സംവിധായകൻ ശങ്കറിനെതിരെ നിർമ്മാതാവ് വി.രവിചന്ദ്രൻ രംഗത്ത്

0

ചെന്നൈ: കഴിഞ്ഞ ദിവസമാണ് അന്യൻ സിനിമ ഹിന്ദിയിേലേക്ക് റീമേക്ക് ചെയ്യുന്നതുമായി ബന്ധപ്പെട്ട വാർത്ത വന്നത്. എന്നാൽ കൂടുതൽ വിവരങ്ങൾ ഒന്നും പുറത്ത് വിട്ടിരുന്നില്ല.

എന്നാൽ ഇപ്പോൾ ബോളിവുഡ് റീമേക്കിനെതിരേ രംഗത്ത് വന്നിരിക്കുകയാണ് നിർമാതാവ് വി. രവിചന്ദ്രൻ. ചിത്രത്തിന്റെ പകർപ്പവകാശം പൂർണമായും നിർമാതാവിന് സ്വന്തമാണെന്നും അത് ലംഘിക്കാൻ സംവിധായകന് അധികാരമില്ലെന്നും ചൂണ്ടിക്കാട്ടി വി രവിചന്ദ്രൻ ശങ്കറിന് നോട്ടീസ് അയച്ചു. രവിചന്ദ്രന്റെ ഉടമസ്ഥതയിലുള്ള ആസ്കാർ പ്രൈവറ്റ് ലിമിറ്റഡാണ് ചിത്രം നിർമിച്ചത്. ചിത്രത്തിന്റെ കഥ എഴുത്തുകാരൻ സുജാതയിൽനിന്ന് പണം കൊടുത്തു വാങ്ങിയതാണെന്നും അതിനാൽ പൂർണ ഉടമസ്ഥാവകാശം തനിക്കാണെന്നും രവിചന്ദ്രൻ കൂട്ടിച്ചേർത്തു.

‘ബോയ്സ് പരാജയമായതിന് ശേഷം നിങ്ങൾ മാസസിക സമ്മർദ്ദത്തിലായിരുന്നു. എന്നിട്ടും ഞാൻ നിങ്ങൾക്ക് അന്യൻ സംവിധാനം ചെയ്യാനുള്ള അവസരം നൽകി. എന്റെ പിന്തുണ കാരണമാണ് നിങ്ങൾക്ക് നഷ്ടമായതെല്ലാം തിരിച്ചുപിടിക്കാനായത്. അതെല്ലാം നിങ്ങൾ സമർഥമായി മറന്നിരിക്കുകയാണിപ്പോൾ. ബോളിവുഡ് റീമേക്കുമായി ബന്ധപ്പെട്ട എല്ലാ ജോലികളും നിങ്ങൾ നിർത്തിവയ്ക്കണം. നിങ്ങൾ ചെയ്യുന്നത് നിയമവിരുദ്ധമാണ്.’- രവിചന്ദ്രൻ നോട്ടീസിൽ പറഞ്ഞു.

2005-ലാണ് സൈക്കോളജിക്കൽ ആക്ഷൻ ത്രില്ലറായി അന്യൻ പുറത്തിറങ്ങുന്നത്. ദ്വന്ദ്വവ്യക്തിത്വമുള്ള നായക കഥാപാത്രമായി വിക്രം തകർത്താടിയ ചിത്രമായിരുന്നിത്.