സന്ദീപിന്റെ കൊലപാതകം;RSS ന്റെ തലയിൽ വെക്കാനുള്ള ശ്രമം പൊളിഞ്ഞു;നാല് പ്രതികൾ പിടിയിൽ;സംസ്കാരം വൈകിട്ട്

Sandeep's murder ;Four accused arrested

0

തിരുവല്ലയിൽ സിപിഎം ലോക്കൽ സെക്രട്ടറി കൊല്ലപ്പെട്ട സംഭവത്തിൽ രണ്ട് സിപിഎം പ്രവർത്തകർ ഉൾപ്പെടെ നാല് പേർ പിടിയിൽ. ജിഷ്ണു, നന്ദു, പ്രമോദ്, ഫൈസി, എന്നിവരാണ് പിടിയിലായത്. സിപിഎം പെരിങ്ങമല ലോക്കൽ സെക്രട്ടറി പി.ബി സന്ദീപ് ആണ് ഇന്നലെ രാത്രി കൊല്ലപ്പെട്ടത്.

ഇന്ന് പുലർച്ചെയോടെയാണ് പ്രതികൾ പിടിയിലായത്. ഇതിൽ പ്രധാന പ്രതിയായ ജിഷ്ണു,നന്ദു, പ്രമോദ് എന്നിവരെ ആലപ്പുഴയിലെ കരുവാറ്റയിൽ നിന്നും, ജിനാസിനെ സമീപ പ്രദേശത്തു നിന്നുമാണ് പോലീസ് പിടികൂടിയത്. സംഭവത്തിൽ ഒരാൾ കൂടി പിടിയിലാകാനുണ്ട്. ഇയാൾക്കായി പോലീസ് അന്വേഷണം ഊർജ്ജിതമാക്കി.

ബംഗളൂരു സ്വദേശി അഭിയാണ് പിടിയിലാകാനുള്ളത്.വ്യക്തി വൈരാഗ്യമാണ് കൊലയ്‌ക്ക് പിന്നിൽ എന്നാണ് നിഗമനം.. ജിഷ്ണുവിന്റെ അമ്മയുടെ ജോലിയുമായി ബന്ധപ്പെട്ട തർക്കങ്ങളാണ് കൊലപാതകത്തിൽ കലാശിച്ചതെന്ന് പോലീസ് പറഞ്ഞു. പ്രതികൾ ഇക്കാര്യം പോലീസിനോട് സമ്മതിച്ചിട്ടുണ്ട്. രാഷ്‌ട്രീയക്കൊലയല്ല ഇതെന്നും പോലീസ് വ്യക്തമാക്കി.

ജിഷ്ണു നേരത്തെ മുതൽ ക്രിമിനൽ കേസുകളിൽ പ്രതിയായിരുന്നു. പ്രതികളെ ഇന്ന് കസ്റ്റഡിയിൽ എടുത്ത് പോലീസ് കൂടുതൽ ചോദ്യം ചെയ്യും.സന്ദീപിന്റെ രാഷ്‌ട്രീയ കൊലപാതകമാണെന്നും സംഭവത്തിന് പിന്നിൽ ബിജെപി- ആർഎസ്എസ് പ്രവർത്തകരാണെന്നും വരുത്തി തീർക്കാനുള്ള ശ്രമത്തിലായിരുന്നു സിപിഎം.

എന്നാൽ പ്രതികളിൽ സിപിഎം പ്രവർത്തകർ ഉൾപ്പെട്ടതോടെ കൊലപാതകത്തിന് പിന്നിൽ ആർഎസ്എസ് ആണെന്ന സിപിഎം ആരോപണമാണ് ഇതോടെ പൊളിഞ്ഞത്.സന്ദീപിന്റെ കൊലപാതകത്തിൽ ആർഎസ്എസിന് പങ്കില്ലെന്ന് സംഭവത്തിന് പിന്നാലെ തന്നെ ജില്ലാ കാര്യവാഹ് ജി. രജീഷ് വ്യക്തമാക്കിയിരുന്നു. സംഭവത്തിൽ ശക്തമായ അന്വേഷണം വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ബിജെപി ജില്ലാ അദ്ധ്യക്ഷൻ വി.എ സൂരജും കൊലപാതകത്തിൽ പാർട്ടി പ്രവർത്തകർക്ക് പങ്കില്ലെന്ന് വ്യക്തമാക്കിയിരുന്നു.അതേസമയം സംഭവത്തിൽ പ്രതിഷേധിച്ച് തിരുവല്ലയിൽ ഇന്ന് സിപിഎം ഹർത്താലിന് ആഹ്വാനം ചെയ്തു.സന്ദീപിന്റെ മൃതദേഹം ഇന്ന് തിരുവല്ലയില്‍ വച്ച്‌ പോസ്റ്റ്‌മോര്‍ട്ടം ചെയ്യും.

അതിനു ശേഷം വൈകിട്ട് വീട്ടുവളപ്പില്‍ സംസ്കാരം നടക്കും. സിപിഎം ഏരിയാ കമ്മറ്റി ഓഫീസ്, പെരിങ്ങര ലോക്കല്‍ കമ്മറ്റി ഓഫീസ് , പെരിങ്ങര പഞ്ചായത്ത് ഓഫീസ് എന്നിവിടങ്ങളില്‍ സന്ദീപിന്റെ മൃതദേഹം പൊതുദര്‍ശനത്തിന് വയ്ക്കും.തിരുവല്ല നെടുമ്ബ്രം ചാത്തങ്കരിമുക്കിന് അരകിലോമീറ്റര്‍ മാറിയുള്ള കലുങ്കിന് അടുത്തുവെച്ചാണ് ബൈക്കില്‍ സഞ്ചരിക്കുകയായിരുന്ന സി പി ഐ എം ലോക്കല്‍ കമ്മിറ്റി സെക്രട്ടറി സന്ദീപിനെ ക്രൂരമായി കൊലപ്പെടുത്തിയത്. സന്ദീപിന് പിന്നാലെ മൂന്ന് ബൈക്കുകളിലായെത്തിയ അഞ്ചംഗ അക്രമി സംഘം തടഞ്ഞു നിര്‍ത്തിയാണ് വെട്ടി കൊലപ്പെടുത്തിയത്.

ആക്രമണത്തില്‍ പരിക്കെറ്റ് രക്ഷപ്പെടാന്‍ ശ്രമിച്ച സന്ദീപിനെ സമീപത്തെ വയലിലെ വെള്ളക്കെട്ടില്‍ ഇട്ട് അതി ക്രൂരമായി വെട്ടിയും കുത്തിയുമാണ് കൊലപ്പെടുത്തിയത്. ബഹളം കേട്ട് ഓടിക്കൂടിയ നാട്ടുകാര്‍ക്കെതിരെയും കൊലയാളികള്‍ ആയുധങ്ങള്‍ കാട്ടി ഭീഷണി മുഴക്കി. ഇതിന് ശേഷമാണ് സംഘം ഓടി രക്ഷപ്പെട്ടത്.ഗുരുതരമായി പരിക്കേറ്റ സന്ദീപിനെ തിരുവല്ലയിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ ആയില്ല. കൊല്ലണമെന്ന ഉദ്ദേശത്തോടെ ക്രിമിനല്‍ സംഘം ആക്രമിക്കുകയായിരുന്നു.

സന്ദീപിന്‍റെ നെഞ്ചിന്‍റെ വലത് ഭാഗത്തായി ആഴത്തിൽ മുറിവേറ്റിട്ടുണ്ട്. ഒമ്പത് കുത്തുകൾ ദേഹത്താകെ ഉണ്ടെന്നാണ് ആശുപത്രിയിൽ നിന്ന് വ്യക്തമാക്കുന്നത്. സ്ഥലത്ത് സിപിഎമ്മുമായി ബന്ധപ്പെട്ട് അക്രമസംഭവങ്ങളൊന്നും സമീപകാലത്ത് ഉണ്ടായിരുന്നില്ല എന്ന് പ്രാദേശികനേതൃത്വം തന്നെ പറയുന്നു. എന്നാൽ കൊലപാതകത്തിന് പിന്നിൽ വ്യക്തി വൈരാ​ഗ്യമാണെന്നാണ് പിടിയിലായവർ പറയുന്നത്.പ്രതികളായ ജിഷ്ണുവും ഫൈസിയും ജയിലിൽ വെച്ചാണ് പരിചയം.

കണ്ണൂരിലുള്ള ഫൈസി കൊലപാതക സമയം തിരുവല്ലയിൽ എത്തിയതും സംശയത്തിന് കാരണമായി പോലീസ് പറയുന്നു.സന്ദീപ് മരിച്ചുവെന്നുറപ്പായ ശേഷം കൊല നടത്തിയവർ ഒളിവിൽപ്പോയി എന്നാണ് പൊലീസ് പറയുന്നത്. പ്രാദേശികമായ എന്തെങ്കിലും വാക്കുതർക്കങ്ങളും കൊലപാതകത്തിന് പിന്നിലുണ്ടോ എന്നും പൊലീസ് പരിശോധിച്ച് വരികയാണ്.

കൊലപാതകത്തിന് മുമ്പ് സന്ദീപ് കുമാർ സ്ഥിരമായെത്തുന്ന കടയിലും പ്രതികൾ എത്തി ഭീഷണിപ്പെടുത്തിയെന്ന് കട ഉടമ ബാബു പൊലീസിനെ അറിയിച്ചിട്ടുണ്ട്. കടയിലെ സാധനങ്ങൾ തകർത്തു. പ്രതികളിലൊരാൾ നാട്ടുകാരൻ തന്നെയാണെന്ന് കട ഉടമ പറയുന്നു. മറ്റുള്ളവരെ മുമ്പ് കണ്ട് പരിചയം ഇല്ലെന്നും ബാബു പറയുന്നു.ഇൻക്വസ്റ്റ് അടക്കമുള്ള നടപടികൾ പിന്നീട് മാത്രമേ നടക്കൂ.

Sandeep’s murder ;Four accused arrested