സംസ്ഥാനത്ത് രാത്രി നിയന്ത്രണം ഇന്നുമുതല്‍; അത്യാവശ്യങ്ങള്‍ക്ക് പുറത്തിറങ്ങുന്നവര്‍ സാക്ഷ്യപത്രം കരുതണം

Night control in the state from today

0

തിരുവനന്തപുരം; ഒമിക്രോണ്‍ വ്യാപനത്തിന്റെയും പുതുവര്‍ഷ ആഘോഷങ്ങളുടെയും സാഹചര്യത്തില്‍ സംസ്ഥാനത്ത് പ്രഖ്യാപിച്ച രാത്രി നിയന്ത്രണംഇന്ന് നിലവില്‍വരും.

ജനുവരി രണ്ടുവരെ രാത്രി പത്തുമുതല്‍ പുലര്‍ച്ചെ അഞ്ചുവരെയാണ് നിയന്ത്രണം. അടിയന്തര ആവശ്യങ്ങള്‍ക്ക് പുറത്തിറങ്ങുന്നവര്‍ സ്വയം സാക്ഷ്യപത്രം കൈയില്‍ കരുതണം. ശബരിമല, ശിവഗിരി തീര്‍ഥാടകര്‍ക്ക് ഇളവുണ്ടാകും.

മുപ്പത്തൊന്നിന് രാത്രി 10ന് ശേഷം പുതുവര്‍ഷാഘോഷം അനുവദിക്കില്ല. പ്രവര്‍ത്തനസമയത്ത് ബാര്‍, ക്ലബ്, ഹോട്ടല്‍, റസ്റ്റോറന്റ്, ഭക്ഷണശാല എന്നിവിടങ്ങളില്‍ പകുതിപേര്‍ക്കാണ് പ്രവേശനം.

വലിയ ആള്‍ക്കൂട്ടങ്ങള്‍ക്ക് സാധ്യതയുള്ള ബീച്ചുകള്‍, ഷോപ്പിങ് മാളുകള്‍, പാര്‍ക്കുകള്‍ എന്നിവിടങ്ങളില്‍ അതത് കലക്ടര്‍മാര്‍ ആവശ്യത്തിന് സെക്ടറല്‍ മജിസ്ട്രേട്ടുമാരെ വിന്യസിക്കും. കൂടുതല്‍ പൊലീസിനെയും നിയോഗിക്കും.

രോഗവ്യാപന സാധ്യത നിലനില്‍ക്കെ കോവിഡ് മാനദണ്ഡപാലനം ഉറപ്പുവരുത്താന്‍ കര്‍ശന നടപടി സ്വീകരിക്കും.

മാസ്ക് ധരിക്കുന്നത് ഉറപ്പാക്കും. നിശ്ചിത ദിവസങ്ങളില്‍ ആളുകള്‍ കൂട്ടംകൂടുന്നത് ഒഴിവാക്കും. രാത്രിയില്‍ ആഘോഷങ്ങള്‍ അനുവദിക്കില്ല. സിനിമാ തിയറ്ററുകളില്‍ രാത്രി 10നു ശേഷം പ്രദര്‍ശനമുണ്ടാകരുത്. പുതുവര്‍ഷവുമായി ബന്ധപ്പെട്ട എല്ലാ ആഘോഷങ്ങളും രാത്രി 10ന് മുമ്ബ് അവസാനിപ്പിക്കണം.

Night control in the state from today