കോവിഡ് മൂന്നാം തരംഗം നേരിടാൻ തയാറെടുപ്പ്; പീഡിയാട്രിക് ഐസിയുവിന് കിടക്കകൾ കൈമാറി മോഹൻലാൽ

Mohanlal gave beds to Pediatric ICU ward

0

ജനറൽ ആശുപത്രിയിൽ പീഡിയാട്രിക് ഐസിയു നിർമാണം അവസാനഘട്ടത്തിൽ. ഇവിടേക്ക് ആവശ്യമായ ആറ് ഐസിയു കിടക്കകൾ മോഹൻലാലിന്റെ വിശ്വശാന്തി ഫൗണ്ടേഷൻ കൈമാറി. ബി ആൻഡ് സി ബ്ലോക്കിന്റെ രണ്ടാം നിലയിലാണ് പീഡിയാട്രിക് ഐസിയു ഒരുക്കിയത്. കോവിഡിന്റെ മൂന്നാം തരംഗത്തെ നേരിടാനുള്ള തയാറെടുപ്പിന്റെ ഭാഗമായാണിത്.

മൂന്നാം തരംഗം കുട്ടികളെ കൂടുതലായി ബാധിക്കുമെന്നാണ് മുന്നറിയിപ്പ്. അതിനാൽ കുട്ടികൾക്ക് മെച്ചപ്പെട്ട ചികിത്സ ഒരുക്കുകയാണ് ലക്ഷ്യം.മന്ത്രി വീണാ ജോർജിന്റെ എംഎൽഎ ഫണ്ടിൽനിന്ന് 74.05 ലക്ഷം രൂപ ചെലവിട്ടാണ് പദ്ധതിയിലെ സിവിൽ ഇലക്ട്രിക്കൽ പണികൾ നടത്തിയത്. ഓക്സിജൻ‍ പൈപ്പ് ലൈനിന്റെ പണികൾ നടക്കുന്നു. ഇവിടേക്ക് ആവശ്യമായ കിടക്കകൾ വാങ്ങാൻ പണം ഇല്ലായിരുന്നു. അപ്പോഴാണ് സംസ്ഥാന സർക്കാർ തിരഞ്ഞെടുക്കുന്ന ആശുപത്രിയിൽ ആവശ്യമായ ഉപകരണങ്ങൾ വാങ്ങാൻ വിശ്വശാന്തി ഫൗണ്ടേഷൻ സന്നദ്ധത അറിയിച്ചത്.

മോഹൻലാലിന്റെ കുടുംബവീട് പത്തനംതിട്ടയിൽ ആയതിനാൽ ജനറൽ ആശുപത്രിയിൽ നിർമിക്കുന്ന പീഡിയാട്രിക് ഐസിയുവിലേക്ക് ആവശ്യമായ കിടക്കകൾ വാങ്ങി നൽകാമോയെന്ന് മന്ത്രി വീണാ ജോർജ് അഭ്യർഥിക്കുകയായിരുന്നു. തുടർന്ന് ഇതിന് ആവശ്യമായ പണം കൈമാറി. ഐസിയു കിടക്കകൾ കഴിഞ്ഞ ദിവസം എത്തി. ഇതിന്റെ ഉദ്ഘാടനം ഉടൻ നടത്തുമെന്ന് മന്ത്രി വീണാ ജോർജ് പറഞ്ഞു.

 

Mohanlal gave beds to Pediatric ICU ward