Copa America 2021 : കണ്ണീരണിഞ്ഞ നെയ്മറെ നെഞ്ചോട് ചേർത്ത് മെസ്സി!

0

ഫുട്ബാൾ വെറുമൊരു കായിക മത്സരമല്ല,കാൽപന്ത് കാളിക്കൊരു താളമുണ്ട് ആ താളം മൈതാനത്തും ഹൃദയത്തിലും ഒക്കെയുണ്ട്.ഫുട്ബാൾ നൽകുന്ന ഐക്യത്തിന്റെ സന്ദേശത്തെ കുറിച്ച് പലരും പറഞ്ഞിട്ടുണ്ട്.വിജയം എന്നതാണ് ഫുട്ബാൾ മത്സരത്തിൻെറയും വിജയം.ഗോൾ അടിക്കാൻ കഴിയുന്നവരും ഗോൾ അടിക്കാൻ കഴിയാത്തവരും ഒക്കെ സന്തോഷിക്കുകയും ദുഃഖിക്കുകയും ഒക്കെ ചെയ്യുന്ന നിമിഷങ്ങൾ ഫുട്ബാളിൽ അനവധിയാണ്.എന്നാൽ കോപ്പ അമേരിക്കയിൽ അർജെന്റിന കപ്പ് ഉയർത്തിയപ്പോൾ ബ്രസീൽ നിരാശയുടെ കയത്തിലായിരുന്നു.കോപ്പ അമേരിക്ക ഫൈനലിൽ 22 മത്തെ മിനിറ്റിൽ എയ്ഞ്ചൽ ഡി മരിയ നേടിയ ഗോളിൽ 28 വർഷം നീണ്ട കിരീടത്തിനായുള്ള കാത്തിരിപ്പ് അർജന്റീന അവസാനിപ്പിക്കുകയായിരുന്നു.

കോപ്പ അമേരിക്ക കിരീടം ചൂടിയ അർജന്റീന ആഘോഷത്തിമർപ്പിലാണ്. മെസിയെ ആകാശത്തിലേക്ക് എടുത്ത് ഉയർത്തിയും മറ്റും വിജയം ആഘോഷിക്കുമ്പോൾ സങ്കടത്തിലായിരുന്നു ബ്രസീൽ. ഏങ്ങിക്കരയുന്ന നെയ്മറിനെയും കാണാമായിരുന്നു. എന്നാൽ വിജയാഘോഷങ്ങൾക്കിടയിലും നെയ്മറിനെ ആശ്വസിപ്പിക്കാൻ മെസി എത്തി. അർജന്റീനൻ താരങ്ങൾ വിജയം ആഘോഷിക്കുമ്പോഴായിരുന്നു അതിൽ പങ്കുചേരാതെ നെയ്മറെ മെസി ചേർത്തുപിടിച്ചത്. മെസിയുടെ തോളിൽ ചാഞ്ഞ് നിൽക്കുന്ന നെയ്മറെ തലോടി ആശ്വസിപ്പിക്കുന്ന മെസിയുടെ ചിത്രം നിമിഷ നേരം കൊണ്ട് വൈറലായി. കളിക്കളത്തിൽ ഇരുവരും ശത്രുപക്ഷത്താണെങ്കിലും ഉറ്റ സുഹൃത്തുക്കളാണ്.


കിരീടം നേടാനാകാതെ നിരാശകൊണ്ട് കണ്ണീരണിഞ്ഞ നെയ്മറെ മെസി കെട്ടിപ്പിടിച്ച് ആശ്വസിപ്പിച്ചപ്പോൾ അത് ഫുടബോൾ എന്ന ഗെയിമിന്റെ മനോഹര മുഹൂർത്തങ്ങളിൽ ഒന്നായി മാറി.ബാഴ്‌സലോണയിലെ സഹവാസമാണ് ഇരുവരെയും ഉറ്റചങ്ങാതിമാരാക്കിയത്. ഇരുവരും പലപ്പോഴുമത് വ്യക്തമാക്കിയിട്ടുണ്ട്.

കോപ്പ അമേരിക്കയിൽ പെറുവിനെ തോൽപിച്ച് ബ്രസീൽ ഫൈനലിലെത്തുമ്പോൾ നെയ്മർ പറഞ്ഞത്, ഫൈനലിൽ അർജന്റീനയെ കിട്ടണം എന്നായിരുന്നു. ഫാൻസുകാരുടെ ഇടയിൽ വളരെയധികം ആഘോഷിക്കപ്പെട്ട പ്രസ്താവനയായിരുന്നു ഇത്. നെയ്മറിന്റെ ആഗ്രഹം പോലെ തന്നെ കൊളംബിയയെ തോൽപിച്ച് അർജന്റീന ഫൈനലിലെത്തി.

എന്നാൽ എതിരില്ലാത്ത ഒരു ഗോളിന് തോൽക്കാനായിരുന്നു ബ്രസീലിന്റെ വിധി. മാരക്കാന സ്റ്റേഡിയം ഒരിക്കൽ കൂടി ബ്രസീലിന്റെ കണ്ണീർ വിഴ്ത്തുന്ന കാഴ്ചയാണ് കാണേണ്ടി വന്നത്. ഫൈനൽ വിസിൽ മുഴങ്ങിയതിന് പിന്നാലെ തലതാഴത്തി കണ്ണീർ ജേഴ്‌സിയിൽ തുടച്ച് നെയ്മർ മൈതാനത്ത് മുട്ടുകുത്തി.അർജന്റീനൻ ടീം വലിയ ആഹ്ലാദത്തിലും ആയിരുന്നു.ഇങ്ങനെ ആവേശകരമായ ആഹ്ലാദത്തിനിടയിൽ നിന്നാണ് മെസി നെയ്മറുടെ അടുത്തെത്തി ഏറെ നേരം ആലിംഗനം ചെയ്തു നിന്ന് ആശ്വസിപ്പിച്ചത്.വിജയ പരാജയങ്ങൾക്ക് മുകളിലാണ് സൗഹൃദം.