മോദിക്ക് പിണറായിയുടെ ‘ ഹൃദയപൂർവ്വം നന്ദി’

Kerala CM Thanks To PM Modi

0

രാജ്യത്ത് 18 വയസ്സിന് മുകളിലുള്ള എല്ലാവർക്കും സൗജന്യമായി വാക്‌സിൻ നൽകുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി അറിയിച്ചു. ഇതിന്റെ ഭാഗമായി ഈ മാസം 21 മുതൽ സംസ്ഥാനങ്ങൾക്ക് വാക്‌സിൻ സൗജന്യമായി നൽകും. സംസ്ഥാനങ്ങളുടെ ആവശ്യപ്രകാരമാണ് വാക്സിനേഷൻ പ്രക്രിയയുടെ 25 ശതമാനം പ്രവർത്തനങ്ങളുടെ ചുമതല അവർക്ക് നൽകിയത്.

എന്നാൽ ഇപ്പോൾ പഴയ സംവിധാനമാണ് മികച്ചതെന്ന അഭിപ്രായമാണ് പല സംസ്ഥാനങ്ങളും പങ്കുവെയ്ക്കുന്നത്. അതുകൊണ്ടാണ് കേന്ദ്രസർക്കാരിന്റെ മേൽനോട്ടത്തിൽ തന്നെ പ്രവർത്തനങ്ങൾ നടത്താൻ തീരുമാനിച്ചതെന്നും പ്രധാനമന്ത്രി കൂട്ടിച്ചേർത്തു.വാക്‌സിൻ നിർമ്മാതാക്കളിൽ നിന്നും ആകെ വാക്‌സിന്റെ 75 ശതമാനവും സർക്കാർ വാങ്ങും.

ഇതിന് പുറമേ സംസ്ഥാനങ്ങൾക്ക് നൽകിയ വാക്സിനേഷൻ പ്രക്രിയയുടെ 25 ശതമാനം പ്രവർത്തനങ്ങളുടെ ചുമതലയും സർക്കാർ വഹിക്കും. വരുന്ന രണ്ടാഴ്ചയ്ക്കുളളിൽ ഇതുമായി ബന്ധപ്പെട്ട നടപടികൾ ആരംഭിക്കും. പുതിയ നിർദ്ദേശ പ്രകാരം സംസ്ഥാന – കേന്ദ്ര സർക്കാരുകൾ ഒന്നിച്ച് പ്രവർത്തിക്കുമെന്നും പ്രധാനമന്ത്രി അറിയിച്ചു.

കഴിഞ്ഞ 60 വർഷക്കാലത്തിന് സമാന സ്ഥിതിയാണ് ഉള്ളതെങ്കിൽ തീർച്ചയായും വാക്‌സിൻ വിദേശത്തു നിന്നും വാങ്ങേണ്ട അവസ്ഥയാകും രാജ്യത്ത് ഉണ്ടാകുക. മറ്റ് രാജ്യങ്ങളിൽ വാക്‌സിനേഷൻ പൂർത്തിയായാലും രാജ്യത്ത് വാക്‌സിൻ നിർമ്മാണം ആരംഭിച്ചിട്ടുണ്ടാകില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ആഗോള തലത്തിൽ വർദ്ധിച്ചുവരുന്ന വാക്‌സിൻ ആവശ്യകതയുമായി താരതമ്യം ചെയ്യുമ്പോൾ രാജ്യങ്ങൾ നിർമ്മിക്കുന്ന വാക്‌സിന്റെ അളവ് പര്യാപ്തമല്ല. ഇന്ത്യ കൂടി വാക്‌സിൻ നിർമ്മിച്ചില്ലായിരുന്നുവെങ്കിൽ ഇന്ന് എന്ത് സംഭവിക്കുമായിരുന്നു?. രാജ്യത്ത് ഏഴ് കമ്പനികളാണ് വാക്‌സിൻ നിർമ്മിക്കുന്നത്. മൂന്ന് വാക്‌സിനുകളുടെ നിർമ്മാണ പ്രവർത്തനങ്ങൾ അന്തിമ ഘട്ടത്തിലാണ്.

വരും ദിവസങ്ങളിൽ വാക്‌സിൻ ഉത്പാദനവും വിതരണവും വർദ്ധിപ്പിക്കുമെന്നും പ്രധാനമന്ത്രി പറഞ്ഞു.സ്വകാര്യ ആശുപത്രികൾക്ക് 150 രൂപവരെ മാത്രമേ വാക്‌സിന് ഈടാക്കാൻ കഴിയുകയുള്ളൂ. വാക്‌സിനേഷന്റെ ഗുണങ്ങളെക്കുറിച്ചുള്ള അവബോധം എല്ലാവരിലേക്കും എത്തിക്കണമെന്നും പ്രധാനമന്ത്രി ആവശ്യപ്പെട്ടു.

രാജ്യത്തെ അഭിസംബോധന ചെയ്ത് പ്രധാനമന്ത്രി സൗജന്യ വാക്സിൻ പ്രഖ്യാപിച്ചതിന് പിന്നാലെ പ്രധാനമന്ത്രിയുടെ തീരുമാനത്തെ സ്വാഗതം ചെയ്ത് കൊണ്ട് മുഖ്യമന്ത്രി പിണറായി വിജയൻ രംഗത്ത് വന്നു.

ജൂൺ 21 മുതൽ സംസ്ഥാനങ്ങൾക്ക് സൗജന്യമായി വാക്സിൻ നൽകുമെന്ന പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ  പ്രഖ്യാപനത്തെ സഹർഷം സ്വാഗതം ചെയ്യുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു സംസ്ഥാനങ്ങൾക്ക് സൗജന്യമായി വാക്സിൻ നൽകണമെന്നത് കേരളം ഏറെ നാളായി ഉന്നയിച്ചു വരുന്ന ആവശ്യമാണ് എന്ന് ചൂണ്ടിക്കാട്ടിയ മുഖ്യമന്ത്രി രാജ്യത്ത് കോവിഡ് മഹാമാരിക്കെതിരെ സാമൂഹിക പ്രതിരോധം സൃഷ്ടിക്കുന്നതിന് ഈ പുതിയ നയം വലിയ തോതിൽ സഹായകമാകും എന്ന് അഭിപ്രായപെട്ടു.

വാക്സിൻ വാങ്ങുന്നതിനായി സംസ്ഥാനങ്ങൾ വലിയ തുക ചെലവഴിക്കേണ്ട സാഹചര്യവും ഇതുവഴി ഒഴിവാക്കാൻ സാധിക്കും എന്ന് മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.

കോവിഡ്-19 മാനദണ്ഡങ്ങൾ ശക്തമായി പാലിച്ചുകൊണ്ട് രോഗപ്രതിരോധത്തിൻ്റെ മുൻ നിരയിൽ കേരളം ഉണ്ടാകുമെന്ന് ഈ അവസരത്തിൽ ഒരിക്കൽ കൂടി ഉറപ്പു നൽകുകയാണ്. ഉചിതമായ തീരുമാനം കൈക്കൊണ്ടതിൽ പ്രധാനമന്ത്രിയോട് ഹൃദയപൂർവം നന്ദി പറയുന്നു എന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.

 

 

Kerala CM Thanks To PM Modi