കാലിക്കറ്റ് സര്‍വകലാശാലയോട് പ്രതിഷേധം;ദളിത് സംഘടനകള്‍ക്ക് അവഗണന

Protest against Calicut University

0

 

തേഞ്ഞിപ്പലം: ഭരണഘടനാ ശില്‍പി ബി.ആര്‍. അംബേദ്ക്കറിന്റെയും അയ്യന്‍കാളിയുടെയും പേരില്‍ ചെയര്‍ തട്ടിക്കൂട്ടാനുള്ള കാലിക്കറ്റ് സര്‍വകലാശാലയുടെ നീക്കത്തിനെതിരെ പ്രതിഷേധം. അംബേദ്കര്‍, അയ്യന്‍കാളി ചെയറുകള്‍ സ്ഥാപിക്കാന്‍ നാല് വര്‍ഷം മുമ്ബ് ദളിത് സംഘടനകള്‍ സര്‍വകലാശാലയ്ക്കും സംസ്ഥാന സര്‍ക്കാരിനും നിവേദനം നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ ചെയറുകള്‍ സ്ഥാപിക്കാന്‍ എസ്‌സി-എസ്ടി പ്ലാന്‍ ഫണ്ട് അനുവദിക്കുന്നതിനുള്ള എന്‍ഒസി ബന്ധപ്പെട്ട അധികാരികളില്‍ നിന്ന് അംബേദ്കര്‍ ചെയര്‍ വെല്‍ഫെയര്‍ ട്രസ്റ്റിന് ലഭിക്കുകയും ചെയ്തിരുന്നു.

സ്വതന്ത്ര ചെയറുകള്‍ ആരംഭിച്ച്‌ ദളിത് വിദ്യാര്‍ത്ഥികള്‍ക്ക് വിദ്യാഭ്യാസ സഹായവും പഠന പരിപാടികളും ആവിഷ്‌ക്കരിക്കാനായിരുന്നു ട്രസ്റ്റിന്റെ ലക്ഷ്യം. എന്നാല്‍ സര്‍വകലാശാല സഹകരിച്ചില്ല. പ്രതിഷേധമുയര്‍ന്നപ്പോള്‍ 25 ലക്ഷം രൂപ കോര്‍പ്പസ് ഫണ്ട് അടയ്ക്കാന്‍ വ്യവസ്ഥ വച്ചു. ഇളവ് അനുവദിക്കാന്‍ അപേക്ഷകള്‍ നല്‍കിയെങ്കിലും അധികൃതര്‍ തയ്യാറായില്ല. ഇത് വിവാദമായതോടെ സര്‍വകലാശാല നേരിട്ട് ചെയര്‍ സ്ഥാപിക്കുമെന്ന് സിന്‍ഡിക്കേറ്റ് അറിയിച്ചു. ഇത് തന്ത്രം മാത്രമാണെന്നാണ് ദളിത് സംഘടനകളുടെ ആരോപണം.

സ്വന്തം സ്ഥലമോ, കെട്ടിടമോ, സാമൂഹ്യബന്ധമോ ഇല്ലാത്ത ഒരു പദ്ധതിയാണ് സിന്‍ഡിക്കേറ്റിന്റേത്. സര്‍വകലാശാല ദളിത് മുന്നേറ്റത്തോട് ചെയ്യുന്ന അനീതിയാണെന്നും തീരുമാനം പിന്‍വലിക്കണമെന്നും അംബേദ്ക്കര്‍ ചെയര്‍ വെല്‍ഫെയര്‍ ട്രസ്റ്റ് അടക്കമുള്ള സംഘടനകള്‍ ആവശ്യപ്പെടുന്നു.

Protest against Calicut University