ഭൂമിയുടേയും കോടാനുകോടി നക്ഷത്രങ്ങളുടേയും മനോഹാരിത ആസ്വദിക്കാനുള്ള സ്വപ്നം സാക്ഷാത്കാരം ;സ്പേസ് ടൂറിനായി 600 പേർ ടിക്കറ്റ് എടുത്ത് ക്യുവിൽ

Richard Branson about space Tourism and  Virgin Galactic

0

‘അടുത്ത ഏതാനും വർഷത്തിനിടെ ആയിരക്കണക്കിന് ബഹിരാകാശയാത്രികരെ സൃഷ്ടിക്കാൻ സാധിക്കുമെന്നാണ് ഞങ്ങളുടെ പ്രതീക്ഷ. ആകാശത്തിന്റെ ഉയരങ്ങളിലിരുന്ന് ഭൂമിയുടേയും കോടാനുകോടി നക്ഷത്രങ്ങളുടേയും മനോഹാരിത ആസ്വദിക്കാനുള്ള നിരവധി പേരുടെ സ്വപ്നം അങ്ങനെ സാധ്യമാകും. അൽപനേരമെങ്കിലും ഭാരമില്ലായ്മ എന്ന വിസ്മയകരമായ അവസ്ഥയിലൂടെ അവർക്ക് കടന്നു പോകാനാവും’. 2004 ൽ വെർജിൻ ഗാലക്റ്റിക് എന്ന സ്പേസ് ഫ്ളൈറ്റ് കമ്പനി ആരംഭിക്കുമ്പോൾ കമ്പനിയുടെ ലക്ഷ്യത്തെ കുറിച്ച് റിച്ചാർഡ് ബ്രാൻസൺ വ്യക്തമാക്കി.

പ്രതിബന്ധങ്ങൾ കാരണം കമ്പനിയുടെ ലക്ഷ്യപ്രാപ്തി നീണ്ടുപോയെങ്കിലും പതിനേഴ് വർഷങ്ങൾക്കിപ്പുറം മൂന്ന് മിനിറ്റ് നേരത്തെ ഭാരമില്ലായ്മയും ആസ്വദിച്ച് തന്റെ പതിനൊന്ന് മിനിറ്റ് നീണ്ട യാത്ര കഴിഞ്ഞ് ഭൂമിയിലിൽ തിരിച്ചെത്തിയ ബ്രാൻസൺ ബഹിരാകാശ വിനോദസഞ്ചാര മേഖലയിൽ പുതിയൊരധ്യായമാണ് എഴുതിച്ചേർത്തത്. ഇന്ത്യൻ വംശജയായ സിരിഷ ബാൻഡ്ലയടക്കം ആറംഘസംഘമാണ് ഈ ചരിത്രപ്രധാന യാത്ര നടത്തിയത്. വിനോദസഞ്ചാരമെന്ന നിലയിൽ ബഹിരാകാശത്തെത്തുന്ന ആദ്യസംഘവും ഇവർ തന്നെ.

ജീവിതത്തിലെ ഏറ്റവും മികച്ച അനുഭവം എന്നാണ് എഴുപതുകാരനായ ബ്രാൻസന്റെ പ്രതികരണം.ഭാരം കുറഞ്ഞ ആകാശയാനങ്ങളുടെ നിർമാണത്തിലൂടെ പ്രശസ്തനായ ബർട്ട് റൂട്ടൻ എന്ന അമേരിക്കൻ എയറോസ്പേസ് എൻജിനീയർക്കൊപ്പമാണ് 2004 ൽ ബ്രാൻസൺ വെർജിൻ ഗാലക്റ്റിക് എന്ന സ്പേസ്ഷിപ്പ് കമ്പനി ആരംഭിച്ചത്. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള വ്യവസായ ഗ്രൂപ്പുകൾക്ക് കമ്പനിയിൽ ഷെയറുകളുണ്ട്. 2007 ൽ ആദ്യസംഘത്തെ അയക്കണമെന്നായിരുന്നു ബ്രാൻസൺ കരുതിയതെങ്കിലും പരീക്ഷണങ്ങൾക്കിടെയുണ്ടായ റോക്കറ്റ് മോട്ടോർ സ്ഫോടനത്തിൽ മൂന്ന് ജീവനക്കാർ കൊല്ലപ്പെട്ടതോടെ ആ ആഗ്രഹം തടസ്സപ്പെട്ടു.

 

വിഎസ്എസ് എന്ന ആദ്യ സ്പേസ്ഷിപ്പ് 2 വിമാനം 2010 ൽ പരീക്ഷണപറക്കൽ നടത്തി. കാരിയർ വിമാനത്തിൽ ഘടിപ്പിച്ചായിരുന്നു അതിന്റെ സഞ്ചാരം. വാഹിനി വിമാനമായ വൈറ്റ് നൈറ്റ് വിമാനത്തിൽ നിന്ന് വിഎസ്എസിനെ വേർപ്പെടുത്താതെ തിരിച്ചിറങ്ങി. അതേ വർഷം ഒക്ടോബറിൽ വിഎസ്എസ് സ്വയം പറന്ന് സുരക്ഷിതമായി മോജേവ് എയർ ആൻഡ് സ്പേസ് പോർട്ടിൽ ലാൻഡ് ചെയ്തു. ഓരോ തവണത്തെ പരീക്ഷണപ്പറക്കിലിനൊടുവിലും അടുത്തു തന്നെ വിനോദസഞ്ചാര ബഹിരാകാശയാത്ര സാധ്യമാകുമെന്ന് ബ്രാൻസൺ തുടരെ പ്രഖ്യാപിച്ചിരുന്നു.

2013 ഏപ്രിലിലാണ് വിഎസ്എസിന്റെ ആദ്യത്തെ സൂപ്പർസോണിക് ബഹിരാകാശ വാഹനത്തിന്റെ വിജയകരമായ പരീക്ഷണപ്പറക്കൽ. എൻജിനിലുണ്ടായ പ്രകമ്പനങ്ങളെ തുടർന്ന് താത്ക്കാലികമായി നിർത്തിവെച്ചു. റോക്കറ്റിലെ ഇന്ധനം മാറ്റി നിറച്ചതോടെ ആ പ്രശ്നത്തിന് പരിഹാരമായി. ഒക്ടോബറിൽ മോജേവ് സ്പേസ് പോർട്ടിൽ നിന്ന് 55 -മത്തെ പരീക്ഷണപ്പറക്കൽ നടന്നു. റോക്കറ്റിൽ നിന്ന് പേടകം വേർപ്പെട്ട് പതിനൊന്ന് സെക്കൻഡുകൾക്ക് ശേഷം വിമാനം തകർന്ന് സഹപൈലറ്റ് കൊല്ലപ്പെട്ടു. ഒപ്പമുണ്ടായിരുന്ന പൈലറ്റ് പാരച്യൂട്ടിന്റെ സഹായത്തോടെ സുരക്ഷിതനായി നിലത്തിറങ്ങി.

2016 ൽ രണ്ടാമത്തെ വെർജിൻ ഗാലക്റ്റിക് സ്പേസ്പ്ലെയിൻയാത്രയ്ക്ക് തയ്യാറായി. വിഎസ്എസ് യൂണിറ്റി എന്ന് ആ ബഹിരാകാശ വിമാനത്തിന് പേര് നൽകിയത് പ്രശസ്ത ഭൗതിക ശാസ്ത്രജ്ഞനായ സ്റ്റീഫൻ ഹോക്കിങ്ങാണ്. അതിനും ചില യന്ത്രപോരായ്മകൾ ഉണ്ടായിരുന്നു. ഒടുവിൽ 2018 ഡിസംബറിൽ യൂണിറ്റി 80 കിലോ മീറ്റർ ഉയരം താണ്ടി-ബഹിരാകാശ അതിർത്തിയായി ചില സ്ഥാപനങ്ങൾ കണക്കാക്കുന്ന ഉയരമാണത്. ഒടുവിൽ 2012 ജൂലായ് 11 ന് ബ്രാൻസന്റെ ലക്ഷ്യം പൂർത്തീകരിച്ചു.

ബഹികാരാശവിനോദസഞ്ചാരികൾക്കുള്ള വാഹനങ്ങൾ പരീക്ഷണഘട്ടങ്ങളിലാണ്. വെർജിൻ ഗാലക്റ്റിക്,ബ്ലൂ ഒറിജിൻ എന്നീ കമ്പനികൾക്ക് പുറമെ എലോൺ മസ്കിന്റെ സ്പേസ് എക്സും വാണിജ്യാടിസ്ഥാനത്തിലുള്ള ബഹിരാകാശസഞ്ചാരത്തിനുള്ള പരീക്ഷണങ്ങൾ ആരംഭിച്ചു കഴിഞ്ഞു. 2019 ൽ നാസയും വിനോദസഞ്ചാരികൾക്കായി യാത്രാസൗകര്യം ഒരുക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു. സ്പേസ് എക്സിന്റെ ക്രൂ ഡ്രാഗണും ബോയിങ് സ്റ്റാർലൈനറും സഞ്ചാരികൾക്കായി ഉയോഗപ്പെടുമെന്നും നാസ അറിയിച്ചു. പ്രതിദിനം 35,000 യുഎസ് ഡോളർ ആണ് നാസയുടെ ‘ടിക്കറ്റ്ചാർജ’് ആയി പ്രഖ്യാപിച്ചിട്ടുള്ളത്.

അർമാഡില്ലോ എയർസ്പേസ്, എക്സ്കോർ എയറോസ്പേസ് തുടങ്ങിയ കമ്പനികൾ ബഹിരാകാശ വിനോദ സഞ്ചാരപദ്ധതികൾ പാതി വഴിയിൽ ഉപേക്ഷിക്കുകയും ചെയ്തു. ദിവസേന ബഹിരാകാശ യാത്രാവിമാനങ്ങൾ ഉണ്ടാകുമെന്നാണ് വെർജിൻ ഗാലക്റ്റിക് അറിയിച്ചിട്ടുള്ളത്. വർഷത്തിൽ 400 ഓളം വിമാനങ്ങൾ പറത്തുകയാണ് കമ്പനിയുടെ ലക്ഷ്യം. അറുപത് രാജ്യങ്ങളിൽ നിന്നായി അറുനൂറോളം പേർ ഇതിനോടകം ടിക്കറ്റ് ബുക്ക് ചെയ്തു കഴിഞ്ഞു. ഇതിൽ ലോകത്തിലെ സമ്പന്നരും സെലിബ്രിറ്റികളും ഉൾപ്പെടുന്നു.

രണ്ട് ലക്ഷം മുതൽ രണ്ടര ലക്ഷം ഡോളർ വരെയാണ് ടിക്കറ്റ് ചാർജ്. ബുക്കിങ്ങിന് 10,000 ഡോളർ നൽകണം. ‘ബഹിരാകാശം എല്ലാവർക്കും സ്വന്തമാണ്, പക്ഷെ നിലവിൽ സാമ്പത്തികശേഷിയുള്ളവർക്ക് മാത്രമേ അത് ആസ്വദിക്കാനാവൂ’-ബ്രാൻസൺ പറഞ്ഞു. എങ്കിലും കൂടുതൽ പേർക്ക് കുറഞ്ഞ ചെലവിൽ ബഹിരാകാശയാത്രയ്ക്കുള്ള അവസരം ഒരുക്കുമെന്നും ബ്രാൻസൺ ഉറപ്പു നൽകി.

 

Richard Branson about space Tourism and  Virgin Galactic