പുതുവത്സരത്തിൽ തീർത്ഥാടകരെ ആകർഷിച്ച് കാശി വിശ്വനാഥ ക്ഷേത്ര ഇടനാഴി

Kashi Vishwanath Temple has become a popular tourist destination

0

ലക്‌നൗ : രാജ്യമെമ്പാടുമുള്ള തീർത്ഥാടകരുടെ ആകർഷക കേന്ദ്രമായി മാറി കാശി വിശ്വനാഥ ക്ഷേത്രം. പുതുവത്സര ദിനമായ ശനിയാഴ്ച റെക്കോർഡ് ആളുകളാണ് കാശിവിശ്വനാഥ ക്ഷേത്രത്തിൽ എത്തിയത്.

അടുത്തിടെ പ്രധാനമന്ത്രി നരേന്ദ്രമോദി ഉദ്ഘാടനം ചെയ്ത കാശിവിശ്വനാഥ ക്ഷേത്ര ഇടനാഴിയാണ് ആളുകളെ ഇവിടേക്ക് ആകർഷിക്കുന്നത്.വിനോദ സഞ്ചാരികളുടെ ഒഴുക്കു കണ്ട് ക്ഷേത്ര അധികൃതർപോലും അമ്പരന്നിരിക്കുകയാണ്.

പുതുവത്സരത്തിൽ ഒരു ലക്ഷം പേർ ഇവിടേക്ക് എത്തുമെന്നായിരുന്നു അധികൃതരുടെ വിലയിരുത്തൽ. വരും ദിവസങ്ങളിൽ കാശി സന്ദർശിക്കുന്ന തീർത്ഥാടകരുടെ എണ്ണത്തിൽ വർദ്ധനവ് ഉണ്ടാകുമെന്നും കണക്കാക്കുന്നു.

പുതുവത്സര ദിനത്തിൽ അഞ്ച് ലക്ഷം ആളുകളാണ് കാശിവിശ്വനാഥ ക്ഷേത്രത്തിൽ എത്തിയത്. ചരിത്രത്തിൽ ആദ്യമായാണ് ഇവിടേയ്‌ക്ക് ഇത്രയും കൂടുതൽ ആളുകൾ എത്തുന്നത്. പ്രധാന ആഘോഷമായ മഹാശിവരാത്രി ദിനത്തിൽ പരമാവധി രണ്ടര ലക്ഷം പേരാണ് കാശി സന്ദർശിക്കാറുള്ളത്.

വിശ്വനാഥ ക്ഷേത്ര ഇടനാഴിയ്‌ക്ക് ലഭിച്ച ജനപ്രീതിയാണ് കാശിയിലേക്കുള്ള വിനോദസഞ്ചാരികളുടെ ഒഴുക്കിന് കാരണം എന്ന് ക്ഷേത്ര അധികൃതർ പറഞ്ഞു.

ക്ഷേത്ര ഇടനാഴിയെക്കുറിച്ചുള്ള വാർത്തകൾ ആളുകളിൽ വലിയ ആകാംഷയുണ്ടാക്കിയിട്ടുണ്ട്. ഇതിന്റെ ഫലമായാണ് ഉത്സവകാലമല്ലാതിരുന്നിട്ടും ഇവിടേക്ക് ആളുകൾ എത്തിയതെന്നും അധികൃതർ കൂട്ടിച്ചേർത്തു.

Kashi Vishwanath Temple has become a popular tourist destination