മാവുങ്കലിന്റെ തട്ടിപ്പു ബന്ധങ്ങൾ;ബെഹ്‌റ മുതൽ കിളിമാനൂർ വരെ!

പുരാവസ്തു തട്ടിപ്പിൽ പുറത്ത് വരുന്നത് ഞെട്ടിപ്പിക്കുന്ന വിവരങ്ങൾ !

0

മോന്‍സണ്‍ മാവുങ്കലിന്റെ പുരാവസ്തു തട്ടിപ്പ് കേസില്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ അന്വേഷണത്തിന് ശുപാര്‍ശ ചെയ്തുവെന്ന് പോലീസ് ആസ്ഥാനം പറയുന്നത് പെരും നുണ എന്ന വിവരമാണ് പുറത്ത് വരുന്നത്.

കേവലം ശുപാര്‍ശ കൊണ്ട് നടത്താവുന്നതല്ല ഇ.ഡി. അന്വേഷണം. ഏതെങ്കിലും അന്വേഷണ ഏജന്‍സിയുടെ പ്രഥമവിവര റിപ്പോര്‍ട്ട് ഉണ്ടെങ്കില്‍ മാത്രമേ ഇ.ഡി.ക്ക് കേസെടുത്ത് അന്വേഷിക്കാൻ കഴിയൂ.മോന്‍സണ്‍ മാവുങ്കലിനെതിരേ അന്വേഷണം ശുപാര്‍ശ ചെയ്ത് ഒന്നര വര്‍ഷം മുമ്പ് സംസ്ഥാന പോലീസ് മുന്‍ മേധാവി ലോക്നാഥ് ബെഹ്റ കത്തയച്ചതിലും ദുരൂഹതയുണ്ട് എന്ന സൂചനകളാണ് പുറത്ത് വരുന്നത്.പുരാവസ്തു തട്ടിപ്പില്‍ മുഖ്യമന്ത്രിക്ക് ലഭിച്ച പരാതിയെ തുടര്‍ന്നാണ് ക്രൈംബ്രാഞ്ച് കേസെടുക്കുകയും മോന്‍സണ്‍ മാവുങ്കലിനെ അറസ്റ്റ് ചെയ്യുകയും ചെയ്തത്.

ലോക്നാഥ് ബെഹ്റയുമായുള്ള മോന്‍സണിന്റെ ബന്ധം പുറത്തായതോടെയാണ് മോന്‍സണ്‍ മാവുങ്കലിനെതിരേ അന്വേഷണം നടത്താന്‍ ലോക്നാഥ് ബെഹ്റ ഇ.ഡി.ക്ക് ശുപാര്‍ശ നല്‍കിയിരുന്ന വിവരം പോലീസ് പുറത്ത് വിടുന്നത് എന്നതും ശ്രദ്ധേയമായ കാര്യമാണ്.അതേസമയം എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന് ഒരു സംഭവത്തിലും നേരിട്ട് കേസെടുക്കാന്‍ നിയമം അനുവദിക്കുന്നില്ല.

പ്രഥമവിവര റിപ്പോര്‍ട്ടിന് സമാനമായ എന്‍ഫോഴ്സ്മെന്റ് കേസ് ഇന്‍ഫര്‍മേഷന്‍ റിപ്പോര്‍ട്ട് രജിസ്റ്റര്‍ ചെയ്ത് വേണം ഇ.ഡി.ക്ക് അന്വേഷണം ആരംഭിക്കാൻ,ഈ സാഹചര്യത്തിലാണ് ബെഹ്റയുടെ ശുപാർശ സംശയ നിഴലിൽ നിൽക്കുന്നത്. എന്‍ഫോഴ്സ്മെന്റ് കേസ് ഇന്‍ഫര്‍മേഷന്‍ റിപ്പോര്‍ട്ട് രജിസ്റ്റര്‍ ചെയ്യുന്നതിന് ഏതെങ്കിലുമൊരു അന്വേഷണ ഏജന്‍സിയുടെ പ്രഥമവിവര റിപ്പോര്‍ട്ട് ഉണ്ടായിരിക്കുകയും അതില്‍ കള്ളപ്പണ ഇടപാടുകള്‍ സംബന്ധിച്ചുള്ള സൂചനകളും ബന്ധപ്പെട്ട വകുപ്പുകളും ചേര്‍ത്തിരിക്കുകയും വേണം എന്നും വ്യവസ്ഥയുണ്ട്.

ഏതൊക്കെ സംസ്ഥാന പോലീസിനും വ്യക്തമായി അറിയാവുന്നതാണ്. അതുകൊണ്ട് തന്നെ സംസ്ഥാന പോലീസ് ശുപാര്‍ശക്കത്ത് അയയ്ക്കാതെ, മോന്‍സണ്‍ മാവുങ്കലിനെതിരേ അന്നുതന്നെ കേസ് രജിസ്റ്റര്‍ ചെയ്തിരുന്നെങ്കില്‍ ഇ.ഡി.ക്ക് കേസെടുക്കാനുള്ള സാധ്യത തെളിഞ്ഞേനെ,അതുകൊണ്ട് തന്നെയാണ് ഇക്കാര്യത്തിൽ പോലീസ് നടപടികൾ സംശയ നിഴലിൽ നിൽക്കുന്നത്.ലോക് നാഥ്‌ ബെഹ്‌റയെ പോലെ കുറ്റാന്വേഷണത്തിൽ വളരെ വ്യക്തമായ പശ്ചാത്തലമുള്ള ഉദ്യോഗസ്ഥൻ എന്തുകൊണ്ട് കേസെടുക്കുന്നതിന് സംസ്ഥാന പൊലീസിന് നിർദ്ദേശം നൽകിയില്ല എന്നതും സംശയം ജനിപ്പിക്കുന്നതാണ്.

ഇപ്പോൾ ക്രൈംബ്രാഞ്ച് കേസെടുത്ത പശ്ചാത്തലത്തിൽ ഇ ഡി ക്കു കേസെടുക്കാവുന്നതാണ്. അതേസമയം പുരാവസ്തുശേഖരവുമായി ബന്ധപ്പെട്ട് കോടികളുടെ തട്ടിപ്പ് നടത്തിയ മോന്‍സണ്‍ മാവുങ്കലിനെതിരേ കൂടുതല്‍ ആരോപണങ്ങള്‍. സാമ്പത്തിക തട്ടിപ്പിന് പുറമേ സ്വര്‍ണക്കടത്തിലും മനുഷ്യക്കടത്തിലും മോന്‍സണ് പങ്കുണ്ടെന്നാണ് നേരത്തെ ഇയാള്‍ക്കെതിരേ പരാതി നല്‍കിയ ഷാജി ചെറായിലിന്റെ ആരോപണം.മോന്‍സണെതിരേ കൊച്ചി സിറ്റി പോലീസ് കമ്മീഷണര്‍ക്ക് നല്‍കിയ പരാതിയിലും ഇക്കാര്യങ്ങള്‍ പരാമർശിച്ചിട്ടുണ്ട് എന്നാണ് വിവരം.

മോന്‍സണിന്റെ വീട് കേന്ദ്രീകരിച്ച് പെണ്‍വാണിഭവും പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ ഉപയോഗിച്ച് മസാജിങ്ങും നടക്കുന്നതായാണ് പരാതിക്കാരന്‍ പറയുന്നത്.മോന്‍സണിന്റെ കൊച്ചിയിലെ വീട്ടില്‍ സന്ദര്‍ശനം നടത്തിയപ്പോള്‍ മുകള്‍നിലയില്‍ പെണ്‍കുട്ടികളെ കണ്ടിട്ടുണ്ട്. താഴത്തെനിലയില്‍ രണ്ട് സ്ത്രീകളാണ് അന്ന് ഉണ്ടായിരുന്നതെന്നും പരാതിയിൽ പറയുന്നു. അതേസമയം തിരുവനന്തപുരം ജില്ലയിലെ കിളിമാനൂരിലും മോന്‍സണ്‍ പുരാവസ്തു തട്ടിപ്പ് നടത്തിയതായുള്ള വിവരങ്ങളും പുറത്തുവരുന്നുണ്ട്.

കിളിമാനൂരിലെ സന്തോഷ് എന്നയാള്‍ ആണ് തട്ടിപ്പു നടത്തിയത്.സന്തോഷ് മോന്‍സണിന്റെ കൂട്ടാളിയാണെന്നും ഇയാള്‍ക്ക് എല്ലാസഹായവും ചെയ്തുനല്‍കിയതെന്ന് മോന്‍സണാണെന്നും വ്യക്തമായിട്ടുണ്ട്.പുരാവസ്തു ബിസിനസിന്റെ പേരില്‍ കിളിമാനൂരിലെ പലരില്‍നിന്നുമായി ലക്ഷങ്ങളാണ് സന്തോഷ് തട്ടിയെടുത്തത്. നാണയം സന്തോഷ് എന്നറിയപ്പെട്ടിരുന്ന ഇയാള്‍ പുരാവസ്തു ബിസിനസ് വന്‍തോതില്‍ വളരുമെന്നും വലിയലാഭം കിട്ടുമെന്നും വിശ്വസിപ്പിച്ചാണ് തട്ടിപ്പു നടത്തിയത്.ലക്ഷങ്ങള്‍ മുടക്കിയ പലര്‍ക്കും മാസങ്ങളോളം പലിശയായി ഒരുവിഹിതവും നല്‍കി.എന്നാല്‍ പിന്നീട് ഇത് മുടങ്ങിയതോടെയാണ് സംഭവം തട്ടിപ്പാണെന്ന് പണം നല്‍കിയവര്‍ക്ക് ബോധ്യപ്പെട്ടത്.

വര്‍ഷങ്ങള്‍ക്ക് മുമ്പേ കിളിമാനൂരില്‍നിന്ന് മുങ്ങിയ സന്തോഷിനെതിരേ ഏതാനും പരാതികള്‍ മാത്രമാണ് നിലവിലുള്ളത്.അതേസമയം സന്തോഷിന്റെ പക്കലുണ്ടായിരുന്ന പുരാവസ്തുശേഖരമെല്ലാം പിന്നീട് മോന്‍സണ്‍ സ്വന്തമാക്കിയതായാണ് കണ്ടെത്തല്‍. സന്തോഷിനെ കൂട്ടാളിയാക്കിയ മോന്‍സണ്‍ ഇയാള്‍ക്ക് വേണ്ട ഒത്താശ ചെയ്തുകൊടുക്കുകയായിരുന്നു.

Monson Mavunkal Connections in Top