പാർട്ടിവന്ന ആൾ വഴികൾ ചർച്ചയാകുന്നു

0

 

 

 

 

ക്യാംപസ് കാലത്തെ കഥകൾ പറഞ്ഞ് മുഖ്യമന്ത്രി പിണറായി വിജയനും കെപിസിസി പ്രസിഡന്റ് കെ സുധാകരനും ഏറ്റുമുട്ടിയതോടെ ഒരിക്കൽക്കൂടി ചർച്ചയായിരിക്കുകയാണ് കണ്ണൂരിലെ അക്രമ രാഷ്ട്രീയം. കൊലപാതക കേസുകളിൽ വരെ പ്രതികളാണെന്ന് ഇരുപക്ഷവും പരസ്പരം ആരോപണങ്ങൾ ഉയർത്തുമ്പോൾ, അതിനോടു ചേർന്നു നിൽക്കുന്ന വെളിപ്പെടുത്തലുകളുണ്ട് ചരിത്രത്തിൽ. കണ്ണൂരിൽ ഇടതു രാഷ്ട്രീയം ചേരി തിരിഞ്ഞ കാലത്തു നടന്ന അക്രമത്തിന്റെ സാക്ഷ്യമാണ്, സിപിഎമ്മിൽനിന്നു പുറത്തുവന്ന കെസി നന്ദനൻ വിവരിക്കുന്നത്. സജി ജെയിംസ് എഴുതിയ ‘ഇടതുപക്ഷം: പാർട്ടി വന്ന ആൾ വഴികൾ’ എന്ന പുസ്തകത്തിലെ ആ അധ്യായം ചുവടെ:

കൊടുങ്കാറ്റ് വിതച്ച അസംതൃപ്തികളുടെ കാലം

തളിപ്പറമ്പ് പട്ടണത്തിൽ തൃച്ചംബരം ക്ഷേത്രത്തിനടുത്തുള്ള വാടകവീട്ടിൽ കെ.സി. നന്ദനനെ കാണാൻ ചെല്ലുമ്പോൾ രാഷ്ട്രീയ ജീവിതത്തിൽ പരാജയപ്പെട്ട ഒരാളെയാണ് പ്രതീക്ഷിച്ചത്.
”ഒരു വർഷമായി കിടപ്പിലായിട്ട്, ഇതിപ്പൊ മാറും. ചില പദ്ധതികളൊക്കെയുണ്ട്.”
എന്തൊക്കെയാണാ പദ്ധതികൾ എന്നു ചോദിച്ചപ്പോൾ അദ്ദേഹം ചെറുതായൊന്ന് ചിരിച്ചു. ആ ചിരിയിലുണ്ടായിരുന്നു ആറു പതിറ്റാണ്ട് നീണ്ട സംഭവബഹുലമായ രാഷ്ട്രീയ ജീവിതം.
”വിദ്യാർത്ഥിയായിരിക്കുമ്പോൾ ഇറങ്ങിത്തിരിച്ചതാണ് ഞാൻ.”
കെ.സി. നന്ദനൻ എന്ന കിനാത്തൂർ ചെങ്ങരക്കണ്ടോത്ത് നന്ദനൻ പറഞ്ഞുതുടങ്ങുന്നു:
”കൂത്തുപറമ്പ് ഹൈസ്‌കൂളിൽ പഠിച്ചുകൊണ്ടിരിക്കേയാണ് ഞാൻ വിദ്യാർത്ഥി സംഘടനാ പ്രവർത്തകനാകുന്നത്. ഞാൻ സെക്കന്റ് ഫോറത്തിൽ വിദ്യാർത്ഥിയായിരിക്കുമ്പോൾ വിദ്യാർത്ഥികൾ സംഘടിക്കാൻ തുടങ്ങിയിരുന്നു. അന്ന് കോൺഗ്രസ്സുകാരനായ ഒരദ്ധ്യാപകനെ വിദ്യാർത്ഥികൾ തല്ലി. തുടർന്ന്, കെ. നാരായണൻ ഉൾപ്പെടെ രണ്ടു വിദ്യാർത്ഥികളെ പൊലീസ് അറസ്റ്റുചെയ്തു. അതിന്റെ പേരിൽ നടന്ന സമരത്തിലാണ് ഞാൻ സജീവമായത്”
കേരള വിദ്യാർത്ഥി ഫെഡറേഷന്റെ ആദ്യകാല സംഘാടകരിൽ പ്രധാനപ്പെട്ട ഒരാളായിരുന്നു കെ.സി. നന്ദനൻ. എൻ.സി. മമ്മൂട്ടിയും പാട്യം കൃഷ്ണനും വിദ്യാർത്ഥി പ്രസ്ഥാനത്തിന് കണ്ണൂരിൽ നേതൃത്വം നൽകുമ്പോൾ നന്ദനനും ആ നിരയിൽ നിറഞ്ഞുനിന്നിരുന്നു. കെ.എസ്.എഫിന്റെ രൂപീകരണ നേതാക്കന്മാരിൽ പ്രധാനപ്പെട്ട ആളായിരുന്നു നന്ദനൻ. പത്താം ക്ലാസ്സ്് വരെയാണ് പഠിച്ചത്. പഠിക്കുന്ന സമയത്തും രാഷ്ട്രീയ പ്രവർത്തനത്തിനു മുൻതൂക്കം നൽകിയതിനാൽ പത്താംക്ലാസ്സ് പരാജയപ്പെട്ടു. പിന്നീട് മുഴുവൻ സമയ രാഷ്ട്രീയ പ്രവർത്തനത്തിൽ സജീവമായി.

”തൊഴിലാളികൾക്കിടയിലായിരുന്നു എന്റെ ആദ്യത്തെ പ്രവർത്തനം. രണ്ട് വർഷം അത് തുടർന്നു. പിന്നീട് പാർട്ടി പ്രവർത്തനത്തിൽ മാത്രമായി ശ്രദ്ധ.”
അവിഭക്ത കമ്യൂണിസ്റ്റ് പാർട്ടിയുടെ കണ്ണൂർ ജില്ലാക്കമ്മിറ്റിയിൽ അംഗമായിരുന്ന നന്ദനൻ പാർട്ടി പിളർപ്പിനുശേഷം സി.പി.ഐ.എമ്മിൽ നിന്നു. എ.കെ.ജിയുടെ അനിതരസാധാരണമായ ഇടപെടലായിരുന്നു അന്ന് കണ്ണൂരിൽ വൻ ജനവിഭാഗത്തെ സി.പി.ഐ.എമ്മിനൊപ്പം നിർത്തിയത്. നന്ദനൻ സി.പി.ഐ.എമ്മിന്റെ കണ്ണൂർ ജില്ലാ സെക്രട്ടേറിയേറ്റിൽ അംഗമായി.
”പിളർപ്പിനുശേഷം കൽക്കത്തയിൽ ചേർന്ന പാർട്ടി കോൺഗ്രസ്സിൽ ഞങ്ങൾ പങ്കെടുത്തിരുന്നു. ആ പാർട്ടി കോൺഗ്രസ്സിൽ ചൂടുപിടിച്ച ചർച്ചകൾ നടന്നു. വിമർശനങ്ങളും ഒരുപാടുണ്ടായി. കാരണം, പുതിയ പാർട്ടിയുണ്ടാക്കിയെങ്കിലും കാര്യമായ മാറ്റമൊന്നും സംഭവിച്ചില്ല. ഇത് ഞങ്ങളെ അസ്വസ്ഥരാക്കി. നെഹ്‌റുവിനോടും നെഹ്‌റുവിന്റെ സാമ്പത്തിക കാഴ്ചപ്പാടുകളോടും എടുക്കേണ്ട സമീപനത്തെപ്പറ്റിപ്പോലും പാർട്ടി കോൺഗ്രസ്സിൽ കൃത്യമായ ധാരണയിലെത്താൻ കഴിഞ്ഞിരുന്നില്ല. അന്ന് കൂത്തുപറമ്പ് ലോക്കൽ സെക്രട്ടറിയായിരുന്ന വി.കെ. ചന്തു ഈ പോക്ക് ശരിയല്ല എന്നു പറഞ്ഞ് എ.കെ.ജിക്ക് കത്തെഴുതുക വരെയുണ്ടായി. ഞങ്ങളെല്ലാം പാർട്ടി കോൺഗ്രസ്സിനുശേഷം കേരളത്തിലേക്ക് മടങ്ങിയെങ്കിലും അതൃപ്തി വളർന്നു.”
കെ.സി. നന്ദനൻ സൂചിപ്പിച്ച അതൃപ്തി വളർന്ന് കണ്ണൂർ ജില്ലയിൽ കമ്യൂണിസ്റ്റ് പാർട്ടിക്കുള്ളിൽ കൊടുങ്കാറ്റുകൾ രൂപംകൊള്ളാൻ കാരണമായി. തൂക്കുമരത്തെ തട്ടിയെറിഞ്ഞ് ജീവിതത്തിലേക്ക് തിരികെ എത്തിയ കെ.പി.ആർ. ഗോപാലനായിരുന്നു ആ കൊടുങ്കാറ്റുകൾക്കു മുൻപിൽ. കാന്തലോട്ട് കരുണൻ, എ. ബാലകൃഷ്ണൻ, അരയാക്കണ്ടി അച്ചുതൻ തുടങ്ങിയവരായിരുന്നു കെ.പി.ആർ. ബ്രിഗേഡിന്റെ മുൻനിരയിൽ. എം.വി. രാഘവൻ ആയിരുന്നു അന്ന് പാർട്ടിയുടെ ജില്ലാ സെക്രട്ടറി. വിഭാഗീയത ശക്തമായി മാറിയപ്പോൾ നന്ദനനടക്കം നാലുപേർ പാർട്ടിയിൽനിന്നു പുറത്തായി. കെ.പി.ആറും പിന്നെ അധികം നിന്നില്ല.
”കൂത്തുപറമ്പിൽ എന്റെ ഒരു സുഹൃത്തിന്റെ ലോഡ്ജിൽ മിക്കവാറും സമയം കിട്ടുമ്പോഴൊക്കെ ഞാൻ ചെന്നിരിക്കും