ബംഗാൾ കടലിലെ ന്യൂനമർദ്ദം തീവ്ര ന്യൂനമർദ്ദമായി; സംസ്ഥാനത്ത് 2 ദിവസം കൂടി മഴയ്ക്ക് സാധ്യത; കേരള തീരത്ത് ഭീഷണിയില്ല.

low pressure area in the Bay of Bengal

0

തിരുവനന്തപുരം: ബംഗാൾ ഉൾക്കടലിലെ ശക്തി കൂടിയ ന്യൂന മർദ്ദം തീവ്ര ന്യൂന മർദ്ദം ആയി. തീവ്ര ന്യൂനമർദ്ദത്തിന്‍റെ പ്രഭാവത്തില്‍ കേരളത്തിൽ രണ്ട് ദിവസം കൂടി ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കി.

തീവ്ര ന്യൂനമർദ്ദം നിലവിൽ ചെന്നൈക്ക് 310 കി.മി തെക്ക് കിഴക്കായും, പുതുച്ചേരിക്ക് 290 കി.മി. കിഴക്ക്-തെക്കു കിഴക്കായും, കാരൈക്കലിന് 270 കി.മി കിഴക്കു വടക്ക് കിഴക്കായുമായിട്ടാണ് സ്ഥിതി ചെയ്യുന്നത്. ഇത് പടിഞ്ഞാറ് വടക്ക്-പടിഞ്ഞാറ് ദിശയിൽ സഞ്ചരിച്ചു ചെന്നൈക്ക് സമീപം വടക്കൻ തമിഴ്നാട് – തെക്ക് ആന്ധ്രാ പ്രദേശ് തീരത്ത് നാളെ രാവിലെ കരയിൽ പ്രവേശിക്കാനാണ് സാധ്യത. അറബികടൽ ന്യുന മർദ്ദം നിലവിൽ മധ്യ കിഴക്കൻ അറബികടലിൽ സ്ഥിതി ചെയ്യുന്നു. പടിഞ്ഞാറ് വടക്ക് പടിഞ്ഞാറ് ദിശയിൽ സഞ്ചരിക്കുന്ന ന്യൂനമർദ്ദം അടുത്ത 48 മണിക്കൂറിൽ ശക്തി പ്രാപിക്കാൻ സാധ്യത. കേരള തീരത്ത് ഭീഷണിയില്ല. എന്നിരുന്നാലും അടുത്ത 2 ദിവസം കൂടി ഒറ്റപ്പെട്ട ശക്തമായ മഴ തുടരാൻ സാധ്യതയുണ്ട്.

സംസ്ഥാനത്ത് ഇന്ന് ഒമ്പത് ജില്ലകളിൽ യെല്ലോ അലർട്ടാണ്. പത്തനംതിട്ട, കോട്ടയം, തൃശൂര്‍, ഇടുക്കി, എറണാകുളം, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് എന്നീ ജില്ലകളിലാണ് യെല്ലോ അലർട്ട്. മലയോര മേഖലയില്‍ ശക്തമായ മഴയ്ക്കുള്ള സാധ്യതയുള്ളതിനാല്‍ യെല്ലോ അലര്‍ട്ടാണെങ്കിലും ഓറഞ്ച് അലര്‍ട്ടിന് സമാനമായ ജാഗ്രത പാലിക്കേണ്ടതുണ്ടെന്നും കേന്ദ്ര കാലാവസ്ഥ കേന്ദ്രം അറിയിക്കുന്നു. ഉരുള്‍പൊട്ടല്‍, മണ്ണിടിച്ചില്‍ സാധ്യതയുള്ള പ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പുണ്ട്.

low pressure area in the Bay of Bengal