പോപ്പുലർ ഫ്രണ്ടിന് കുരുക്ക് മുറുകുന്നു!

പോപ്പുലർ ഫ്രണ്ട് പ്രതിരോധത്തിൽ!

0

പോപ്പുലർ ഫ്രണ്ടിന് കുരുക്ക് മുറുകുന്നു. പോപ്പുലർ ഫ്രണ്ടിന്റെ വിദ്യാർത്ഥി വിഭാഗം ദേശീയ ജനറൽ സെക്രട്ടറി ഉത്തർ പ്രദേശ് പോലീസിന്റെ കസ്റ്റഡിയിലാണ്.കള്ളപ്പണം വെളുപ്പിക്കൽ കേസിൽ അറസ്റ്റിലായ ക്യാമ്പസ് ഫ്രണ്ട് ദേശീയ ജനറൽ സെക്രട്ടറി റഊഫ് ഷെരീഫിനെ ഉത്തർപ്രദേശ് സ്‌പെഷ്യൽ ടാസ്‌ക് ഫോഴ്‌സ് ചോദ്യം ചെയ്യാനായി കസ്റ്റഡിയിലെടുത്തു. അഞ്ച് ദിവസത്തേയ്ക്കാണ് റഊഫിനെ കോടതി പോലീസ് കസ്റ്റഡിയിൽ വിട്ടിരിക്കുന്നത്. ഹത്രാസിൽ കലാപം നടത്താൻ പദ്ധതിയിട്ടതുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്യാനാണ് കസ്റ്റഡിയിലെടുത്തിരിക്കുന്നത്.

ഹത്രാസിൽ കലാപം നടത്താൻ ഇയാൾ മാദ്ധ്യമപ്രവർത്തകനായ സിദ്ധിഖ് കാപ്പനുമായി ഗൂഢാലോചന നടത്തിയിരുന്നു. തുടർന്ന് റഊഫാണ് കലാപത്തിന് പിന്തുണ നൽകാൻ സിദ്ധിഖ് കാപ്പനെയും സംഘത്തെയും യുപിയിലേയ്ക്ക് അയച്ചത്. എന്നാൽ യാത്രാമദ്ധ്യേ യുപി പോലീസ് സംഘത്തെ പിടികൂടുകയായിരുന്നു. സിദ്ധിഖ് കാപ്പനെ ചോദ്യം ചെയ്തതിൽ നിന്നുമാണ് റഊഫിനെക്കുറിച്ചുള്ള കൂടുതൽ തെളിവുകൾ പോലീസിന് ലഭിച്ചത്. കലാപം നടത്താൻ ഇയാൾ വിദേശത്ത് നിന്നും ധനസമാഹരണം നടത്തിയതായും പോലീസ് കണ്ടെത്തിയിരുന്നു.
തുടർന്ന് തിരുവനന്തപുരം വിമനത്താവളത്തിൽ നിന്നും ഇഡി അറസ്റ്റ് ചെയ്ത റഊഫ് ഷെരീഫിനെ യുപി പോലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു. യുപിയിൽ സംഘർഷം നടത്താൻ പദ്ധതിയിട്ടതുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്യാനാണ് കസ്റ്റഡിയിലെടുത്തത്. കാക്കനാട് ജയിലിലെത്തിയായിരുന്നു യുപി പോലീസിന്റെ നടപടി. കണ്ണൂർ നാറാത്ത് പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യ സംഘടിപ്പിച്ച ആയുധ പരിശീലനവുമായി ബന്ധപ്പെട്ട് റഊഫിനെതിരെ എൻഐഎയും കേസെടുത്തിരുന്നു.യുപിയിലെ കലാപവുമായി ബന്ധപ്പെട്ട് നിരവധി പോപ്പുലർ ഫ്രണ്ട് പ്രവർത്തകരെ യുപി പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഹത്രാസിൽ കലാപം നടത്താൻ പദ്ധതിയിട്ട സംഭവത്തിൽ ചോദ്യം ചെയ്യാനാണ് സ്‌പെഷ്യൽ ടാസക് ഫോഴ്‌സ് റഊഫിനെ കസ്റ്റഡിയിലെടുത്തിരിക്കുന്നത്. ഇയാളെ ചോദ്യം ചെയ്യുന്നതിലൂടെ വിദേശത്തുനിന്നുമുള്ളവരുടെ പങ്ക് വ്യക്തമാകും എന്നാണ് വിലയിരുത്തൽ. എന്തായാലും ഉത്തർ പ്രദേശിൽ നിന്നും പുറത്ത് വരുന്ന വാർത്തകൾ പോപ്പുലർ ഫ്രണ്ടിനെ സംബന്ധിച്ചടുത്തോളം അത്ര സുഖമുള്ളതല്ല, കഴിഞ്ഞ ദിവസം മലയാളികളായ രണ്ടു പോപ്പുലർ ഫ്രണ്ട് പ്രവർത്തകരെ ഉത്തർ പ്രദേശ് പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു. സ്‌ഫോടക വസ്തുക്കളുമായി ആണ് ഇരുവരെയും പോലീസ് പിടികൂടിയത്. ഇവർ ആക്രമണത്തിന് പദ്ധതിയിട്ടതായുള്ള വിവരം പൊലീസിന് ലഭിച്ചിരുന്നു. കലാപങ്ങളിൽ, അക്രമങ്ങളിൽ ഒക്കെ പോപ്പുലർ ഫ്രണ്ടിന്റെ പങ്കാളിത്തം സംബന്ധിച്ച വിവരങ്ങൾ രഹസ്യാന്വേഷണ വിഭാഗം ശേഖരിച്ചിരുന്നു. പല സംസ്ഥാനങ്ങളും പോപ്പുലർ ഫ്രണ്ടിനെ നിരോധിക്കണം എന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഡൽഹിയിൽ സി എ എ വിരുദ്ധ പ്രക്ഷോഭത്തിന്റെ മറവിൽ നടന്ന കലാപം പോപ്പുലർ ഫ്രണ്ട് ആസൂത്രണം ചെയ്തതാണ് എന്നും അന്വേഷണ ഏജൻസികൾക്ക് വിവരം ലഭിച്ചിരുന്നു .

പോപ്പുലർ ഫ്രണ്ടിന് വിദേശത്ത് നിന്നും സാമ്പത്തിക സഹായം ലഭിക്കുന്നതടക്കമുള്ള കാര്യങ്ങളിൽ അന്വേഷണ ഏജൻസികൾ വിവരങ്ങൾ ശേഖരിക്കുകയാണ്. ഉത്തർ പ്രദേശിൽ പോപ്പുലർ ഫ്രണ്ടിന്റെ പ്രവർത്തനങ്ങൾ,അക്രമ പ്രവർത്തനങ്ങളിലെ പങ്കാളിത്തം എന്നിവ സംബന്ധിച്ച വിവരങ്ങളും രഹസ്യാന്വേഷണ വിഭാഗം ശേഖരിക്കുകയാണ്. പോപ്പുലർ ഫ്രണ്ടിന്റെ രാഷ്ട്രീയ വിഭാഗമായ എസ് ഡി പി ഐ ബെംഗളൂരു കലാപത്തിൽ പ്രതിക്കൂട്ടിലാണ്, ബെംഗളൂരു കലാപവുമായി ബന്ധപെട്ടു പോലീസ് അറസ്റ്റ് ചെയ്തവരിൽ എസ് ഡി പി ഐ നേതാക്കൾ അടക്കമുള്ളവർ ഉണ്ടായിരുന്നു. സി എ എ വിരുദ്ധ പ്രക്ഷോഭ സമയത്ത് പശ്ചിമ ബംഗാളിൽ നടന്ന അക്രമങ്ങളിൽ പോപ്പുലർ ഫ്രണ്ട് പങ്കെടുത്തിരുന്നു എന്ന് അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. പോപ്പുലർ ഫ്രണ്ടും അവരുമായി ബന്ധപ്പെട്ട സംഘടനകളും കേന്ദ്ര രഹസ്യാന്വേഷണ വിഭാഗത്തിന്റെ നിരീക്ഷണത്തിലാണ്. പോപ്പുലർ ഫ്രണ്ടിനെ സംബന്ധിച്ചടുത്തോളം അവർ ഉയർത്തുന്ന വാദങ്ങൾ ഓരോന്നോരാന്നായി തകരുകയാണ്. കലാപങ്ങളിൽ അക്രമങ്ങളിലും കള്ളപ്പണ ഇടപാടിലും ഒക്കെ പോപ്പുലർ ഫ്രണ്ടിന് പങ്കുണ്ടെന്ന വിവരം പുറത്ത് വരുകയാണ്.അന്വേഷണം മുറുകുകയും കൂടുതൽ തെളിവുകൾ ലഭിക്കുകയും ചെയ്‌താൽ പോപ്പുലർ ഫ്രണ്ട് നിരോധനം എന്ന നടപടിയിലേക്ക് കേന്ദ്രസർക്കാർ കടക്കുന്നതിനുള്ള സാധ്യതയും തള്ളിക്കളയാൻ കഴിയില്ല.

 

PFI under trouble