മരംമുറിക്കു പിന്നിൽ ഉന്നതതല ഗൂഢാലോചന; കേന്ദ്രമന്ത്രി

0

 

 

 

 

 

 

മുട്ടിൽ മരംമുറിക്കേസിൽ കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തിൻറെ ഇടപെടൽ ആവശ്യപ്പെട്ട് കേന്ദ്രവിദേശകാര്യസഹമന്ത്രി വി.മുരളീധരൻ കേന്ദ്രമന്ത്രി ശ്രീ പ്രകാശ് ജാവഡേക്കറിന് കത്ത് നൽകി.

കോടികളു‍ടെ അനധികൃത മരംമുറിക്കു പിന്നിൽ ഉന്നതല ഗൂഢാലോചനയുണ്ടെന്ന് വി.മുരളീധരൻ കത്തിൽ ചൂണ്ടിക്കാട്ടി. പ്രതികളെ സംരക്ഷിക്കാൻ സർക്കാർ തലത്തിൽ നീക്കം നടക്കുന്നതായി സംശയിക്കുന്നു. കേന്ദ്രവനംപരിസ്ഥിതി മന്ത്രാലയത്തിൻറെ കീഴിൽ നടക്കുന്ന അന്വേഷണത്തിനേ വസ്തുതകൾ പുറത്തുകൊണ്ടുവരാനാകൂ എന്ന് കത്തിൽ പറയുന്നു. പ്രിൻസിപ്പൽ ചീഫ് കൺസർവേറ്റർ ഓഫ് ഫോറസ്റ്റിനെയും കേരളത്തിലെ വനംവകുപ്പ് മേധാവിയെയും വിളിച്ചുവരുത്തണമെന്നും വി.മുരളീധരൻ ആവശ്യപ്പെട്ടു.

മുട്ടിൽ വനം മുറിക്കൽ കേസിൽ കേന്ദ്ര സർക്കാർ റിപ്പോർട്ട് തേടി. കോടികളുടെ വനം കൊള്ളക്കേസിൽ നടപടി സ്വീകരിക്കണമെന്ന് കേന്ദ്രമന്ത്രി വി. മുരളീധരൻ നേരിട്ട് സന്ദർശിച്ച് ആവശ്യപ്പെട്ടതിനെ തുടർന്നാണ് വനം പരിസ്ഥിതി മന്ത്രി പ്രകാശ് ജാവ്ദേക്കർ റിപ്പോർട്ട് തേടിയിരിക്കുന്നത്.

ഇന്ന് രാവിലെ കേന്ദ്ര പ്രകാശ് ജാവ്ദേക്കറുമായി മുരളീധരൻ കൂടിക്കാഴ്ച നടത്തുകയും നിയമത്തിന്റെ മറവിൽ നടന്ന മരം മുറിയുടെ വിശദാംശങ്ങൾ കൈമാറുകയും ചെയ്തിരുന്നു. വനം പരിസ്ഥിതി മന്ത്രാലയത്തിന്റെ മേൽനോട്ടത്തിൽ സ്വതന്ത്ര അന്വേഷണം വേണമെന്ന് മുരളീധരൻ ആവശ്യപ്പെട്ടു. ഇതിന് പിന്നാലെയാണ് ജാവ്ദേക്കർ റിപ്പോർട്ട് തേടിയത്. റിപ്പോർട്ട് ലഭിച്ച ശേഷം തുടർ നടപടികൾ സ്വീകരിക്കുമെന്നും കേന്ദ്രസർക്കാർ അറിയിച്ചിട്ടുണ്ട്.

പിണറായി സർക്കാരിന്റെ കാലത്ത് മരം മുറിക്കുന്നതുമായി ബന്ധപ്പെട്ട് ഇറങ്ങിയ ഉത്തരവ് അസാധാരണവും അത്ഭുതപ്പെടുത്തുന്നതുമാണെന്ന് മുരളീധരൻ പറഞ്ഞു. മാഫിയകളെ സഹായിക്കാൻ വേണ്ടിയുള്ള ആദ്യ സർക്കാരാകും പിണറായി സർക്കാർ. നിയമവിരുദ്ധമായ ഉത്തരവുകൾക്കായി നിലകൊള്ളുന്ന ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുക്കുകയാണ് സാധാരണയായി സർക്കാരുകൾ ചെയ്യാറ്. എന്നാൽ നിലവിലെ സർക്കാർ അത് ചെയ്തില്ല. അതുകൊണ്ടാണ് മാഫിയകൾക്ക് വേണ്ടി നിലകൊള്ളുന്ന സർക്കാരാണ് ഇതെന്ന് പറയുന്നത്.

നിലവിൽ വയനാട്ടിലെയും മറ്റ് ജില്ലകളിലെയും വിവരങ്ങൾ മാത്രമേ പുറത്തുവന്നിട്ടുള്ളൂ. സംസ്ഥാനത്തിന്റെ മറ്റ് ഭാഗങ്ങളിൽ നിന്നുള്ള വിവരങ്ങളും പുറത്തുവരണമെന്നും മുരളീധരൻ പ്രതികരിച്ചു.