തമ്മിലടിയിൽ അന്തം വിട്ട് കോൺഗ്രസ് !

Split in INC 

0

കൊണ്ഗ്രെസ്സ് ഹൈക്കമാൻഡ് കടുത്ത പ്രതിസന്ധിയെ ആണ് അഭിമുഖീകരിക്കുന്നത്. രാജസ്ഥാനിലും പഞ്ചാബിലും പാർട്ടിക്കുള്ളിലെ പ്രശ്‍നങ്ങൾ പരിഹരിക്കാൻ കഴിയാത്ത അവസ്ഥയിലാണ്. രാജസ്ഥാനിൽ നേരത്തെ തന്നെ മുഖ്യമന്ത്രി അശോക് ഗെഹ്‌ലോട്ടിനെതിരെ കലാപവുമായി രംഗത്ത് വന്ന സച്ചിൻ പൈലറ്റ് ഇപ്പോൾ വീണ്ടും കോൺഗ്രസ് നേതൃത്വത്തിനെതിരെയുള്ള നിലപാട് സ്വീകരിക്കുന്നതായാണ് വിവരം.

തന്റെ അനുയായികൾ പാർട്ടിക്കുള്ളിൽ അവഗണിക്കപ്പെടുന്നതായുള്ള അഭിപ്രായം സച്ചിൻ പൈലറ്റിനുണ്ട്.നേരത്തെ കോൺഗ്രസ് ഹൈക്കമാൻഡ് തനിക്കു നൽകിയ ഉറപ്പുകൾ പാലിച്ചിട്ടില്ല സച്ചിൻ പൈലറ്റ് തന്റെ അനുയായികളെ അറിയിച്ചിട്ടുണ്ട്. എന്തായാലും കോൺഗ്രസ് നേതൃത്വത്തെ സംബന്ധിച്ചടുത്തോളം പല സംസ്ഥാനങ്ങളിലും പുകയുന്ന ആഭ്യന്തര പ്രശ്‍നങ്ങൾ ഏറെ ഗുരുതരമാണ്.

പാർട്ടി നേതൃത്വത്തിന് ഈ പ്രശ്‍നങ്ങൾ പരിഹരിക്കുന്നതിനായി ശ്രമിക്കുന്നതിനു പോലും കഴിയുന്നില്ല. കോൺഗ്രസ് അധികാരത്തിലിരിക്കുന്ന മറ്റൊരു സംസ്ഥാനമായ പഞ്ചാബിൽ പാർട്ടിക്കുള്ളിൽ തമ്മിലടി രൂക്ഷമാണ്.ഇവിടെ മുഖ്യമന്ത്രി അമരീന്ദർ സിങും മുൻ ക്രിക്കറ്റ് താരവും കോൺഗ്രസ് എം എൽ എ  യുമായ സിദ്ദുവും തമ്മിലാണ് ഏറ്റുമുട്ടൽ.

ഇവിടെ പാർട്ടിക്കുള്ളിലെ പ്രതിസന്ധി പരിഹരിക്കാൻ  കോൺഗ്രസ് ഹൈക്കമാൻഡ് മൂന്നംഗ സമിതിയെ നിയോഗിച്ചതാണ് എടുത്ത് പറയേണ്ട കാര്യം.നവ്‌ജ്യോത് സിങ് സിദ്ധുവിനെ ഉപമുഖ്യമന്ത്രിയാക്കാനോ സംസ്ഥാന കോണ്‍ഗ്രസ് അധ്യക്ഷനാക്കാനോ സാധിക്കില്ലെന്ന് വ്യക്തമാക്കി പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദര്‍ സിങ് രംഗത്ത് വന്നത് പ്രതിസന്ധി രൂക്ഷമാക്കിയിരിക്കുകയാണ്.

പഞ്ചാബ് കോണ്‍ഗ്രസിലെ ആഭ്യന്തര പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ ഹൈക്കമാന്‍ഡ് നിയോഗിച്ച മൂന്നംഗ കോണ്‍ഗ്രസ് സമിതിക്ക് മുന്‍പാകെയാണ് അമരീന്ദര്‍ ഇക്കാര്യം വ്യക്തമാക്കിയത്. സമിതിക്ക് മുന്‍പാകെ എത്തിയ മറ്റ് നേതാക്കളും സിദ്ധുവിന് പിന്തുണ നല്‍കിയിട്ടില്ല എന്നാണു വിവരം. രാജ്യസഭാ പ്രതിപക്ഷ നേതാവ് മല്ലികാര്‍ജുന്‍ ഖാര്‍ഗെയാണ് മൂന്നംഗ സമിതി അധ്യക്ഷന്‍.

സിദ്ധുവിനെ ഉപമുഖ്യമന്ത്രിയോ പഞ്ചാബ് കോണ്‍ഗ്രസ് അധ്യക്ഷനാക്കുകയോ ചെയ്യുന്നത് സംസ്ഥാന ഘടകത്തിലെ സമവാക്യങ്ങളെ ബാധിക്കുമെന്നാണ് അമരീന്ദറിന്റെ നിലപാട്. അതേസമയം സിദ്ധുവിന് സംസ്ഥാന മന്ത്രിസഭയിലേക്ക് തിരികെ വരാമെന്നും അമരീന്ദര്‍ പറഞ്ഞു. ഒരു കാബിനറ്റ് സ്ഥാനം അദ്ദേഹത്തിനായി ഒഴിഞ്ഞു കിടപ്പുണ്ട്. യോഗ്യരായ നിരവധി മുതിര്‍ന്ന നേതാക്കള്‍ ഉള്ളതിനാല്‍ സിദ്ധുവിനെ സംസ്ഥാന കോണ്‍ഗ്രസ് അധ്യക്ഷനാക്കാനാകില്ല.

മാത്രമല്ല മുഖ്യമന്ത്രി പദവും സംസ്ഥാനത്തെ പാര്‍ട്ടിയുടെ നേതൃപദവിയും ഒരേസമയം ജാട്ട് സിഖുകള്‍ക്ക് നല്‍കാനാകില്ലെന്നും അമരീന്ദര്‍ പറഞ്ഞതായി ഒരു ദേശീയ മാദ്ധ്യമം റിപ്പോര്‍ട്ട് ചെയ്തു.എന്തായാലും കോൺഗ്രസിനെ സംബന്ധിച്ചടുത്തോളം പാർട്ടി അധികാരത്തിലിരിക്കുന്ന രണ്ടു പ്രധാനപ്പെട്ട സംസ്ഥാനങ്ങളിൽ ഉണ്ടായിരിക്കുന്ന പ്രതിസന്ധി ഏറെ ഗൗരവമുള്ളതാണ്.രാജസ്ഥാനിലും പഞ്ചാബിലും ബിജെപി എന്ത് നിലപാട് സ്വീകരിക്കും എന്ന് കോൺഗ്രസ് നേതാക്കൾ ഉറ്റുനോക്കുകയാണ്.

രാജസ്ഥാനിൽ സച്ചിൻ പൈലറ്റ് ഇടഞ്ഞാൽ കോൺഗ്രസ് മന്ത്രി സഭ തന്നെ താഴെവീഴുന്നതിന് സാധ്യതയുണ്ട്.എന്നാൽ കോൺഗ്രസിലെ ആഭ്യന്തരകാലഹത്തിൽ കാത്തിരുന്നു കാണാം എന്ന നിലപാടാണ് ബിജെപിയുടേത്.ഇപ്പോൾ നടക്കുന്നതൊക്കെ കോൺഗ്രസിന്റെ ആഭ്യന്തര കാര്യമാണ് എന്നും ഭരണ സ്തംഭനം ഉണ്ടാകാതെ നോക്കേണ്ടത് സംസ്ഥാനത്ത്  അധികാരത്തിലിരിക്കുന്ന കോൺഗ്രസ് പാർട്ടിയാണ് എന്നും ബിജെപി നേതാക്കൾ പറയുന്നു.

എന്തായാലും കോൺഗ്രസ് ഇപ്പോൾ കടന്നുപോകുന്ന പ്രതിസന്ധി സമാനതകളില്ലാത്തതാണ്. പാർട്ടിക്ക് മുഴുവൻ സമയ അദ്യക്ഷനില്ലാത്ത അവസ്ഥയാണ്,സംഘടനാ തെരഞ്ഞെടുപ്പ് നടത്തുവാൻ പോലും കഴിയാത്ത സാഹചര്യം തെരഞ്ഞെടുപ്പുകളിൽ പരാജയം അങ്ങനെ കോൺഗ്രസ് ഒരു നാഥനില്ലാ കളരിയായി മാറിക്കഴിഞ്ഞിട്ടുണ്ട്.പാർട്ടി അധികാരത്തിൽ വന്ന സംസ്ഥാനങ്ങളിൽ പാർട്ടിക്കുള്ളിൽ ഉണ്ടായിരിക്കുന്ന ഭിന്നത പരിഹരിക്കുന്നത്തിന് അടിയന്തര ഇടപെടൽ നടത്തണെമെന്നാണ് പ്രവർത്തകരുടെ ആവശ്യം.

 

 

Split in INC