കോവിഡ് വ്യാപനം; നീറ്റ് പി.ജി പരീക്ഷ മാറ്റിവെച്ചു

Neet PG Exam Postponed

0

രാജ്യത്ത് കോവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തില്‍ നീറ്റ് പി.ജി പരീക്ഷ മാറ്റിവെച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദി അധ്യക്ഷനായ ഉന്നതാധികാര സമിതിയുടേതാണ് തീരുമാനം. നാലു മാസത്തേക്കാണ് പരീക്ഷ മാറ്റിവെച്ചിരിക്കുന്നത്. പുതിയ പരീക്ഷ തീയതി പരീക്ഷയ്ക്ക് ഒരു മാസം മുന്‍പെങ്കിലും അറിയിക്കും.

‘കുറഞ്ഞത് നാലു മാസത്തേക്ക് നീറ്റ് പി.ജി പരീക്ഷ മാറ്റിവെക്കാനും ആഗസ്റ്റ് 31ന് പരീക്ഷ നടത്തേണ്ട സാഹചര്യമില്ലെന്നും തീരുമാനമെടുത്തിട്ടുണ്ട്. അതിനാല്‍ യോഗ്യരായ ധരാളം ഡോക്ടര്‍മാരെ കോവിഡ് ഡ്യൂട്ടിക്ക് ലഭിക്കും’ സര്‍ക്കാര്‍ പ്രസ്താവനയില്‍ വ്യക്തമാക്കി. എന്നാല്‍ പരീക്ഷയ്ക്കായുള്ള അഡ്മിറ്റ് കാര്‍ഡ് പ്രസിദ്ധീകരിച്ചിരുന്നു. എം.ബി.ബി.എസ് ബിരുദധാരികളേയും അവസാന വര്‍ഷ വിദ്യാര്‍ഥികളേയും കോവിഡ് പ്രതിരോധ പ്രവര്‍ത്തനത്തിന്റെ ഭാഗമാക്കുന്നതിനാണ് ഈ തീരുമാനം. അതേസമയം കോവിഡ് ഡ്യൂട്ടിയിലുള്ള ഡോക്ടര്‍മാര്‍ക്ക് സര്‍ക്കാര്‍ ആശുപത്രികളിലെ നിയമനത്തില്‍ മുന്‍ഗണന നല്‍കുന്ന കാര്യം കേന്ദ്ര സര്‍ക്കാര്‍ പരിഗണിക്കുന്നുണ്ട്.

കഴിഞ്ഞ 24 മണിക്കൂറില്‍ രാജ്യത്ത് രേഖപ്പെടുത്തിയത് 3,68,147 പുതിയ കോവിഡ് രോഗികള്‍. കേന്ദ്ര ആരോഗ്യമന്ത്രാലയം പുറത്തുവിട്ട കണക്കുകള്‍ പ്രകാരം പ്രതിദിന കോവിഡ് രോഗികളില്‍ നേരിയ കുറവാണുള്ളത്. ഇന്നലെ 3,417 പേര്‍ കോവിഡ് ബാധിച്ച്‌ മരിച്ചു.

ഇന്ത്യയില്‍ ഇതുവരെ 2,18,959 പേരാണ് കോവിഡ് ബാധിച്ച്‌ മരിച്ചത്. കഴിഞ്ഞ 24 മണിക്കൂറില്‍ 3,00,732 പേര്‍ കോവിഡ് മുക്തരായി. രാജ്യത്തെ ആക്ടീവ് രോഗികളുടെ എണ്ണം 34,13,642 ആണ്. ഇതോടെ ഇന്ത്യയിലെ കോവിഡ് രോഗികളുടെ എണ്ണം 1,99,25,604 ആയി. ഇതുവരെ വാക്‌സിന്‍ സ്വീകരിച്ചത് 15,71,98,207 പേരാണ്.

മഹാരാഷ്ട്ര, കര്‍ണാടക, കേരളം, ഉത്തര്‍പ്രദേശ്, ആന്ധ്രപ്രദേശ് എന്നീ സംസ്ഥാനങ്ങളിലാണ് ഏറ്റവും കൂടുതല്‍ കോവിഡ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. ഇന്നലെ റിപ്പോര്‍ട്ട് ചെയ്ത 3.68 ലക്ഷം രോഗികളില്‍ 49.2 ശതമാനവും ഈ അഞ്ച് സംസ്ഥാനങ്ങളില്‍ നിന്നാണ്. മഹാരാഷ്ട്രയില്‍ നിന്നും മാത്രം 15.39 ശതമാനം കോവിഡ് രോഗികളാണുള്ളത്. ഇന്നലെ ഏറ്റവും കൂടുതല്‍ പേര്‍ കോവിഡ് ബാധിച്ച്‌ മരിച്ചതും മഹാരാഷ്ട്രയിലാണ്. 669 പേര്‍ മഹാരാഷ്ട്രയില്‍ മരിച്ചു. ഡല്‍ഹിയാണ് രണ്ടാമതുള്ളത്. ഡല്‍ഹിയില്‍ ഇന്നലെ മരിച്ചത് 407 പേരാണ്.

അതേസമയം, ഡല്‍ഹിയില്‍ മൂന്നാംഘട്ട കോവിഡ് വാക്‌സിനേഷന്‍ ഇന്ന് രാവിലെ മുതല്‍ ആരംഭിച്ചു. പതിനെട്ട് വയസ്സ് കഴിഞ്ഞവര്‍ക്കുള്ള വാക്‌സിനേഷനാണ് ആരംഭിച്ചിരിക്കുന്നത്. മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്യുന്നവര്‍ക്കാണ് വാക്‌സിന്‍ നല്‍കുന്നത്. രജിസ്റ്റര്‍ ചെയ്യാതെ വാക്‌സിനേഷന്‍ സെന്ററില്‍ എത്തുന്നവര്‍ക്ക് വാക്‌സിന്‍ നല്‍കില്ല.

ഡല്‍ഹിയിലെ പ്രമുഖ സ്വകാര്യ ആശുപത്രികളായ അപ്പോളോ, ഫോര്‍ട്ടിസ്, മാക്‌സ് എന്നിവിടങ്ങളില്‍ ശനിയാഴ്ച്ച മുതല്‍ വാക്‌സിനേഷന്‍ ആരംഭിച്ചിട്ടുണ്ട്.

Neet PG Exam Postponed