രജീന്ദർ ഗോയൽ വിടവാങ്ങി; രഞ്ജി ക്രിക്കറ്റിന്റെ ഏറ്റവും വലിയ വിക്കറ്റ് വേട്ടക്കാരൻ…

0

രജീന്ദർ ഗോയൽ വിടവാങ്ങി; രഞ്ജി ക്രിക്കറ്റിന്റെ ഏറ്റവും വലിയ വിക്കറ്റ് വേട്ടക്കാരൻ…

രാജ്യം കണ്ട എക്കാലത്തെയും മികച്ച ഇടംകൈയന്‍ സ്പിന്നര്‍മാരില്‍ ഒരാളായിരുന്ന, രഞ്ജി ട്രോഫി ക്രിക്കറ്റിന്റെ ചരിത്രത്തിലെ എക്കാലത്തെയും വലിയ വിക്കറ്റ് വേട്ടക്കാരനും ആഭ്യന്തര ക്രിക്കറ്റിലെ സ്പിന്‍ ബൗളിങ് ഇതിഹാസവുമായിരുന്ന രജീന്ദര്‍ ഗോയല്‍ അന്തരിച്ചു. 77 വയസ്സായിരുന്നു. ദീര്‍ഘനാളായി അസുഖബാധിതനായിരുന്നു. ആഭ്യന്തര ക്രിക്കറ്റില്‍ വിക്കറ്റുകള്‍ കൊയ്ത് കൂട്ടിയിട്ടും ഒരിക്കല്‍പ്പോലും ഇന്ത്യക്കു വേണ്ടി കളിക്കാന്‍ ഗോയലിനു ഭാഗ്യമുണ്ടായിട്ടില്ല.

ഇടംകൈയന്‍ സ്പിന്നറായിരുന്ന അദ്ദേഹം ഫസ്റ്റ് ക്ലാസ് കരിയറില്‍ 750 വിക്കറ്റുകള്‍ കൊയ്തിട്ടുണ്ട്. ഹരിയാന, പഞ്ചാബ്, ഡല്‍ഹി ടീമുകള്‍ക്കു വേണ്ടി ഗോയല്‍ കളിച്ചു. രഞ്ജി ട്രോഫിയില്‍ 637 വിക്കറ്റുകളാണ് താരത്തിന്റെ സമ്ബാദ്യം. 17 തവണ 10 വിക്കറ്റ് നേട്ടം കൊയ്ത അദ്ദേഹം 53 തവണ അഞ്ചു വിക്കറ്റ് നേട്ടത്തിനും അവകാശിയായിട്ടുണ്ട്. 2017ല്‍ ഇന്ത്യന്‍ ക്രിക്കറ്റിനു നല്‍കിയ സംഭാവന പരിഗണിച്ച്‌ ബിസിസിഐ ഗോയലിനെ സികെ നായിഡു ആജീവനാന്ത പുരസ്‌കാരം നല്‍കി ആദരിച്ചിരുന്നു.

ക്രിക്കറ്റിനു മാത്രമല്ല വ്യക്തിപരമായി തനിക്കും നേരിട്ട വലിയ ആഘാതമാണ് ഗോയലിന്റെ മരണമന്ന് ബിസിസിഐയുടെ മുന്‍ പ്രസിഡന്റ് രണ്‍ബീര്‍ സിങ് മഹേന്ദ്ര പ്രതികരിച്ചു. അദ്ദേഹം. ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിലെ 750 വിക്കറ്റുകളെന്ന റെക്കോര്‍ഡ് ഗോയലിന്റെ പ്രതിഭ അടിവരയിടുന്നതായും മഹേന്ദ്ര പിടിഐയോടു പറഞ്ഞു. വിരമിച്ച ശേഷവും അദ്ദേഹം ക്രിക്കറ്റിനെ ഉപേക്ഷിച്ചില്ല. ഹരിയാന ക്രിക്കറ്റ് ടീമുകളിലേക്കു പുതിയ പ്രതിഭകളെ കണ്ടെത്തുന്നതിനു വേണ്ടി ഇന്റര്‍ ജില്ലാ മല്‍സരങ്ങള്‍പ്പോലും ഗോയല്‍ കാണാറുണ്ടായിരുന്നുവെന്നും മഹേന്ദ്ര വിശദമാക്കി.

1957ല്‍ ഓള്‍ ഇന്ത്യ സ്‌കൂള്‍ ടൂര്‍ണമെന്റില്‍ വെസ്റ്റ് സോണിനെതിരായ ഫൈനലില്‍ നോര്‍ത്ത് സോണിനു വേണ്ടി നാലു വിക്കറ്റുകളെടുത്തതോടെയാണ് ഗോയല്‍ ആദ്യമായി ശ്രദ്ധിക്കപ്പെടുന്നത്. ടൂര്‍ണമെന്റിലെ മികച്ച ബൗളറായും അന്ന് അദ്ദേഹം തിരഞ്ഞെടുക്കപ്പെട്ടിരുന്നു. ബിഷന്‍ സിങ് ബേദിയുടെ സമകാലികനായിരുന്നതാണ് ഗോയലിന് ദേശീയ ടീമിൽ അവസരം ലഭിക്കാതിരുന്നത്തിനു മുഖ്യ കാരണം.