ഏഷ്യാനെറ്റിനെതിരെ ആഞ്ഞടിച്ച് സദാനന്ദൻ മാസ്റ്റർ

Sadanandan Master lashes out at Asianet

0

നേരോടെ….

അതെ,
മലയാളിയുടെ മന:സാക്ഷി (അങ്ങനെയൊന്നുണ്ടെങ്കിൽ) ഒരു നിമിഷ നേരത്തേക്ക് പിടഞ്ഞു പോകാനിടയായ ആ പ്രയോഗമുണ്ടല്ലോ, നീതികേടിനെതിരെ ഉൾത്തടത്തിൽ ഉയർന്ന അതി ലളിതമായ ചോദ്യത്തിന് വല്യേട്ടൻ ചാനലിൻ്റെ തലസ്ഥാന ബ്യൂറോയിൽ നിന്ന് ഉത്തരമായുണ്ടായ സ്ത്രീ ശബ്ദം, അത് നേരിൻ്റെ സാക്ഷ്യപത്രമാണ്. ബി.ജെ.പി.ക്കാർ അഥവാ സംഘികൾ, അവരോടൊപ്പം ചേർന്നു നിൽക്കുന്നവർ, അവർ ബംഗാളിലായാലും ബംഗ്ലാവിലായാലും കേവല മനുഷ്യൻ എന്ന പരിമിത പരിഗണന പോലുമർഹിക്കാത്തവരും ചവിട്ടിയരയ്ക്കപ്പെടേണ്ടവരും അപമാനിക്കപ്പെടേണ്ടവരുമാണെന്ന അപനിർമ്മിത നേരിൻ്റെ സാക്ഷ്യപത്രം.
കൂട്ടരെ, കൂട്ടത്തിൽ പറയട്ടെ, സത്യാനന്തര കാലഘട്ടത്തിലുരുത്തിരിഞ്ഞു വന്ന ഏറ്റവും അർത്ഥവത്തായ, മനോഹരമായ പദമാണ് നമുക്ക് ചാർത്തിക്കാട്ടിയ സംഘികൾ എന്ന ഈ പദം. സംഘം ചേർന്നു നീങ്ങുന്നവർ, സംഘടിപ്പിക്കുന്നവർ, സംയക് ആയി (വേണ്ടത് വേണ്ടതു പോലെ വേണ്ടുംവണ്ണം ചേർത്ത്) ഘടിപ്പിക്കപ്പെട്ട കൂട്ടർ എന്നൊക്കെയാണ് ‘സംഘികൾ’ എന്ന വാക്കിന്റെ അർത്ഥമെന്നോർക്കുക. അതിൽ പരിഭവിക്കാതിരിക്കുക. അഭിമാനം കൊള്ളുക. അക്ഷര വ്യഭിചാരം നടത്തുന്നവരെങ്കിലും, മഹത്തുക്കളെ ആക്ഷേപിക്കേണ്ടി വരുമ്പോഴും മഹത്വമേറിയ പദത്തെത്തന്നെ ആശ്രയിക്കേണ്ടിവരും, ഇക്കൂട്ടർക്ക്.
നെറികേടുകൾക്ക് രത്നകിരീടം ചാർത്തിക്കിട്ടുന്ന ഈ കലികാലത്ത്, തിൻമകൾക്ക് സിംഹാസനങ്ങളൊരുക്കപ്പെടുന്ന ഈ സമൂഹത്തിൽ കഷ്ടിച്ച് രക്ഷപ്പെട്ടു പോകണമെങ്കിൽ സംഘം ചേർന്നു തന്നെ ചലിക്കണമെന്നത് പൂർവസൂരികളുടെ നിശ്ചയമാണ്. ആ നിശ്ചയം നെഞ്ചേറ്റിയവർ അഥവാ സംഘികൾ രണ്ടാംതരമോ നാലാംതരമോ, അതല്ല ഏഴാംകൂലികളോ ആയി മാത്രം ഗണിക്കപ്പെടേണ്ടവരാണെന്ന ഒരു ബോധം ആധുനിക അസുരവർഗം സൃഷ്ടിച്ചെടുത്തിട്ടുണ്ട്. അതുകൊണ്ട്, അടികൊള്ളാനും പീഡനമേൽക്കാനും ബലാൽസംഗം ചെയ്യപ്പെടാനും ചാവാനായി നിന്നു കൊടുക്കാനും കിടപ്പാടവും സ്വന്തമായുള്ളത് മുഴുവനായും ഉപേക്ഷിച്ച് ജീവൻ വാരിപ്പിടിച്ച് നാടുവിടാനും മാത്രമേ സംഘികളായ നമുക്ക് വിധിച്ചിട്ടുള്ളൂ എന്ന സത്യം മറയില്ലാതെയല്ലേ കാലങ്ങളായി അവർ പുലമ്പിക്കൊണ്ടിരിക്കുന്നത് ! നേരോടെ അത് വീണ്ടും പ്രഖ്യാപിച്ചെങ്കിൽ, എത്ര ഖേദിച്ചാലും ഇനിയും അതു തന്നെയേ പ്രതീക്ഷിക്കേണ്ടതുള്ളൂ എന്ന് നിങ്ങൾക്കെന്തേ തിരിയാത്തത്…..!!

നിർഭയം….

ആരെ പേടിക്കാൻ !
എന്തിനെ ഭയക്കാൻ….
ഭൂഗോളം തിരിയുന്ന മാർഗത്തിൻ്റെ കവാടം സൂക്ഷിപ്പുകാരായി സ്വയം ഞെളിയുന്ന ഇക്കൂട്ടർക്ക് നിർഭയം മദിച്ചു പുളച്ചു നടക്കാനുള്ള ഇടമാണ് മലയാളിയുടെ മനം എന്ന് ഇനിയും മനസ്സിലായിട്ടില്ലേ ? ഇല്ലെങ്കിൽ മനസ്സിലാക്കിക്കോളൂ, ഇവരുടെ കയ്യിൽ നിന്ന് നീണ്ടു വരുന്ന മൈക്ക് എന്ന സാധനം ഒരു മാന്ത്രിക വടിയാണ്. അതൊന്ന് ചുഴറ്റിയാൽ പണ്ഡിതൻ പാമരനാകും. പുലി പൂച്ചയാകും. മഹാമേരു മൺപുറ്റാകും. പകൽ ഇരുട്ടാകും…. ഇവരുടെ കഴുത്തിൽ ഞാന്നു കിടക്കുന്ന ക്യാമറ എന്ന അത്ഭുതത്തിൽ നിന്ന് പുറപ്പെടുന്ന മിന്നൽ വെളിച്ചത്തിൻ്റെ കാന്തിയിൽ ലോകം തലചുറ്റി വീണുപോകും. ബലമുള്ള നട്ടെല്ലിനെ കുഴമ്പു രൂപത്തിലാക്കാനതിന് ശക്തിയുണ്ട്. എല്ലില്ലെങ്കിലും ഉറച്ച നാവിനെ തളർത്തിക്കിടത്താനുള്ള കരുത്തുണ്ടതിന്. മാധ്യമ പ്രവർത്തനം എന്നാൽ സർവതന്ത്ര സ്വാതന്ത്ര്യം എന്നും ചോദ്യം ചെയ്യപ്പെടാൻ പാടില്ലാത്ത അധികാരം എന്നുമാണർത്ഥം. ഒന്നുമല്ലെങ്കിലും 48 മണിക്കൂറിനെ 48 മിനിറ്റിലൊതുക്കാൻ കഴിഞ്ഞവരല്ലയോ…. പിന്നെ ആരെയാണ് ഹേ ഭയക്കേണ്ടത്…?

നിരന്തരം….

ഇന്നും ഇന്നലെയും തുടങ്ങിയതാണോ…!
നാളെയിതവസാനിക്കുമോ…?
മതഭ്രാന്തിൻ്റെ കോലം തുള്ളൽ കണ്ട് ഭയന്ന് പിറന്ന മണ്ണിനെ പകുത്ത് നൽകിയവർക്ക് ദേശാഭിമാനിപ്പട്ടം ചാർത്തി എഴുന്നള്ളിച്ചതിവരൊക്കെയല്ലേ…
ഈ നാടിൻ്റെ ശ്രേഷ്ഠ സംസ്കൃതി ആവിഷ്ക്കരിക്കുന്ന പദം അശ്ലീലമാണെന്ന സിദ്ധാന്തമുണ്ടാക്കി ഭാരതീയൻ്റെ ആത്മബോധത്തെ അപകർഷതാബോധമാക്കി തല കുത്തി നിർത്തിയത് ഈ ജനുസ്സിൽ പെട്ടവരല്ലേ….
മണ്ണിൻ്റെ മണമുള്ള സാംസ്ക്കാരിക സവിശേഷതയെ കാലങ്ങളായി മഹാപാപമെന്ന് വ്യാഖ്യാനിച്ച് മതേതരത്വം എന്ന എന്ന മേലങ്കിയിട്ട് മൂടിക്കളഞ്ഞതും കഴുത്ത് ഞെരിച്ചു കളയുന്നതും ഇവരാണല്ലോ….
ചുരം കയറി വന്ന ഭീകരത ഒരു ജനതയുടെ ആത്മാഭിമാന പ്രതീകമായി ഉയർന്നു നിന്നിരുന്ന മണിമന്ദിരം നിലംപരിശാക്കി കെട്ടിപ്പൊക്കിയ അപമാനത്തിന് മത സൗഹാർദ്ദത്തിൻ്റെ സുഗന്ധം പൂശിയവർ ഇവരാണ്….
ഇവരാണ് ഗാന്ധി വധം RSS നു മേൽ ചാരാനുള്ള കെട്ടുകഥ മെനഞ്ഞത്….
ഇവരാണ് പ്രതിയോഗിയെ ശത്രുവായി പ്രഖ്യാപിച്ച് മനുഷ്യക്കുരുതി നടത്തി സമത്വം സ്വായത്തമാക്കാമെന്ന പ്രാകൃത ചിന്തയെ വിശ്വമാനവികതയായി വാഴ്ത്തിയത്….
ഇവരാണ് കൃമി കീടങ്ങളെപ്പോലെ മണ്ണിലിഴയാൻ വിധിക്കപ്പെട്ട പാവങ്ങൾക്ക് നട്ടെല്ലുയർത്തി നിൽക്കാൻ അവസരം നൽകുന്ന നിയമത്തിനെതിരെ ആക്രോശമുയർത്തി നാട്ടിൽ തീ പടർത്തിയത്….
ഇവരാണ് മണ്ണിൽ പൊന്നുവിളയിക്കുന്നവന് അഭിമാനത്തോടെ തല ഉയർത്തി നിൽക്കാൻ കരുത്തേകിയ നിയമത്തിനെതിരെ കുരച്ചുചാടുന്നത്….
ദൈവത്തിൻ്റെ സ്വന്തം നാട്ടിൽ കാട്ടിക്കൂട്ടിയ കൊടിയ തിൻമകളാൽ വെറുക്കപ്പെട്ട് തിരസ്ക്കരിക്കപ്പെടേണ്ട ഒരു കൂട്ടം വൈതാളികരെ മോഹ നിദ്രാ സൂത്രത്തിലൂടെ ഭരണകൂട മാളികയിൽ അരിയിട്ടു വാഴ്ച്ച നടത്തി വീണ്ടും പ്രതിഷ്ഠിക്കാൻ വിയർപ്പൊഴുക്കിയതും ഇതേ കൂട്ടർ തന്നെ….

അതു കൊണ്ട് സോദരാ,
മറ്റാരെയും പ്രതീക്ഷിക്കേണ്ട. നമുക്ക് നമ്മളേയൂള്ളൂ. നമ്മുടെ കളിക്കളം വിസ്തൃതമാക്കണം. നമ്മുടെ സഞ്ചാര പാത നാം തന്നെ വെട്ടിത്തെളിക്കണം. നമ്മുടെ വിധി നാം തന്നെ എഴുതണം. വിചാരണ നിർത്തണം. വിചാരം ചെയ്യണം.

(ഇന്ന് ജൻമദിനമാഘോഷിക്കുന്നവർക്ക് പിറന്നാളാശംസകൾ. കേക്കിൽ കത്തിച്ചു വെച്ച മെഴുകുതിരി ഊതിക്കെടുത്തി പിറന്നാൾ പാട്ടു പാടിയതിനു ശേഷമെങ്കിലും നൻമയിലേക്ക് വഴികാണിക്കുന്ന ഒരു കൊച്ചു കൈത്തിരി എവിടെയെങ്കിലും എപ്പോഴെങ്കിലും കൊളുത്തി വെക്കാൻ കഴിയുമാറാകട്ടെ….)