പോത്തന്‍കോട് കൊലപാതകം: സംഘത്തിലെ ഒരാള്‍ പിടിയില്‍; സുധീഷിന്റെ പോസ്റ്റ്‌മോര്‍ട്ടം ഇന്ന്

Pothencode murder:Sudheesh's post-mortem today

0

തിരുവനന്തപുരം: പോത്തന്‍കോട് ഗുണ്ടാസംഘം യുവാവിനെ വീട്ടില്‍ക്കയറി വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ ഒരാള്‍ പിടിയിലായി.

കൊലപാതകത്തില്‍ നേരിട്ട് പങ്കുള്ള രഞ്ജിത്ത് എന്നയാളാണ് പിടിയിലായത്. മംഗലപുരം ചെമ്ബകമംഗലം ലക്ഷംവീട് കോളനി സ്വദേശി സുധീഷിനെയാണ് (35) ശനിയാഴ്ച ക്രൂരമായി വെട്ടിക്കൊലപ്പെടുത്തിയത്.

പ്രതികളെ സഹായിച്ചവരും കസ്റ്റഡിയിലുണ്ടെന്നാണ് പോലിസ് പറയുന്നത്. അതേസമയം, കൊല്ലപ്പെട്ട സുധീഷിന്റെ പോസ്റ്റ്‌മോര്‍ട്ടം ഇന്ന് നടക്കും. ശരീരമാസകലം വെട്ടേറ്റ സുധീഷ് ആശുപത്രിയിലെത്തുന്നതിന് മുമ്ബ് മരിച്ചിരുന്നു.

ആക്രമിച്ചവര്‍ക്കായി സംസ്ഥാന വ്യാപകമായാണ് തിരച്ചില്‍ നടത്തുന്നത്. ആറ്റിങ്ങല്‍ സ്റ്റേഷന്‍ പരിധിയിലുള്ള വധശ്രമക്കേസില്‍ ഒളിവില്‍ കഴിയുമ്ബോഴാണ് സുധീഷ് ക്രൂരമായി കൊല്ലപ്പെടുന്നത്. ഈ കേസില്‍ സുധീഷിന്റെ സഹോദരനടക്കം നാലുപേര്‍ നേരത്തെ അറസ്റ്റിലായിരുന്നു.

ശനിയാഴ്ച ഉച്ചയ്ക്ക് 2.45നാണ് ഓട്ടോറിക്ഷയിലും രണ്ട് ബൈക്കിലുമായെത്തിയ സംഘം യുവാവിനെ ആക്രമിച്ചത്. സംഘത്തെ കണ്ട് ഓടി ബന്ധുവീട്ടില്‍ കയറിയ സുധീഷിനെ വീട്ടിനകത്തിട്ട് വെട്ടുകയായിരുന്നു. പകതീരാതെ വെട്ടിയെടുത്ത കാല്‍ റോഡിലെറിഞ്ഞശേഷമാണ് പ്രതികള്‍ രക്ഷപ്പെട്ടത്.

ബൈക്കില്‍ അര കിലോമീറ്റര്‍ അപ്പുറം കല്ലൂര്‍ മൃഗാശുപത്രി ജങ്ഷനിലെത്തിച്ച്‌ വെട്ടിയെടുത്ത കാലുമായി പ്രതികള്‍ ആഹ്ലാദ പ്രകടനവും നടത്തി. ജങ്ഷനില്‍ നടത്തിയ ആഹ്ലാദപ്രകടനത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പോലിസ് ശേഖരിച്ചിട്ടുണ്ട്.

ഗുണ്ടാപ്പകയാണ് ആക്രമണത്തിന് പിന്നിലെന്ന് പോലിസ് പറഞ്ഞു. മംഗലപുരം, ആറ്റിങ്ങല്‍ സ്‌റ്റേഷനുകളില്‍ വധശ്രമം അടിപിടി കേസുകളില്‍ പ്രതിയാണ് സുധീഷ്. മംഗലപുരം സ്വദേശി രാജേഷിനെയും സംഘത്തെയുമാണ് പോലിസ് തിരയുന്നത്.

Pothencode murder:Sudheesh’s post-mortem today