കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളിയെ നീക്കണമെന്ന ആവശ്യം ശക്തമാകുന്നതിനിടെ പരസ്യ വിമര്‍ശനങ്ങളുമായി നേതാക്കള്‍.

0

നിയമസഭാ തെരഞ്ഞെടുപ്പിലെ യുഡിഎഫ് പരാജയത്തിനു പിന്നാലെ കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രനെതിരെ കോണ്‍ഗ്രസിനുള്ളില്‍ അതൃപ്തി പരസ്യമായി പുറത്തേക്ക് വരുന്നു എന്ന സൂചനകളാണ് പുറത്തുവരുന്നത്. മുല്ലപ്പള്ളിയെ ഉന്നം വെച്ച്‌ എറണാകുളം എംപി ഹൈബി ഈഡനും രംഗത്തുവന്നു.

 

എന്തിനാണ് ഉറങ്ങുന്ന ഒരു പ്രസിഡന്റ് എന്നാണ് ഹൈബി ഈഡന്‍ എംപി ഫേസ്‌ബുക്കില്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്. മുല്ലപ്പള്ളിയുടെ പേര് നേരിട്ട് പോസ്റ്റില്‍ പരാമര്‍ശിച്ചിട്ടില്ല. പോസ്റ്റിട്ട് മിനുട്ടുകള്‍ക്കുള്ളില്‍ തന്നെ ആയിരക്കണക്കിനാളുകളാണ് പോസ്റ്റ് ഷെയര്‍ ചെയ്തിരിക്കുന്നത്. കനത്ത പരാജയം കോണ്‍ഗ്രസ്സിനുള്ളില്‍ കാര്യമായ ചര്‍ച്ചകള്‍ക്കും നേതൃ പുനഃസംഘടനക്കും വഴിവെക്കാനുള്ള സൂചനകളാണ് പോസ്റ്റ് വ്യക്തമാക്കുന്നത്.

 

ഇതിനോടകം കെപിസിസി നേതൃത്വത്തിനെതിരെ വിയോജിപ്പ് പാര്‍ട്ടിക്കുള്ളില്‍ ശക്തമായിട്ടുണ്ട്. അതേസമയം ഹൈക്കമാന്റ് പറഞ്ഞാല്‍ മാത്രമേ സ്ഥാനമൊഴിയൂ എന്ന നിലപാടിലാണ് മുല്ലപ്പള്ളി. സ്ഥാനമൊഴിയാന്‍ തയ്യാറാണ്. ഹൈക്കമാന്‍ഡ് പറഞ്ഞാല്‍ മാത്രമേ സ്ഥാനം ഒഴിയൂ. പ്രതിസന്ധി ഘട്ടത്തില്‍ കെപിസിസി പ്രസിഡന്റ് സ്ഥാനം ഇട്ടെറിഞ്ഞ് പോകാന്‍ തയ്യാറല്ല. പ്രസിഡന്റ് സ്ഥാനം തീരുമാനിച്ചത് ഹൈക്കമാന്‍ഡാണ് അതിനാല്‍ സ്വയം ഒരു തീരുമാനം എടുക്കില്ല. ഒരാളുടെ തോല്‍വിയായി കാണാനാകില്ല എല്ലാവര്‍ക്കും കൂട്ടുത്തരവാദിത്വമുണ്ടെന്നും മുല്ലപ്പള്ളി പറഞ്ഞു.

 

കെപിസിസി അധ്യക്ഷനെ മാറ്റണമെന്ന ആവശ്യം ഗ്രൂപ്പ് വ്യത്യാസമില്ലാതെ കേന്ദ്ര നേതൃത്വത്തിനെ അറിയിച്ചിട്ടുണ്ട് എന്നാണ് സൂചന. എന്നാല്‍, പ്രതിപക്ഷ നേതൃ സ്ഥാനത്ത് നിന്നും രമേശ് ചെന്നിത്തല മാറേണ്ട സാഹചര്യം ഇല്ലെന്ന് ഐ ഗ്രൂപ്പ് വ്യക്തമാക്കി. സ്ഥാനം ഒഴിഞ്ഞേക്കും എന്ന് ചെന്നിത്തല സൂചിപ്പിച്ചതോടെയാണ് ഐ ഗ്രൂപ്പ് എതിര്‍പ്പ് ഉയര്‍ത്തുന്നത്. പ്രതിപക്ഷ നേതാവ് എന്ന നിലയില്‍ ചെന്നിത്തല നടത്തിയത് മികച്ച പ്രവര്‍ത്തനമാണെന്നും അതിന് പാര്‍ട്ടി പിന്തുണ വേണ്ടത്ര കിട്ടിയില്ല എന്നുമാണ് ഗ്രൂപ്പിന്റെ പരാതി. ചെന്നിത്തല തുടരുന്നതിലും ഹൈക്കമാന്‍ഡ് അന്തിമ നിലപാട് എടുക്കും.

 

അതേസമയം, കേരളത്തിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥികളുടെ കൂട്ടത്തോല്‍വിയില്‍ കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് റിപ്പോര്‍ട്ട് തേടി. ഒരാഴ്ചക്കുള്ളില്‍ കാരണം വ്യക്തമാക്കണമെന്നാണ് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. കെപിസിസി റിപ്പോര്‍ട്ട് കിട്ടിയ ശേഷം തുടര്‍നടപടി സ്വീകരിക്കുമെന്നാണ് സൂചന. ദേശീയ നിരീക്ഷക സമിതിയും പരാജയ കാരണം വിലയിരുത്തും.

 

അതിനിടെ നേമത്തെ തോല്‍വിയെ കുറിച്ചുള്ള വിശദീകരണം നല്‍കാന്‍ കെ മുരളീധരന്‍ മുല്ലപ്പള്ളിയുമായി കൂടിക്കാഴ്‌ച്ച നടത്തി. തല്‍ക്കാലം നേതൃമാറ്റം വേണ്ടെന്നാണ് മുരളീധരന്‍ പ്രതികരിച്ചത്. രാഹുല്‍ഗാന്ധിയും, പ്രിയങ്കഗാന്ധിയും നടത്തിയ പ്രചാരണത്തോടെ കേരളം ഒപ്പം നില്‍ക്കുമെന്ന പ്രതീക്ഷ പാളിയത് ഹൈക്കമാന്‍ഡിനേറ്റ കനത്ത പ്രഹരമാണ്. ദേശീയ നേതാക്കള്‍ വിയര്‍പ്പൊഴുക്കിയിട്ടും പരാജയപ്പെട്ടത് സംസ്ഥാന ഘടകത്തിന്റെ വീഴ്ചയെന്നാണ് വിലയിരുത്തല്‍. കെപിസിസി അധ്യക്ഷനെ മാറ്റണമെന്ന മുറവിളികള്‍ക്കിടെയാണ് പരാജയ കാരണം വിശദമാക്കാന്‍ ഹൈക്കമാന്‍ഡ് ആവശ്യപ്പെട്ടിരിക്കുന്നത്. നേരിയ ഭൂരിപക്ഷത്തില്‍ വിജയിക്കുമെന്ന പ്രതീക്ഷ പാളാനിടയാക്കിയ സാഹചര്യമാണ് ഹൈക്കമാന്‍ഡ് പരിശോധിക്കുന്നത്.

 

കേരളത്തിലേക്ക് നേരത്തെ അയച്ച ദേശീയ നിരീക്ഷക സംഘവും പരാജയ കാരണം വിലയിരുത്തും. പാര്‍ട്ടി നേതൃത്വത്തിന് തെരഞ്ഞെടുപ്പ് ആവേശം പോരായിരുന്നുവെന്നും, സര്‍ക്കാരിനെതിരെ ഉയര്‍ത്തിയ വിമര്‍ശനങ്ങള്‍ ജനങ്ങള്‍ക്കിടയില്‍ ചലനമുണ്ടാക്കിയില്ലെന്നും സംസ്ഥാനത്ത് പ്രചാരണം നടത്തിയ ചില ദേശീയ നേതാക്കള്‍ ഹൈക്കമാന്‍ഡിനെ ധരിപ്പിച്ചതയാണ് വിവരം. മുല്ലപ്പള്ളിയെ മാറ്റണമെന്ന ആവശ്യം ഹൈക്കമാന്‍ഡിന് മേല്‍ വലിയ സമ്മര്‍ദ്ദമാകുകയാണ്. ഇരുഗ്രൂപ്പുകളും ഒരേ സ്വരത്തില്‍ മുല്ലപ്പള്ളിയെ മാറ്റണമെന്നാണ് കേന്ദ്രനേതൃത്വത്തോട് ആവശ്യപ്പെട്ടിരിക്കുന്നത്. പ്രചാരണത്തില്‍ പോലും മുല്ലപ്പള്ളി ആത്മാര്‍ത്ഥമായി സഹകരിച്ചില്ലെന്ന പരാതിയും ഹൈക്കമാന്ഡിന് മുന്നിലെത്തിയിട്ടുണ്ട്. അതേ സമയം താന്‍ വിയര്‍പ്പൊഴുക്കിയിട്ടും പാര്‍ട്ടി ഒപ്പം നിന്നില്ലെന്ന പരാതി രമേശ് ചെന്നിത്തല ചില നേതാക്കളെ അറിയിച്ചുവെന്നാണ് വിവരം.