കൈകളില്ല, കാലിലൂടെ വാക്സിൻ സ്വീകരിച്ച് പ്രണവ്; കേരളത്തിൽ ആ​ദ്യം

0

 

ഇരു കൈകളുമില്ലെങ്കിൽ ശക്തമായ ചുവടുകളുമായി മുന്നോട്ടുപോകുന്ന പ്രണവ് മലയാളികൾക്ക് പരിചിതനാണ്. ഇപ്പോൾ കോവിഡ് വാക്സിനെടുത്ത് പുതിയ മാതൃക തീർത്തിരിക്കുകയാണ് ഈ 22 കാരൻ. കൈകളില്ലാത്തതിനാൽ കാലുകളിലൂടെയാണ് പ്രണവ് വാക്സിൻ സ്വീകരിച്ചത്. കേരളത്തിൽ തന്നെ ആദ്യമായാണ് ഇത്തരത്തിൽ വാക്സിനേഷൻ നടക്കുന്നത്.

പാലക്കാട് ആലത്തൂർ സ്വദേശിയായ പ്രണവ് ഇന്നലെ സൈക്കിൾ ചവിട്ടിയാണ് ആലത്തൂർ പഴയ പൊലീസ് സ്റ്റേഷനിലെ വാക്സിനേഷൻ കേന്ദ്രത്തിലെത്തിയത്. ഒപ്പം അച്ഛൻ ബാലസുബ്രഹ്മണ്യനും ഉണ്ടായിരുന്നു. എന്നാൽ ഇരു കൈകളുമില്ലാത്തതിനാൽ ആരോഗ്യ പ്രവർത്തകർ ആദ്യം അമ്പരന്നു. ആരോഗ്യ വകുപ്പിൽനിന്നു നിർദേശം എത്തിയതോടെ കാൽ വഴി വാക്സീൻ സ്വീകരിച്ചു.

കോവിഷീൽഡ് വാക്സീന്റെ ആദ്യ ഡോസാണ് പ്രണവ് സ്വീകരിച്ചത്. വാക്സിനേഷൻ മടിക്കുന്നവർക്കുള്ള സന്ദേശം കൂടിയാണു കാൽവഴിയുള്ള തന്റെ വാക്സിനേഷനെന്ന് അദ്ദേഹം പറഞ്ഞു. പ്രതിസന്ധിയിൽ തളരാത്ത പ്രണവ് എന്നും മലയാളികളെ അമ്പരപ്പിക്കാറുണ്ട്. ചിത്രകാരൻ കൂടിയായ പ്രണവ് രണ്ടു പ്രളയങ്ങളിലും താൻ വരച്ച ചിത്രങ്ങൾ പ്രദർശിപ്പിച്ച് ആ തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കു സംഭാവന ചെയ്തിരുന്നു