MLA പണം വാങ്ങി ജോലി സ്ഥിരപെടുത്തി; CPM പ്രതിരോധത്തിൽ

0

വാമനപുരം എംഎൽഎ ഡി.കെ. മുരളിക്കെതിരെ ഗുരുതര ആരോപണങ്ങളുമായി യുവതികളുടെ ഫോൺ സംഭാഷണം. ആശുപത്രിയിലെ താത്കാലിക ജോലി സ്ഥിരപ്പെടുത്തി നൽകിയെന്നും അതിന് സിപിഎം എംഎൽഎയ്ക്ക് പണം നൽകിയെന്നുമുള്ള ഫോൺ സംഭാഷണമാണ് സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നത്. എംഎൽഎയുടെ വീട്ടിൽ വച്ച് ജോലി ആവശ്യത്തിനായി മൂന്നും നാലും ലക്ഷങ്ങൾ നൽകിയവരെ കണ്ടെന്നും ഫോൺ സംഭാഷണത്തിലുണ്ട്. എന്നാൽ ആരോപണം നിഷേധിച്ച എംഎൽഎ ഇതിനുപിന്നിൽ രാഷ്ട്രീയ ഗൂഢാലോചനയാണെന്ന് ആരോപിച്ചു.

നെടുമങ്ങാട് ജില്ലാ ആശുപത്രിയിൽ ഗ്രേഡ് 2 അറ്റൻഡർ തസ്തികയിൽ ജോലി ലഭിച്ച കാഞ്ഞിരംപാറ സ്വദേശിയായ യുവതിയും മറ്റൊരു യുവതിയും തമ്മിലുള്ള 13 മിനിറ്റ് ഫോൺ സംഭാഷണമാണ് പ്രചരിക്കുന്നത്. കോൺ. പ്രവർത്തകയായ തനിക്ക് സിപിഎം എംഎൽഎ ഇടപെട്ട് ജോലി നൽകിയെന്നും അതിന് എംഎൽഎ പണം ആവശ്യപ്പെട്ടെന്നും യുവതി പറയുന്നു. എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് വഴി ഇന്റർവ്യൂ നടത്തിയതിൽ എംഎൽഎ ഇടപെട്ടു. താത്കാലിക നിയമനം ആയിരുന്നത് പിന്നീട് സ്ഥിരപ്പെടുത്തി. എംഎൽഎ പണം ആവശ്യപ്പെട്ടു. പണം ഡിവൈഎഫ്‌ഐ ഫണ്ടിലേക്ക് നൽകണമെന്നാണ് പറഞ്ഞിരിക്കുന്നത്. കുറച്ച് പണം നൽകാൻ ഒരാളെ ഏൽപ്പിച്ചിട്ടുണ്ടെന്നും യുവതി പറയുന്നു.

സംഭാഷണം ഇങ്ങനെ: ‘പ്രധാന കോൺ. നേതാവിനൊപ്പം മുരളിയുടെ വീട്ടിലെത്തിയാണ് ജോലി ഉറപ്പാക്കിയത്. രണ്ട് മൂന്ന് ലക്ഷമെങ്കിലും നൽകേണ്ടിവരും, അത് എത്രയെന്ന് കൃത്യമായി പിന്നീട് പറയും. താത്കാലിക ജോലി സ്ഥിരപ്പെടുത്തി നൽകി. പ്രോവിഡന്റ് ഫണ്ട്, ഗ്രാറ്റുവിറ്റി രേഖകൾ ലഭിച്ചു. കോൺ. നേതാവും എംഎൽഎയും തമ്മിലുള്ള സൗഹൃദത്തിന്റെ പുറത്താണ് തനിക്ക് ജോലി വാങ്ങി നൽകിയത്. 10 നിയമനത്തിൽ ഒരെണ്ണം എംഎൽഎയ്ക്ക് ശുപാർശ ചെയ്യാനുള്ളതാണ്. അതാണ് തനിക്ക് നൽകിയത്. താനും കോൺഗ്രസ് നേതാവും മറ്റൊരാളുമാണ് മുരളിയുടെ വീട്ടിലെത്തിയത്. ആ സമയത്ത് മറ്റ് ജോലി ആവശ്യത്തിനായി മൂന്നും നാലും ലക്ഷം നൽകിയവരെ കണ്ടിരുന്നു. കോൺഗ്രസ് പ്രവർത്തനം നടത്താതിരിക്കാനാണ് ജോലി വാങ്ങി നൽകുന്നതെന്ന് എംഎൽഎ പറഞ്ഞു. പാർട്ടി ചോദിച്ചാൽ എത്ര രൂപ നൽകാനും താൻ തയാറാണെന്ന് സിപിഎം ഏരിയാ കമ്മറ്റി അംഗത്തിന് വാക്ക് നൽകിയിട്ടുണ്ട്.’

ഫോൺ സംഭാഷണം പ്രചരിച്ചതോടെ എംഎൽഎ വെഞ്ഞാറമൂട് പോലീസിൽ പരാതി നൽകി. തന്നെ അപകീർത്തിപ്പെടുത്താൻ ശ്രമിച്ചുവെന്ന എംഎൽഎയുടെ പരാതിയിൽ കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ജോലി ലഭിച്ച യുവതി സംസാരിച്ചത് സത്യമാണെന്നും കുട്ടികൾ ഫോൺ ഉപയോഗിക്കുന്നതിനിടെ ശബ്ദസന്ദേശം പുറത്ത് പോയതാണെന്നും പോലീസിന് മൊഴി നൽകിയിട്ടുണ്ടെന്ന് ഫോൺ സംഭാഷണത്തിൽ മറുതലയ്ക്കൽ ഉണ്ടായിരുന്ന യുവതി ജന്മഭൂമിയോട് പറഞ്ഞു