ഷാജഹാൻ കൊലക്കേസ്: നാല് പ്രതികളെ റിമാൻഡ് ചെയ്തു

0

പാലക്കാട്: പാലക്കാട് കുന്നങ്കാട് ബ്രാഞ്ച് സെക്രട്ടറി ഷാജഹാനെ കൊലപ്പെടുത്തിയ കേസിലെ നാല് പ്രതികളെ കോടതിയിൽ ഹാജരാക്കി. വിഷ്ണു, സുനീഷ്, ശിവരാജൻ, സതീഷ് എന്നിവരെയാണ് പാലക്കാട്‌ കോടതിയിൽ ഹാജരാക്കിയത്. ഇവരെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു. 5 മുതൽ 8 വരെയുള്ള പ്രതികൾ ആണിവർ. ഇന്നലെയാണ് ഇവരുടെ അറസ്റ്റ് രേഖപ്പെടുത്തിയത്

പ്രതികൾക്ക് ഷാജഹാനോട് വ്യക്തി വിരോധം ഉണ്ടായിരുന്നതായി പോലീസ് വ്യക്തമാക്കി.പ്രതികൾ രാഖി കെട്ടിയതിനെ ചൊല്ലിയും ഗണേശോത്സവത്തിന്‍റെ ഫ്ലക്സ് ബോർഡ് വച്ചതുമായി ബന്ധപ്പെട്ടും അടുത്ത കാലത്ത് തർക്കമുണ്ടായിരുന്നു. ഓഗസ്റ്റ് പതിനാലിനു പകലും ഒന്നാം പ്രതി നവീനുമായി ഷാജഹാൻ ഇതേ വിഷയത്തിൽ വാക്കേറ്റത്തിൽ ഏർപ്പെട്ടു. ഇതാണ് പെട്ടെന്നുള്ള പ്രകോപനം എന്ന് പാലക്കാട് എസ്.പി ആർ. വിശ്വനാഥ് പറയുന്നു. കൊലപാതകത്തിന്‍റെ സൂത്രധാരൻ കൊട്ടേക്കാട് കാളിപ്പാറ സ്വദേശി നവീൻ ആണെന്നാണ് പോലീസിന്‍റെ നിഗമനം. എട്ട് പേരാണ് നിലവിൽ അറസ്റ്റിലായിട്ടുള്ളത്.