ചോദ്യങ്ങൾക്ക് മുമ്പിൽ ഇടതുമുന്നണിയ്ക്കും മുഖ്യമന്ത്രിക്കും ഉത്തരം പറയാൻ ബുദ്ധിമുട്ടേണ്ടതായി വരും.

ഞായറാഴ്ച രാവിലെ ഐഎൻഎൽ സംസ്ഥാന സെക്രട്ടറിയറ്റ് യോഗം കൊച്ചിയിൽ ചേർന്നിരുന്നു. അതിനിടയിൽ കാസിം ഇരിക്കൂറും മന്ത്രി അഹമ്മദ് ദേവർകോവിലും പാർട്ടിയെ അട്ടിമറിക്കാൻ ശ്രമിക്കുന്നു എന്ന രീതിയിൽ മറുവിഭാഗം ആരോപണം ഉന്നയിച്ചിരുന്നു. കോവിഡ് പ്രോട്ടോക്കോൾ പൂർണമായും ലംഘിച്ചുകൊണ്ട് മന്ത്രി അഹമ്മദ് ദേവർകോവിലിൻറെ സാന്നിധ്യത്തിൽ ചേർന്ന യോഗം തുടക്കം തന്നെ തല്ലി പിരിഞ്ഞു. പരസ്പരം ആരോപണങ്ങൾ ഉന്നയിക്കാൻ തുടങ്ങിയതോടെ പ്രവർത്തകർ രണ്ട് ചേരിയായി തിരിഞ്ഞ് പരസ്പരം ആക്രമിച്ചു.

പിന്നീട് എറണാകുളം കാനോൻ ഷെഡ് റോഡും സാസ് ടവറും തെരുവ് യുദ്ധത്തിന് വേദിയായി. മന്ത്രിയേയും കാസിം ഇരിക്കൂറിനെയും പുറത്ത് വിടില്ല എന്ന് ഒരു കൂട്ടർ വാദിച്ചപ്പോൾ മറുകൂട്ടർ ഇവർക്ക് സംരക്ഷണം നൽകാൻ വന്നത് സംഘർഷം ഇരട്ടിയാക്കി. പൊലീസ് അസിസ്റ്റന്റ് കമ്മീഷണർ കെ ലാൽജിയുടെ നേതൃത്വത്തിൽ വലിയൊരു പൊലീസ് സംഘം തന്നെ പ്രവർത്തകരെ പിരിച്ചുവിടാൻ ഇറങ്ങേണ്ടി വന്നു. പിന്നെ പൊലീസും പ്രവർത്തകരും തമ്മിലുള്ള കയ്യാങ്കളി ആയിരുന്നു. ഒടുവിൽ പ്രശ്‌നക്കാരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കിയതിന് പിന്നാലെ നേതാക്കളും മന്ത്രിയും സ്ഥലം വിട്ടു.