മാർപാപ്പയെ ഭാരതത്തിലേക്ക് ക്ഷണിച്ച് പ്രധാനമന്ത്രി

0

ന്യൂഡൽഹി : പോപ്പ് ഫ്രാൻസിസ് മാർപാപ്പയെ ഇന്ത്യയിലേക്ക് ക്ഷണിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. മാർപാപ്പയുമായി നടത്തിയ കൂടിക്കാഴ്ചയ്‌ക്കിടെയായിരുന്നു ക്ഷണം. ഇരുവരും തമ്മിലുള്ള കൂടിക്കാഴ്ച ഒന്നര മണിക്കൂർ നീണ്ടു.12 മണിയ്‌ക്കായിരുന്നു കൂടിക്കാഴ്ച ആരംഭിച്ചത്. ഇരുവരും തമ്മിലുള്ള കൂടിക്കാഴ്ച 20 മിനിറ്റ് നേരത്തേക്കാണ് നിശ്ചയിച്ചിരുന്നത്. എന്നാൽ സംഭാഷണം ഒന്നരമണിക്കൂറോളം നീളുകയായിരുന്നു. കാലാവസ്ഥാ സംരക്ഷണവുമായി ബന്ധപ്പെട്ട് മാർപാപ്പയുമായി നരേന്ദ്ര മോദി വിപുലമായ ചർച്ച നടത്തിയെന്നാണ് റിപ്പോർട്ടുകൾ. ഇന്ത്യയുടെ ക്ഷണം സ്വീകരിച്ച് മാർപ്പാപ്പ ഉടൻ ഇന്ത്യ സന്ദർശിക്കുമെന്നാണ് പുറത്തുവരുന്ന സൂചനകൾ. വിദേശകാര്യമന്ത്രി ഡോ. എസ് ജയശങ്കറിനും, ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലിനുമൊപ്പമാണ് പ്രധാനമന്ത്രി മാർപാപ്പയെ കാണാൻ എത്തിയത്.
ഇതിന് മുൻപ് 1999 ലാണ് വത്തിക്കാൻ പോപ്പ് അവസാനമായി ഇന്ത്യ സന്ദർശിച്ചത്. അന്നത്തെ പ്രധാനമന്ത്രി അടൽ ബിഹാരി വാജ്‌പേയുടെ ക്ഷണത്തെ തുടർന്ന് അന്നത്തെ പോപ്പ് ജോൺ പോൾ രണ്ടാമനാണ് ഇന്ത്യയിൽ എത്തിയത്.