ഐഷ സുൽത്താനയെ പൂട്ടാനുറച്ച് ലക്ഷദ്വീപ് പോലീസ്

0

രാജ്യദ്രോഹക്കേസിൽ ഐഷ സുൽത്താന അന്വേഷണവുമായി സഹകരിക്കുന്നില്ലെന്ന് ലക്ഷദ്വീപ് പോലീസ്. കേന്ദ്ര സർക്കാർ ലക്ഷദ്വീപിലെ ജനങ്ങൾക്കു നേരെ ജൈവായുധം പ്രയോഗിച്ചെന്ന വിവാദ പരാമർശം നടത്തിയതിനാണ് ഐഷക്കെതിരെ കേസ് രജിസ്റ്റർ ചെയ്തത്. കേസെടുത്ത ശേഷം ഐഷ തന്റെ മൊബൈലിൽ നിന്ന് മെസേജുകളും ചാറ്റുകളും ഡിലീറ്റ് ചെയ്‌തെന്നും ലക്ഷദ്വീപ് പോലീസ് ഹൈക്കോടതിയിൽ വ്യക്തമാക്കി.

കേന്ദ്ര സർക്കാരിനെതിരെ ജനങ്ങളിൽ വിദ്വേഷവും വെറുപ്പും ജനിപ്പിക്കാൻ മതിയായതും ജനങ്ങളെ ആക്രമണത്തിലേക്ക് നയിക്കാൻ പോരുന്നതുമായ പരാമർശമാണിത്. ആ നിലയ്ക്ക് രാജ്യദ്രോഹക്കേസ് നില നിൽക്കുമെന്നും പോലീസ് വ്യക്തമാക്കി.

രാജ്യദ്രോഹക്കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് ഐഷ നൽകിയ ഹർജിയിലാണ് ഇതു വ്യക്തമാക്കി പോലീസ് വിശദീകരണം നൽകിയത്. ചാനൽ ചർച്ചയ്ക്കിടെ അവർ ഫോണിൽ നോക്കി വായിക്കുന്നുണ്ട്. മറ്റാരുമായോ ആശയ വിനിമയം നടത്തിയാണ് അവർ ചാനലിൽ സംസാരിച്ചതെന്ന് വ്യക്തം.

ഐഷയുടെ സാമ്പത്തിക ഇടപാടുകളിൽ ദുരൂഹതയുണ്ടെന്നും ഇവർ രേഖകൾ കൈമാറുന്നില്ലെന്നും പോലീസ് വിശദീകരിച്ചു. അന്വേഷണം പ്രാരംഭ ഘട്ടത്തിലാണെന്നും പോലീസിന്റെ വിശദീകരണത്തിൽ പറയുന്നു. കേസ് റദ്ദാക്കണമെന്ന ഹർജിയിൽ അന്വേഷണം സ്റ്റേ ചെയ്യണമെന്ന ഐഷ ഇടക്കാല ആവശ്യമായി ഉന്നയിച്ചിരുന്നെങ്കിലും കോടതി അനുവദിച്ചിരുന്നില്ല.