വീണ്ടും പോലീസിനു നേരെ ഇടതുപക്ഷ നേതാവിൻറെ കയ്യേറ്റശ്രമം

0

 

മാസ്‌ക് ധരിക്കാതെ കാറിലെത്തിയ മുന്‍ എഐഎസ്എഫ് നേതാവിനെ ചോദ്യം ചെയ്ത പോലീസിന് നേരെ കയ്യേറ്റശ്രമം. ദൃശ്യങ്ങള്‍ ചിത്രീകരിക്കാന്‍ ശ്രമിച്ച മാധ്യമപ്രവര്‍ത്തകര്‍ക്ക് വധഭീഷണി ഉയര്‍ത്തുകയും ചെയ്തു. എഐഎസ്എഫ് മുന്‍ നേതാവ് വിനീത് എസ്. തമ്പിയുള്‍പ്പടെ രണ്ട് പേരാണ് മാധ്യപ്രവര്‍ത്തകര്‍ക്ക് നേരെ വധഭീഷണി ഉയര്‍ത്തിയത്. ഇന്നലെ സെക്രട്ടേറിയറ്റിന് മുന്നില്‍ വച്ചായിരുന്നു സംഭവം.

 

പോലീസ് പരിശോധനയ്ക്കിടെയാണ് വിനിത് എസ്. തമ്പിയും മറ്റൊരാളും കാറിലെത്തിയത്. ഇരുവരും മാസ്‌ക് ധരിച്ചിരുന്നില്ല. മാസ്‌ക് വാങ്ങാന്‍ പോവുകയാണെന്നായിരുന്നു ഇവര്‍ പോലീസിനു നല്‍കിയ മറുപടി. ഇതിനെ ചോദ്യം ചെയ്ത പോലീസ് ഫൈന്‍ അടക്കണമെന്ന് ഇരുവരോടും ആവശ്യപ്പെട്ടു. ഇതില്‍ പ്രകോപിതരായാണ് പോലീസിനു നേരെ ഇവര്‍ കയ്യേറ്റ ശ്രമം നടത്തിയത്.

 

എസ്‌ഐ അടക്കമുള്ളവര്‍ ഇടപെട്ടിട്ടും ഇരുവരും അടങ്ങാതിരുന്നപ്പോഴാണ് ദൃശ്യമാധ്യമ വാര്‍ത്താ സംഘം ദൃശ്യങ്ങള്‍ പകര്‍ത്താന്‍ ആരംഭിച്ചത്. ഇതിനു പിന്നാലെ ഇവര്‍ മാധ്യമ സംഘത്തിനു നേരെ ആക്രോശിക്കുകയും വധഭീഷണി മുഴക്കുകയും ചെയ്തു. ‘ഒന്നുകില്‍ നീ നിര്‍ത്ത് അല്ലെങ്കില്‍ അടുത്ത വരവ് നിന്റെ ഓഫീസിലോട്ടായിരിക്കും’ എന്നായിരുന്നു ഭീഷണി. മാധ്യമപ്രവര്‍ത്തകരെ ആക്രമിക്കുമെന്ന ഘട്ടത്തിലാണ് പോലീസ് ഇവരെ അറസ്റ്റ് ചെയ്തു നീക്കാനുള്ള നടപടി സ്വീകരിച്ചത്. നിലവില്‍ കന്റോണ്‍മെന്റ് സ്‌റ്റേഷനിലേക്ക് മാറ്റി. കാര്‍ കസ്റ്റഡിയിലെടുക്കുകയും ചെയ്തു.

 

വിഷയത്തില്‍ കേസെടുക്കുമെന്ന് പോലീസ് അറിയിച്ചു. തിരുവനന്തപുരം ലോ കോളേജില്‍ എഐഎസ്എഫിന്റെ മുന്‍ യൂണിറ്റ് സെക്രട്ടറിയും മുന്‍ ജില്ലാ വൈസ് പ്രസിഡന്റുമാണ് വിനീത് എസ് തമ്പി.