പ്രധാനമന്ത്രി അമേരിക്കയിൽ;നിർണ്ണായക കൂടിക്കാഴ്‌ചകൾ !

PM Narendra Modi at US

0

ഇന്ത്യ-അമേരിക്ക ബന്ധത്തിൽ നിർണ്ണായകമാണ് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അമേരിക്കൻ സന്ദർശനം.

ത്രിദിന അമേരിക്കൻ സന്ദർശനത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി വാഷിങ്ടണിലെത്തി. ബുധനാഴ്ച ജോയിന്റ് ബേസ് ആൻഡ്രൂസിൽ വിമാനം ഇറങ്ങിയ മോദിയെ സ്വീകരിക്കാൻ ഇന്ത്യൻ അമേരിക്കക്കാരുടെ വലിയസംഘം കാത്തുനിന്നിരുന്നു.

അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡനുമായുള്ള കൂടിക്കാഴ്ച, ക്വാഡ് ഉച്ചകോടി, ഐക്യരാഷ്ട്ര സംഘടനാ പൊതുസഭയെ അഭിസംബോധന ചെയ്യൽ എന്നിവയാണ് മോദിയുടെ ത്രിദിന യു.എസ്. സന്ദർശനത്തിൽ ഉൾപ്പെട്ടിട്ടുള്ളത്. ഇത് ആദ്യമായാണ് ജോ ബൈഡനും മോദിയും തമ്മിൽ കൂടിക്കാഴ്ച നടക്കുന്നത്.

അമേരിക്കൻ സർക്കാരിലെ ഉന്നത ഉദ്യോഗസ്ഥരും അമേരിക്കയിലെ ഇന്ത്യൻ അംബാസഡർ തരൺജിത് സിങ് സന്ധു അടക്കമുള്ളവരും ചേർന്നാണ് മോദിയെ വിമാനത്താവളത്തിൽ സ്വീകരിച്ചത്. വാഷിങ്ടണിലെ ഇന്ത്യൻ സമൂഹം നൽകിയ ഊഷ്മള സ്വീകരണത്തിന് നന്ദിയെന്ന് മോദി പിന്നീട് ട്വീറ്റ് ചെയ്തു.

അമേരിക്കൻ സന്ദർശനത്തിന്റെ ആദ്യദിനമായ വ്യാഴാഴ്ച, ഓസ്ട്രേലിയൻ പ്രധാനമന്ത്രി സ്കോട്ട് മോറിസൺ, അമേരിക്കയുടെ വൈസ് പ്രസിഡന്റ് കമലാ ഹാരിസ് എന്നിവരുമായി കൂടിക്കാഴ്ച നടത്തും. വ്യാഴാഴ്ച ഉച്ചയ്ക്കു ശേഷമാണ് മോദി-മോറിസൺ കൂടിക്കാഴ്ച.

ഇന്ത്യയിൽ നിക്ഷേപം നടത്താൻ ശേഷിയുള്ള കോർപറേറ്റ് കമ്പനികളുടെ യു.എസിലെ മേധാവികളുമായും മോദി കൂടിക്കാഴ്ച നടത്തും. ക്വാൽകോം, ബ്ലാക്ക് സ്റ്റോൺ, അഡോബ്, ജനറൽ അറ്റോമിക്സ്, ഫസ്റ്റ് സോളാർ തുടങ്ങിയവയുടെ സി.ഇ.ഒകൾ മോദിയുമായുള്ള കൂടിക്കാഴ്ചയിൽ പങ്കെടുക്കും.വെള്ളിയാഴ്ചയാണ് മോദി-ബൈഡൻ കൂടിക്കാഴ്ച. ഇതാദ്യമായാണ് ഇരുവരും തമ്മിൽ കൂടിക്കാഴ്ച നടക്കുന്നത് എന്നത് കൊണ്ട് തന്നെ ഇതിനു ഏറെ പ്രാധാന്യമുണ്ട്.

ശനിയാഴ്ച ഐക്യരാഷ്ട്രസഭയുടെ പൊതുസഭയെയും മോദി അഭിസംബോധന ചെയ്യും.

മൂന്ന് ദിവസത്തെ സന്ദർശനത്തിനായി വാഷിങ്ടണ്ണിലെത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദിക്കു ലഭിച്ച ഊഷ്മള സ്വീകരണം ഇന്ത്യ-അമേരിക്ക നയതന്ത്ര ബന്ധത്തിന്റെ ശക്തി വ്യക്തമാക്കുന്നതായിരുന്നു. ഇന്ത്യൻ സമയം പുലർച്ചെ 3.30നാണ് പ്രധാനമന്ത്രി മോദി അൻഡ്രൂസ് ജോയിന്റെ ബെസിൽ എയർ ഇന്ത്യ 1 വിമാനത്തിൽ വന്നിറങ്ങിയത്.

അമേരിക്കൻ സന്ദർശനത്തിന്റെ ആദ്യ ദിവസം ലോകത്തിലെ പ്രമുഖ വ്യാവസായ സ്ഥാപന മേധാവികളുമായി പ്രധാനമന്ത്രി മോദി കൂടിക്കാഴ്ച നടത്തും.ഈ കൂടിക്കാഴ്ചയിൽ ഇന്ത്യയിലെ വ്യവസായ നിക്ഷേപം അടക്കമുള്ള കാര്യങ്ങൾ ചർച്ചയാകും.

മഴയെ അവഗണിച്ച് മോദിയെ സ്വീകരിക്കാൻ യുഎസ് ഇന്ത്യക്കാരുടെ സംഘവും എത്തിയിരുന്നു.  ത്രിവർണ പതാക ഉയർത്തിക്കൊണ്ട് ജനങ്ങൾ മോദിയെ വരവേറ്റു. ജനങ്ങളുടെ ഹൃദ്യമായ സ്വീകരണത്തിന് മോദി നന്ദിയറിയിച്ചു. ഇവരെയും അഭിവാദ്യം ചെയ്താണ് മോദി വിമാനത്താവളം വിട്ടത്. പിന്നാലെ ലോകമെമ്പാടുമുള്ള ഇന്ത്യൻ പ്രവാസികൾ വേറിട്ട് നിൽക്കുന്നുവെന്നും അവരാണ് നമ്മുടെ ശക്തിയെന്നും പ്രധാനമന്ത്രി ട്വിറ്ററിൽ കുറിക്കുകയും ചെയ്തു.

വരും ദിവസങ്ങളിലായി ക്വാഡ് ഉച്ചകോടിയിലും, യുഎൻ പൊതുസഭയുടെ 76മത് പൊതു അസംബ്ലിയെ അഭിസംബോധന ചെയ്തും പ്രധാനമന്ത്രി മോദി യുഎസ് സന്ദർശന വേളയിൽ സംസാരിക്കും.

ശനിയാഴ്ച ന്യൂയോർക്കിൽ എത്തുന്ന പ്രധാനമന്ത്രി യുഎൻ പൊതുസഭയെ അഭിസംബോധന ചെയ്ത് സംസാരിക്കും.ഇതോടെയാണ് പ്രധാനമന്ത്രിയുടെ യുഎസ് സന്ദർശനം അവസാനിക്കുക.

അഫ്ഗാനിസ്ഥാനിൽ താലിബാൻ അധികാരം പിടിച്ചെടുത്തത്,ആഗോള ഭീകര വാദത്തിനെതിരായ പോരാട്ടം അങ്ങനെയെല്ലാം മോദിയുടെ കൂടിക്കാഴ്ചകളിൽ വിഷയമാകും.

ട്രംപ് ഭരണകൂടവുമായി ഇന്ത്യയ്ക്കുണ്ടായിരുന്ന ബന്ധം ബൈഡൻ ഭരണകൂടവുമായും ഉണ്ടാകും എന്ന് ഉറപ്പു വരുത്തുകയും തീവ്രവാദത്തിനെതിരായ പോരാട്ടത്തിൽ ലോകം ഒറ്റകെട്ടായി അണിനിരക്കുന്നതിനുള്ള നടപടികൾ ഇന്ത്യയും അമേരിക്കയും ചേർന്ന് സ്വീകരിക്കുന്നതും ഒക്കെ മോദിയുടെ അമേരിക്കൻ സന്ദർശനത്തിലൂടെ സാധ്യമാകുമെന്ന് നിരീക്ഷകർ അഭിപ്രായപ്പെടുന്നു.

PM Narendra Modi at US