നയതന്ത്ര ചാനലിലൂടെ സ്വർണം കടത്താനുള്ള തന്ത്രം ആസൂത്രണം ചെയ്തത് റമീസ് : കസ്റ്റംസ്

0

നയതന്ത്ര ചാനലിലൂടെ സ്വർണം കടത്താനുള്ള തന്ത്രം ആസൂത്രണം ചെയ്തത് റമീസ് : കസ്റ്റംസ്

തിരുവനന്തപുരം: തിരുവനന്തപുരം വിമാനത്താവള സ്വര്‍ണക്കടത്തുകേസില്‍ നിര്‍ണായക വെളിപ്പെടുത്തലുമായി എന്‍.ഐ.എ. സ്വര്‍ണം കടത്താന്‍ പ്രതികള്‍ യുഎഇ എംബസിയുടെ എംബ്ലവും സീലും വ്യാജമായി ഉപയോഗിച്ചെന്ന് അന്വേഷണസംഘം കോടതിയെ അറിയിച്ചു.

തിരുവനന്തപുരത്തെ യു.എ.ഇ കോണ്‍സുലേറ്റിലെ അറ്റാഷെക്കെതിരെ അന്വേഷണം വേണമെന്ന് പ്രതി സന്ദീപ് നായര്‍ കോടതിമുറിയില്‍ ആവശ്യപ്പെട്ടു.
ജ്വല്ലറികള്‍ക്കല്ല തീവ്രവാദപ്രവര്‍ത്തനത്തിനാണ് സ്വര്‍ണം കടത്തിയതെന്നാണ് എന്‍ഐഎ യുടെ കണ്ടെത്തല്‍.

കളളക്കടത്തുകേസിലെ മുഖ്യകണ്ണികളായ സ്വപ്ന സുരേഷിനേയും സന്ദീപ് നായരേയും ഏഴുദിവസത്തെ കസ്റ്റഡിയില്‍ വാങ്ങുന്ന ഘട്ടത്തിലാണ് നിര്‍ണായക കണ്ടെത്തലുകള്‍ എന്‍ ഐ എ അറിയിച്ചത്. സംഭവത്തിന് പിന്നില്‍ രാജ്യാന്തര ഗൂഡാലോചനയുണ്ട്. യുഎ ഇ എംബസിയുടെ എംബ്ലവും സീലും വ്യാജമായി നി‍ര്‍മിച്ചാണ് പ്രതികള്‍ സ്വര്‍ണം കടത്തിയത്. നയതന്ത്ര പരിരക്ഷയോടെ ബാഗ് അയക്കുന്നതിനാണ് വ്യാജ രേഖകള്‍ ചമച്ചത്. ജ്വല്ലറികള്‍ക്കായല്ല തീവ്രവാദ പ്രവര്‍ത്തനത്തിന് പണം കണ്ടെത്താനായിരുന്നു കളളക്കടത്ത് നടത്തിയത്.

അതിനിടെ സന്ദീപ് നായരുടെ ഒരു ചോദ്യം എല്ലാവരെയും ഞെട്ടിച്ചിരിക്കുകയാണ്. എന്തുകൊണ്ടാണ് കോണ്‍സുലേറ്റിലെ അറ്റാഷെയെ പ്രതിയാക്കാത്തതെന്ന് പ്രതി സന്ദീപ് നായര്‍ കോടതി മുറിയില്‍ചോദിച്ചു. അറ്റാഷെയുടെ ഐ ഡി കാര്‍ഡില്ലാതെ സ്വര്‍ണം ഉള്‍പ്പെട്ട ബാഗ് അയക്കാനാകില്ല.ക്ലിയറിങ് ഏജന്‍റിനേയും പ്രതിയാക്കണമെന്നായിരുന്നു സന്ദീപിന്‍റെ ആവശ്യം.

സന്ദീപിനെയും സ്വപ്നയേയും എൻ ഐ എ ബംഗളുരുവിൽ നിന്നാണ് പിടികൂടിയത്.ഇതിനിടെ ബംഗലൂരുവില്‍വെച്ച്‌ സന്ദീപിനെ പിടികൂടുന്പോള്‍ കൈവശമുണ്ടായിരുന്ന ബാഗ് കോടതി മുന്പാകെ നാളെ തുറന്നു പരിശോധിക്കും.കളളക്കടത്തിന്‍റെ സുപ്രധാന വിവരങ്ങളും രേഖകളും ബാഗിലുണ്ടെന്ന് എന്‍ ഐ എ അറിയിച്ചു. ഇതിനിടെ കസ്റ്റംസ് അറസ്റ്റുചെയ്ത ഇടനിലക്കാരന്‍ മലപ്പുറം സ്വദേശി റമീസിനെ റിമാന്‍ഡ് ചെയ്തു റമീസിനെ രണ്ടാം പ്രതിയും സ്വപ്നയെ മൂന്നാം പ്രതിയാക്കിയുമാണ് കസ്റ്റംസ് എഫ് ഐ ആ‍ര്‍ സമ‍ര്‍പ്പിച്ചിരിക്കുന്നത്. സന്ദീപ് നാലാം പ്രതിയാണ്. റമീസാണ് നയതന്ത്ര ചാനലിലൂടെ സ്വര്‍ണം കടത്താനുളള തന്ത്രം ആസൂത്രണം ചെയ്തതെന്നും കസ്റ്റംസ് തിരിച്ചറിഞ്ഞു.

കസ്‌റ്റഡി കാലാവധിയില്‍ പ്രതികള്‍ക്ക്‌ അഭിഭാഷകരുമായി ബന്ധപ്പെടാന്‍ അവസരം നല്‍കണമെന്നു കോടതി നിര്‍ദേശിച്ചു. മാനസികമായോ ശാരീരികമായോ പീഡിപ്പിക്കരുത്‌. കോടതിയില്‍ തിരികെ ഹാജരാക്കുമ്ബോള്‍, പ്രതികളുടെ മാനസിക-ശാരീരികാവസ്‌ഥ വ്യക്‌തമാക്കുന്ന മെഡിക്കല്‍ റിപ്പോര്‍ട്ട്‌ ഹാജരാക്കണം. തുടര്‍ച്ചയായി മൂന്നുമണിക്കൂറില്‍ കൂടുതല്‍ ചോദ്യം ചെയ്യരുത്‌. മൂന്നുമണിക്കൂറിനുശേഷം ഒരു മണിക്കൂര്‍ വിശ്രമം അനുവദിക്കണം. കസ്‌റ്റഡി സംബന്ധിച്ച സുപ്രീം കോടതി നിര്‍ദേശങ്ങള്‍ പാലിക്കണം.
പ്രതികളെ ഇരുവരെയും കോടതിയില്‍ ഹാജരാക്കിയിരുന്നു. കേസിലെ മൂന്നാംപ്രതിയുടെ ശരിയായ വിലാസം രേഖപ്പെടുത്തി റിപ്പോര്‍ട്ട്‌ സമര്‍പ്പിച്ചു. കൈപ്പമംഗലം, പുത്തന്‍പള്ളി സ്വദേശി ഫൈസല്‍ എന്നാണു തിരുത്ത്‌. യു.എ.ഇയില്‍നിന്നു സ്വര്‍ണം അയയ്‌ക്കുന്നതിലെ പ്രധാനി ഫൈസലാണെന്നും എന്‍.ഐ.എ. ബോധിപ്പിച്ചു. നെഞ്ചുവേദനയും വിറയലും അനുഭവപ്പെടുന്നുണ്ടെന്നു സ്വപ്‌ന അറിയിച്ചതിനേത്തുടര്‍ന്ന്‌ വൈദ്യപരിശോധനയ്‌ക്കു കോടതി നിര്‍ദേശം നല്‍കി. 21-നു രാവിലെ 11-നു പ്രതികളെ കോടതിയില്‍ ഹാജരാക്കണം