പെങ്ങളൂട്ടി റോക്സ്; ഇങ്ങനെ നുണ പറയാമോ?

0

 

 

 

 

കൊറോണ മാനദണ്ഡങ്ങൾ ലംഘിച്ച് ഹോട്ടലിൽ ഭക്ഷണം കഴിക്കാനിരുന്ന രമ്യ ഹരിദാസ് എംപിയ്‌ക്കും വിടി ബൽറാമിനും മറ്റ് കോൺഗ്രസ് നേതാക്കൾക്കുമെതിരെ പരാതി നൽകി പാലക്കാട് യുവമോർച്ച അദ്ധ്യക്ഷൻ പ്രശാന്ത് ശിവൻ. സർക്കാർ ഏർപ്പെടുത്തിയിട്ടുള്ള കൊറോണ മാനദണ്ഡങ്ങളെ വെല്ലുവിളിച്ചാണ് നേതാക്കൾ ഇത്തരത്തിലുള്ള പ്രവൃത്തി ചെയ്തത് എന്ന് പ്രശാന്ത് ശിവൻ പറഞ്ഞു. കുറ്റക്കാർക്കെതിരെ നടപടി എടുക്കണം എന്നാവശ്യപ്പെട്ട് കസബ സർക്കിൾ ഇൻസ്‌പെക്ടർക്ക് പരാതി നൽകിയതായും അദ്ദേഹം വ്യക്തമാക്കി.

പാലക്കാട് നഗരത്തിൽ ഉൾപ്പെടെ സംസ്ഥാനത്തൊട്ടാകെ വാരാന്ത്യ ലോക്ഡൗൺ ഏർപ്പെടുത്തിയിരിക്കുന്ന സാഹചര്യത്തിലാണ് രമ്യ ഹരിദാസും സംഘവും ഹോട്ടലിൽ ഭക്ഷണം കഴിക്കാനിരുന്നത്. ഇത് ചോദ്യം ചെയ്യാനെത്തിയ യുവാവിനെ രമ്യയുടെ സുഹൃത്തും കോൺഗ്രസ് നേതാവുമായി പാളയം പ്രദീപ് ആക്രമിക്കാൻ ശ്രമിക്കുകയുമുണ്ടായി. ഇതിന്റെ വീഡിയോ സമൂഹമാദ്ധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചിരുന്നു.

എന്നാൽ മഴയായതിനാലാണ് ഹോട്ടലിൽ കയറിയതെന്ന് രമ്യ ഹരിദാസ് എംപി വിശദീകരിച്ചു. ഹോട്ടലിൽ ഇരുന്ന് ഭക്ഷണം കഴിക്കാൻ ഉദ്ദേശിച്ചിരുന്നില്ലെന്നും പാഴ്‌സലിനായി കാത്തു നിൽക്കുകയായിരുന്നെന്നുമാണ് രമ്യ പറഞ്ഞത്. സംഭവം വിവാദമായതോടെ ഹോട്ടൽ ഉടമയ്‌ക്കെതിരെ പോലീസ് കേസെടുക്കുകയുമുണ്ടായി.

എന്നാൽ ജനങ്ങൾക്ക് മാതൃകയാകേണ്ട രാഷ്‌ട്രീയ നേതാക്കൾ നിയമലംഘനം നടത്തിയെന്ന ആരോപണങ്ങളാണ് ഉയരുന്നത്. നേതാക്കൾക്കെതിരെ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് നിരവധി പേർ രംഗത്തെത്തി.